സിയാല്‍ എയ്‌റോപാര്‍ക്ക് പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം ഇന്ന്

കൊച്ചി വിമാനത്താവളത്തിലെ 36 ഏക്കറിൽ 101 കോടി രൂപ ചെലവിൽ നിർമിക്കുന്ന ആറ് പദ്ധതികളാണ് എയ്‌റോപാർക്കിന്റെ ഭാഗമാകുന്നത്.പൂർത്തിയാക്കിയ മൂന്ന് പദ്ധതികളും ഉടൻ പ്രവർത്തനം ആരംഭിക്കുന്ന മറ്റു മൂന്ന് പദ്ധതികളും ഉൾപ്പെട്ടതാണ് ഒന്നാംഘട്ടം

author-image
Devina
New Update
bisi

കൊച്ചി: സിയാൽ എയ്‌റോപാർക്ക് പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം ഇന്ന്. രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി നാടിന് സമർപ്പിക്കും. വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനാകുന്ന ചടങ്ങിൽ റവന്യുമന്ത്രി കെ രാജൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ എന്നിവർ മുഖ്യാതിഥികളാകും.

കൊച്ചി വിമാനത്താവളത്തിലെ 36 ഏക്കറിൽ 101 കോടി രൂപ ചെലവിൽ നിർമിക്കുന്ന ആറ് പദ്ധതികളാണ് എയ്‌റോപാർക്കിന്റെ ഭാഗമാകുന്നത്. പൂർത്തിയാക്കിയ മൂന്ന് പദ്ധതികളും ഉടൻ പ്രവർത്തനം ആരംഭിക്കുന്ന മറ്റു മൂന്ന് പദ്ധതികളും ഉൾപ്പെട്ടതാണ് ഒന്നാംഘട്ടം. വിമാനത്താവളത്തിന്റെ അനുബന്ധ വ്യവസായങ്ങൾ, ആധുനിക സുരക്ഷാ പരിശീലനകേന്ദ്രങ്ങൾ, സാങ്കേതിക വിഭാഗങ്ങൾ എന്നിവയെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതാണ് ബൃഹദ് പദ്ധതി.

30 കോടി രൂപ ചെലവിൽ 40,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ച സിഐഎഎസ്എൽ ബിസിനസ് സെന്ററാണ് ഇതിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം. വിമാനത്താവള കമ്പനിയുടെ കീഴിൽ നേരിട്ട് പ്രവർത്തിക്കുന്ന ഇന്ത്യയിലെതന്നെ അപൂർവമായ പ്രീമിയം കോ-വർക്കിങ് സ്‌പേസിൽ നാനൂറിലധികംപേർക്ക് ഒരേസമയം ജോലിചെയ്യാനും മുപ്പതോളം കമ്പനികൾക്ക് പ്രവർത്തിക്കാനുമുള്ള അത്യാധുനിക സൗകര്യങ്ങളുണ്ട്.

സിയാലിനെ സാങ്കേതികമായി സ്വയംപര്യാപ്തമാക്കുന്നതിനായി 13 കോടി രൂപ ചെലവിൽ സജ്ജമാക്കിയ ടെക്‌നിക്കൽ സർവീസസ് ഫെസിലിറ്റിയും രാജ്യത്തെ ഏറ്റവും വലിയ ഏവിയേഷൻ ബ്രീത്തിങ് അപ്പാരറ്റസ് ട്രെയിനിങ് ഗാലറിയുമാണ് പൂർത്തിയാക്കിയ മറ്റു പദ്ധതികൾ. 800 ചതുരശ്ര അടിയിൽ മെയ്സ് മാതൃകയിൽ നിർമിച്ച പരിശീലനസംവിധാനം വഴി, അഗ്‌നി രക്ഷാസേനാംഗങ്ങൾക്ക് അതീവ ദുഷ്‌കരമായ സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ വിദഗ്ധ പരിശീലനം നൽകും.

40 കോടി രൂപ മുതൽമുടക്കിൽ നിർമിക്കുന്ന കേരളത്തിലെ ആദ്യ കവേർഡ് എയർക്രാഫ്റ്റ് പാർക്കിങ് സൗകര്യത്തോടുകൂടിയ ഹാങ്ങർ, എട്ടുകോടി രൂപ ചെലവിൽ നിർമിക്കുന്ന ഏവിയേഷൻ പ്രഷർ-ഫെഡ് ഫയർ ഫൈറ്റിങ് സംവിധാനം, മൂന്നുകോടി രൂപയുടെ അണ്ടർ വാട്ടർ റെസ്‌ക്യു ട്രെയിനിങ് സംവിധാനം എന്നിവ സിയാൽ എയ്‌റോപാർക്കിൽ ഉടൻ പ്രവർത്തനം ആരംഭിക്കും.