മുംബൈ: ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന രേഖപ്പെടുത്തി. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.53 ലക്ഷം കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. എയര്‍ടെല്‍, ഇന്‍ഫോസിസ്, ടിസിഎസ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.
തുടര്‍ച്ചയായി അഞ്ചാം ആഴ്ചയും ബിഎസ്ഇ സെന്‍സെക്‌സ് നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ 1279 പോയിന്റിന്റെ നേട്ടമാണ് സെന്‍സെക്‌സ് കൈവരിച്ചത്. വെള്ളിയാഴ്ച 82,365 എന്ന സര്‍വകാല റെക്കോര്‍ഡിലായിരുന്നു സെന്‍സെക്സ് ക്ലോസ് ചെയ്തത്. കഴിഞ്ഞയാഴ്ച ഭാരതി എയര്‍ടെലിന്റെ മാത്രം വിപണി മൂല്യത്തില്‍ 47,194 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ എയര്‍ടെലിന്റെ മൊത്തം വിപണി മൂല്യം 9,04,587 കോടിയായി ഉയര്‍ന്നു.
ഇന്‍ഫോസിസിന്റെ വിപണി മൂല്യം 8,06,880 കോടിയായാണ് ഉയര്‍ന്നത്. കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ 33,611 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ടിസിഎസ് 31,784 കോടി, ഐസിഐസിഐ ബാങ്ക് 18,734 കോടി, റിലയന്‍സ് 13,396 കോടി, എച്ച്ഡിഎഫ്സി ബാങ്ക് 5600 എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. അതേസമയം ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണി മൂല്യത്തില്‍ ഇടിവ് നേരിട്ടു. 8411 കോടിയുടെ ഇടിവോടെ വിപണി മൂല്യം 6,52,739 കോടിയായി താഴ്ന്നു.