ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്; സെന്‍സെക്‌സ് 84,400 പോയിന്റ് പിന്നിട്ടു

ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയിലെ നേട്ടം നിഫ്റ്റി ബാങ്ക് സൂചികയെ റെക്കോഡ് ഉയരത്തിലെത്തിച്ചു.

author-image
anumol ps
New Update
stock market

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

മുംബൈ: വന്‍ കുതിപ്പില്‍ ഇന്ത്യന്‍ ഓഹരി വിപണി. സെന്‍സെക്സ് 1,300 പോയന്റ് ഉയര്‍ന്ന് 84,400 എന്ന റെക്കോഡ് ഉയരത്തിലെത്തി. നിഫ്റ്റിയാകട്ടെ 25,800 പിന്നിടുകയും ചെയ്തു. ഇതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൊത്തം വിപണി മൂല്യം 5.6 ലക്ഷം കോടി വര്‍ധിച്ച് 471 ലക്ഷം കോടിയിലെത്തി. നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചപ്പോള്‍ ആഗോള വിപണികളുടെ ചുവട് പിടിച്ചാണ് ഇന്ത്യന്‍ വിപണികള്‍ നേട്ടം കൊയ്തത്.

ആഗോള വിപണികളിലും നേട്ടം പ്രകടമാണ്. ഡൗ ജോണ്‍സ് ഇതാദ്യമായി 42,000 പിന്നിട്ടു. എസ്ആന്‍പി സൂചികയും റെക്കോഡ് ഉയരംകുറിച്ചു. ജപ്പാന്റെ നിക്കി രണ്ട് ശതമാനത്തിലധികം നേട്ടത്തിലാണ്.

ഫെഡ് റിസര്‍വ് ഈ വര്‍ഷം വീണ്ടും നിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലാണ് സൂചികകളില്‍ പ്രതിഫലിച്ചത്. ഫെഡിന്റെ തീരുമാനം റിസര്‍വ് ബാങ്കിനെയും സ്വാധീനിച്ചേക്കാമെന്ന നിരീക്ഷണം രാജ്യത്തെ സൂചികകള്‍ ഏറ്റെടുത്തു. ഡിസംബറിലെ പണനയ യോഗത്തില്‍ നിരക്ക് കുറച്ചേക്കുമെന്ന് വിദഗ്ധര്‍ നിരീക്ഷിക്കുന്നു.

ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയിലെ നേട്ടം നിഫ്റ്റി ബാങ്ക് സൂചികയെ റെക്കോഡ് ഉയരത്തിലെത്തിച്ചു. ജൂലായില്‍ 1.5ശതമാനവും ഓഗസ്റ്റില്‍ 0.4ശതമാനവും താഴ്ന്ന സൂചിക സെപ്റ്റംബറില്‍ ഇതുവരെ നാല് ശതമാനത്തിലധികം ഉയര്‍ന്നു. കഴിഞ്ഞ രണ്ട് വ്യാപാര ദിനങ്ങളില്‍ തിരിച്ചടി നേരിട്ട മിഡ്, സ്മോള്‍ ക്യാപ് ഓഹരികളില്‍ വെള്ളിയാഴ്ച തിരിച്ചുവരവ് പ്രകടമായി.

stock market