/kalakaumudi/media/media_files/2025/08/13/jlbh-2025-08-13-17-01-02.jpg)
പാലക്കാട്: കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരണ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെ വീണ്ടും അഭിമാനകരമായ നേട്ടവുമായി ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബെമ്ല്‍). അത്യാധുനിക ലിങ്ക്-ഹോഫ്മാന്‍-ബുഷ് പാസഞ്ചര്‍ ട്രെയിന്‍ കോച്ചുകള്‍ (എല്‍എച്ച്ബി) നിര്‍മിക്കാന്‍ ഇന്ത്യന്‍ റെയില്‍വേയുടെ 1888 കോടി രൂപയുടെ കരാര്‍ ബെമ്ലിനു ലഭിച്ചു. 15 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണു നിര്‍ദേശം. കൂടുതല്‍ കോച്ചുകളും പാലക്കാട് കഞ്ചിക്കോട് പ്ലാന്റിലായിരിക്കും നിര്‍മിക്കുകയെന്നാണു വിവരം.
പഴയ ജനറല്‍, സ്ലീപ്പര്‍ കോച്ചുകള്‍ മാറ്റി 45,000 പുതിയ എല്‍എച്ച്ബി കോച്ചുകള്‍ നിര്‍മിക്കാനാണു റെയില്‍വേ തീരുമാനം. നേരത്തെ ബെമ്ലില്‍ റെയില്‍വേക്കായി 10 എല്‍എച്ച്ബി കോച്ചുകള്‍ നിര്‍മിച്ചു നല്‍കിയിരുന്നു. ഇതോടെയാണു ബെമ്ലിനെ തേടി കൂടുതല്‍ ഓര്‍ഡറുകള്‍ എത്തിയത്.
ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിക്കാണ് (ഐസിഎഫ്) ബെമ്ലില്‍ നിര്‍മിക്കുന്ന പുതിയ എല്‍എച്ച്ബി കോച്ചുകള്‍ കൈമാറുക. കേന്ദ്ര സര്‍ക്കാരിന്റെ 'മെയ്ക് ഇന്‍ ഇന്ത്യമേക്ക് ഫോര്‍ ദ് വേള്‍ഡ്' പദ്ധതിയുടെ ഭാഗമാണിത്. 1.6 കോടി മുതല്‍ 2 കോടി രൂപ വരെയാണ് ഓരോ കോച്ചിനും വില. സുരക്ഷിതവും സുഗമവുമായ യാത്ര ലക്ഷ്യമാക്കി ആധുനിക രീതിയില്‍ നിര്‍മിക്കുന്ന പാസഞ്ചര്‍ കോച്ചുകളാണ് എല്‍എച്ച്ബി (ലിങ്ക്-ഹോഫ്മാന്‍-ബുഷ്) കോച്ചുകള്‍.