/kalakaumudi/media/media_files/2025/02/22/jrVZRShEJER0pFm54k14.jpg)
കൊച്ചി: ടൂറിസം രംഗത്ത് കേരളത്തിന് വളരെ വലിയ സാധ്യതകളാണുള്ളതെന്ന് കേന്ദ്ര ടൂറിസം അഡീഷണല്‍ സെക്രട്ടറി സുമന്‍ ബില്ല. കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള സമ്മിറ്റില്‍ ടൂറിസവുമായി ബന്ധപ്പെട്ട സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്ക്ക് ടൂറിസം രംഗം വളരെ വലുതാണ്. ഈ അവസരങ്ങളെ കൃത്യമായി വിനിയോഗിക്കാന്‍ നിക്ഷേപകരെ പ്രാപ്തരാക്കുകയെന്ന ജോലിയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
ടൂറിസം മേഖലയില്‍ നിക്ഷേപിക്കുമ്പോള്‍ ഭാവി കൂടി മുന്നില്‍ കണ്ടുള്ളതാണ്. ഇല്ലെങ്കില്‍ തിരിച്ചടിയുണ്ടാകും. രാജ്യത്തിന്റെ ടൂറിസം സാധ്യതകളുടെ പകുതി പോലും ഇതുവരെ ഉപയോഗിച്ചിട്ടില്ല. ഹോട്ടല്‍ ഇന്‍ഡസ്ട്രി അടക്കം വളരുകയാണ്. എന്നാല്‍ ഇനിയും മുന്നോട്ടു പോകാനുണ്ട്. ഇന്‍ഡസ്ട്രി വളരുന്നതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങളും വരുമാനവും കൊണ്ടുവരാന്‍ സാധിക്കുമെന്ന് ബില്ല വ്യക്തമാക്കി.
ടൂറിസം രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് കേന്ദ്രം ഊന്നല്‍ നല്‍കുന്നത്. സംസ്ഥാനങ്ങളും ടൂറിസത്തിന് വലിയ പ്രാധാന്യം നല്‍കുന്നതിന്റെ തെളിവാണ് ഗുജറാത്തിന്റെ ബജറ്റ്.
ഇത്തവണ അവര്‍ ടൂറിസം മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റുമായി മാറ്റിവച്ചിരിക്കുന്നത് 6,500 കോടി രൂപയിലധികമാണ്. അത്രയേറെ പ്രാധാന്യം ഈ മേഖലയ്ക്ക് നല്‍കുന്നതിന്റെ തെളിവാണിത്. ഉത്തര്‍പ്രദേശും മഹാരാഷ്ട്രയും ടൂറിസത്തിനായി 5,000 കോടി രൂപയിലധികം ബജറ്റില്‍ മാറ്റിവച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ ടൂറിസം രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തുന്നത് രാജ്യത്തിനും ഗുണകരമാണ്.
ഇന്ത്യയുടെ ജി.ഡി.പിയുടെ 5.04 ശതമാനമാണ് ടൂറിസം മേഖലയുടെ സംഭാവന. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ഇത് ഇരട്ടിയാകും. കൂടുതല്‍ തൊഴിലവസരങ്ങളും ഇതിനൊപ്പം സംഭവിക്കും. അടുത്ത അഞ്ചുവര്‍ഷത്തിനിടെ മേഖലയില്‍ 77 ലക്ഷം തൊഴിലസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഏവിയേഷന്‍, റെയില്‍വേ കണക്ടിവിറ്റിയില്‍ രാജ്യം നടത്തുന്ന കുതിച്ചുചാട്ടം ആത്യന്തികമായി ടൂറിസം മേഖലയ്ക്കും ഗുണം ചെയ്യുന്നുണ്ട്.
മൂന്നാര്‍, ഷിംല പോലുള്ള പരമ്പരാഗത ടൂറിസം കേന്ദ്രങ്ങള്‍ക്ക് പകരമായി കൂടുതല്‍ കേന്ദ്രങ്ങളെ സൃഷ്ടിച്ചെടുക്കേണ്ടത് ആവശ്യമാണ്. ഇത്തരം ടൂറിസം കേന്ദ്രങ്ങള്‍ അവയ്ക്ക് താങ്ങാവുന്നതിന്റെ ഉയര്‍ന്ന അളവിലാണ് വിനോദസഞ്ചാരികളെ ഉള്‍ക്കൊള്ളുന്നത്. പ്രാദേശികവാസികള്‍ക്ക് ഉള്‍പ്പെടെ അസ്വസ്ഥത സൃഷ്ടിക്കാന്‍ ഇതു കാരണമാകും. ഇവിടെയാണ് സൗദി അറേബ്യയെ മാതൃകയാക്കേണ്ടത്. ചുരുങ്ങിയ കാലംകൊണ്ട് ആറോളം പുതിയ ടൂറിസം കേന്ദ്രങ്ങളാണ് സൗദി നിര്‍മിച്ചതെന്ന് ബില്ല ചൂണ്ടിക്കാട്ടി.
കേരള ടൂറിസത്തിന് കണക്ടിവിറ്റി വലിയ അനുഗ്രഹമാണ്. ഗള്‍ഫ് മേഖലയുമായുള്ള കണക്ടിവിറ്റി കൂടുതല്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ ചീഫ് സെക്രട്ടറി വി. വേണു, ഇന്ത്യന്‍ ഹോട്ടല്‍സ് ഏരിയ ഡയറക്ടര്‍ ലളിത് വിശ്വകുമാര്‍, ഐ.സി.ആര്‍.ടി ഗ്ലോബല്‍ ഡയറക്ടര്‍ മനീഷ പാണ്ഡെ, ദ്രാവിഡിയന്‍ ഹോളിഡെയ്സ് എം.ഡി എസ്. സ്വാമിനാഥന്‍ എന്നിവരും രാവിലെ നടന്ന പാനല്‍ സെഷനില്‍ പങ്കെടുത്തു.