/kalakaumudi/media/media_files/2025/03/08/GVBczG7C9usBSH0IBx2b.jpg)
Representational Image
ന്യൂഡല്‍ഹി: സ്വിഗ്ഗിയുടെ ട്രെയിന്‍ ഫുഡ് ഡെലിവറി വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. ഐആര്‍സിടിസിയുമായി സഹകരിച്ചുള്ള ഡെലിവറി സ്വഗ്ഗി കേരളത്തിലെ ഉള്‍പ്പെടെ 20 സംസ്ഥാനങ്ങളില്‍ വ്യാപിപ്പിക്കുകയാണ്. കണ്‍ഫേം ടിക്കറ്റുമായി യാത്ര ചെയ്യുന്നവര്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം സ്റ്റേഷനില്‍ വച്ച് സീറ്റിലെത്തിച്ചു നല്‍കുന്ന സംവിധാനമാണ് സ്വിഗ്ഗി ട്രെയിന്‍ ഡെലിവറി. 60,000 ബ്രാന്‍ഡുകളുടെ 70 ലക്ഷം ഭക്ഷണസാധനങ്ങള്‍ ആപ് വഴി ബുക്ക് ചെയ്യാനാവുമെന്ന് സ്വിഗ്ഗി അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് സ്വിഗ്ഗി, ഐആര്‍സിടിസി ആപ്പുകള്‍ വഴി ഭക്ഷണം ബുക്ക് ചെയ്യാം. പിഎന്‍ആര്‍ നമ്പര്‍ ഉണ്ടെങ്കില്‍ മാത്രമേ ഓര്‍ഡര്‍ ചെയ്യാനാകു. ശേഷം സ്വിഗ്ഗി നിങ്ങളുടെ ട്രെയിന്‍ ട്രാക്ക് ചെയ്യുകയും ഏറ്റവും അടുത്ത സ്റ്റേഷനില്‍ ഭക്ഷണം സീറ്റിലെത്തിച്ചു നല്‍കുകയും ചെയ്യും. ട്രെയിന്‍ യാത്രക്കാര്‍ക്ക് പ്രത്യേക പാക്കേജിലാണ് ഭക്ഷണമെത്തുക. ട്രെയിന്‍ വൈകുകയോ, സ്വിഗ്ഗിക്ക് ഡെലിവറി നല്‍കാന്‍ പറ്റാതിരിക്കുകയോ ചെയ്താല്‍ മുഴുവന്‍ തുകയും തിരികെ ലഭിക്കും വിധമാണ് ക്രമീകരണം. നിലവില്‍ രാജ്യത്തെ 59 സ്റ്റേഷനുകളിലാണ് സ്വിഗ്ഗി ഡെലിവറി ഉള്ളത്.