ബോംബെ ഹൗസിന്റെ പടിയിറങ്ങാന്‍ ഷാപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ്

വലിയ ബാധ്യതകളില്‍ നില്‍ക്കുന്ന എസ്പി ഗ്രൂപ്പിന് ഇത് വലിയൊരു അനുഗ്രഹമായിരിക്കും.

author-image
Jayakrishnan R
New Update
tata

tata

മുംബൈ : ഇന്ത്യന്‍ വ്യവസായരംഗത്തെ നൂറ്റാണ്ടു പിന്നിട്ട ടാറ്റ ബന്ധം അവസാനിപ്പിച്ച് ഷാപൂര്‍ജി പല്ലോന്‍ജി (എസ്പി) ഗ്രൂപ്പ് ബോംബെ ഹൗസിന്റെ പടിയിറങ്ങുന്നു. ടാറ്റ സംരംഭങ്ങളുടെ മാതൃകമ്പനിയായ ടാറ്റ സണ്‍സില്‍ 18.37% ഓഹരികളുള്ള എസ്പി ഗ്രൂപ്പാണ് ടാറ്റ സണ്‍സിലെ ഏറ്റവും വലിയ വ്യക്തിഗത നിക്ഷേപകര്‍. ഈ ഓഹരികള്‍ ടാറ്റ സണ്‍സിനു കൈമാറും. ഇതില്‍ നിന്നു നിര്‍മാണ മേഖലയിലെ വലിയ സംരംഭകരായ എസ്പി ഗ്രൂപ്പിന് 1.5 മുതല്‍ 1.8 ലക്ഷം കോടി വരെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

വലിയ ബാധ്യതകളില്‍ നില്‍ക്കുന്ന എസ്പി ഗ്രൂപ്പിന് ഇത് വലിയൊരു അനുഗ്രഹമായിരിക്കും. ടാറ്റയ്ക്കാകട്ടെ, ഇടക്കാലത്ത് ചില തലവേദനകള്‍ സൃഷ്ടിച്ച ഗ്രൂപ്പ് ഒഴിയുന്നതിന്റെ ആശ്വാസവും. ടാറ്റ സണ്‍സിന്റെ മുന്‍ ചെയര്‍മാനായ സൈറസ് മിസ്ത്രിയുടെ മുത്തച്ഛനായ ഷാപൂര്‍ജി മിസ്ത്രിയുടെ കാലത്താണ് എസ്പി ഗ്രൂപ്പ് ടാറ്റ സണ്‍സുമായി ബന്ധം തുടങ്ങുന്നത്. 1920ല്‍ സാമ്പത്തികമാന്ദ്യ കാലത്തു ടാറ്റക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ മൂലധനം ആവശ്യമായി വന്നു. ഈ ഘട്ടത്തില്‍ ഷാപൂര്‍ജി മിസ്ത്രി ടാറ്റക്ക് സാമ്പത്തിക സഹായം നല്‍കി. അത് പിന്നീട് എസ്പി ഗ്രൂപ്പിന്റെ ടാറ്റ സണ്‍സിലെ ഓഹരികളാക്കി മാറ്റി. ക്രമേണ ഗ്രൂപ്പ് ഓഹരി വിഹിതം ഉയര്‍ത്തി.

രത്തന്‍ ടാറ്റയുമായി ഇടഞ്ഞ സൈറസ് മിസ്ത്രിയെ ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നു മാറ്റിയതോടെ 2 ഗ്രൂപ്പുകളും മാനസികമായി അകന്നു. 2020ല്‍ എസ്പി ഗ്രൂപ്പ് ടാറ്റ സണ്‍സ് വിടുകയാണെന്നു പ്രഖ്യാപിച്ചു. ഓഹരികള്‍ വില്‍ക്കാനും നീക്കം നടന്നു. എന്നാല്‍ ടാറ്റ സണ്‍സിലേക്ക് പുറത്തു നിന്നാരും വരുന്നതില്‍ താല്‍പര്യമില്ലാതിരുന്ന ടാറ്റ ആ നീക്കം തടഞ്ഞു. ഓഹരികള്‍ തങ്ങള്‍ക്കു തന്നെ കൈമാറാന്‍ സമ്മതിച്ചതോടെ, ടാറ്റ സണ്‍സ് എസ്പി ഗ്രൂപ്പിന്റെ പിന്മാറ്റത്തിന് പച്ചക്കൊടി കാണിച്ചിരിക്കുകയാണ്.

buisness