എയര്‍ ഇന്ത്യ പ്രതിസന്ധി; മുന്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിംഗ് ഖരോള ടാറ്റാ സണ്‍സിലേക്ക്

കഴിഞ്ഞ വര്‍ഷം നടന്ന ബോയിംഗ് 787 വിമാനാപകടത്തെത്തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ കടുത്ത നിരീക്ഷണത്തിലാണ്. പല നിര്‍ണായക ഘട്ടങ്ങളിലും സര്‍ക്കാരുമായുള്ള ആശയവിനിമയം കൃത്യമായിരുന്നില്ല എന്ന വിലയിരുത്തല്‍ ടാറ്റാ മാനേജ്‌മെന്റിനുണ്ട്.

author-image
Biju
New Update
pradeep singh

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി, മുന്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിംഗ് ഖരോളയെ ടാറ്റാ സണ്‍സ് ഉപദേശകനായി നിയമിക്കുന്നു. 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഖരോള, സര്‍ക്കാരുമായുള്ള ആശയവിനിമയത്തിലും നിയന്ത്രണ ഏജന്‍സികളുമായുള്ള ഇടപാടുകളിലും പ്രധാന പങ്ക് വഹിക്കുമെന്നാണ് കരുതപ്പെടുന്നത്.

നിലവിലെ സിഇഓ ക്യാംബെല്‍ വില്‍സണ് പകരം പുതിയൊരാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ടാറ്റ ഗ്രൂപ്പ് നേരത്തെ തന്നെ തുടങ്ങിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ എയര്‍ ഇന്ത്യയ്ക്കും അനുബന്ധ സ്ഥാപനമായ എയര്‍ ഇന്ത്യ എക്‌സ്പ്രസിനും ഡിജിസിഎ നിരവധി കാരണം കാണിക്കല്‍ നോട്ടീസുകള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ബോയിംഗ് 787 വിമാനാപകടത്തെത്തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ കടുത്ത നിരീക്ഷണത്തിലാണ്. പല നിര്‍ണായക ഘട്ടങ്ങളിലും സര്‍ക്കാരുമായുള്ള ആശയവിനിമയം കൃത്യമായിരുന്നില്ല എന്ന വിലയിരുത്തല്‍ ടാറ്റാ മാനേജ്‌മെന്റിനുണ്ട്. ഇത് പരിഹരിക്കാന്‍ ഖരോളയുടെ അനുഭവം സഹായിക്കും.

2019 മുതല്‍ 2021 വരെ സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയായിരുന്ന ഖരോളയാണ് എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണ നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. നേരത്തെ അദ്ദേഹം എയര്‍ ഇന്ത്യയുടെ ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരനാണ് ഇദ്ദേഹത്തെ നേരിട്ട് തിരഞ്ഞെടുത്തത്. എയര്‍വര്‍ത്തിനസ് പെര്‍മിറ്റ് ഇല്ലാതെ വിമാനം പറത്തിയതിന് എയര്‍ ഇന്ത്യയ്ക്ക് അടുത്തിടെ പിഴ ചുമത്തിയിരുന്നു.പാകിസ്ഥാന്‍ വ്യോമപാത നിരോധിച്ചതിനെത്തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാന്‍ ചൈനീസ് വ്യോമപാത ഉപയോഗിക്കാന്‍ എയര്‍ ഇന്ത്യ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

എയര്‍ ഇന്ത്യയുടെ എതിരാളിയായ ഇന്‍ഡിഗോയും  സമാനമായ രീതിയില്‍ മുന്‍ ബ്യൂറോക്രാറ്റുകളെ ഉന്നത തസ്തികകളില്‍ നിയമിച്ചിട്ടുണ്ട്.