പ്രവര്‍ത്തന മികവിന്റെ സുവര്‍ണ്ണകാലവുമായി മില്‍മ

പ്രവര്‍ത്തന മികവിനൊപ്പം അഭിമാനാര്‍ഹമായ നിരവധി അംഗീകാരങ്ങളും ഇക്കാലയളവില്‍ മലബാര്‍ മില്‍മയെ തേടിവന്നു. വാര്‍ഷിക വിറ്റു വരവില്‍ പടിപടിയായി വളര്‍ച്ച കൈവരിച്ചു.

author-image
Punnya
New Update
MALABAR MILMA

MALABAR MILMA

കോഴിക്കോട്: പിന്നിട്ട അഞ്ചു വര്‍ഷം മലബാര്‍ മില്‍മയ്ക്ക് നേട്ടങ്ങളുടെ സുവര്‍ണ്ണകാലം. പ്രവര്‍ത്തന മികവിനൊപ്പം അഭിമാനാര്‍ഹമായ നിരവധി അംഗീകാരങ്ങളും ഇക്കാലയളവില്‍ മലബാര്‍ മില്‍മയെ തേടിവന്നു. വാര്‍ഷിക വിറ്റു വരവില്‍ പടിപടിയായി വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ വാര്‍ഷിക വിറ്റു വരവില്‍ 48ശതമാനം വര്‍ധനയാണുള്ളത്. 1069.55 കോടിയില്‍ നിന്നും 1581.23 കോടിയായി വിറ്റുവരവുയര്‍ന്നു. 2019-20 സാമ്പത്തിക വര്‍ഷം മുതല്‍ 2023-24 സാമ്പത്തിക വര്‍ഷം വരെ 5091.7കോടി രൂപയാണ് മലബാര്‍ മില്‍മ പാല്‍വിലയായി ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീര സംഘങ്ങള്‍ മുഖേന നല്‍കിയത്. 2019ല്‍ 868.3 കോടി പാല്‍വിലയായി നല്‍കിയിരുന്ന സ്ഥാനത്ത് 2024ല്‍ നല്‍കുന്നത് 1145.5 കോടിരൂപയാണ്. 
അധിക പാല്‍വിലയായി 110 കോടി രൂപയാണ് കഴിഞ്ഞ അഞ്ചു വര്‍ഷം ക്ഷീര കര്‍ഷകര്‍ക്ക് കൈമാറിയത്.  2019 -20 സാമ്പത്തിക വര്‍ഷത്തില്‍ അധികപാല്‍വിലയായി നല്‍കിയത് 7.10 കോടിയായിരുന്നെങ്കില്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കിയത് 44.79 കോടിയാണ്. പ്രതിദിന പാല്‍ സംഭരണത്തില്‍ മലബാര്‍ മില്‍മയ്ക്ക്  4.47 ശതമാനം വര്‍ധന അഞ്ചു വര്‍ഷത്തിനിടയ്ക്കുണ്ടായി. സംസ്ഥാന തലത്തില്‍ ഇത് 0.22 ശതമാനം മാത്രമാണ്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 6,23,496 ലിറ്റര്‍ പാല്‍ സംഭരിച്ചിരുന്നത് 2023 -24 സാമ്പത്തിക വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ 6,51,339 ലിറ്ററായി വര്‍ധിച്ചു. പാല്‍ വില്‍പ്പനയിലും വന്‍ മുന്നേറ്റണാണ് മലബാര്‍ മില്‍മ നടത്തിയത്. 27.89 ശതമാനം വര്‍ദ്ധന  2018 -19ല്‍ 4,95,597 ലിറ്റര്‍ പാല്‍ വിറ്റഴിച്ച സ്ഥാനത്ത് ഇന്ന് വില്‍പ്പന നടത്തുന്നത് 6,33,830 ലിറ്ററാണ്. മൂല്യ വര്‍ദ്ധിത ഉത്പ്പന്നങ്ങളുടെ വിപണത്തിലൂടെ മികച്ച വിറ്റുവരവും മേഖലാ യൂണിയന് നേടാനായി. 295.78 കോടിയില്‍ നിന്ന്  417.2 കോടി രൂപയില്‍ എത്തി നില്‍ക്കുന്നു അഞ്ചു വര്‍ഷം പിന്നിട്ടപ്പോഴുള്ള കണക്ക്. നെയ്യ്, തൈര് എന്നീ മൂല്യ വര്‍ദ്ധിത ഉത്പ്പന്നങ്ങളാണ് വിപണനത്തില്‍ മികച്ച നേട്ടം കൈവരിച്ചത്. നെയ്  വില്‍പ്പന 18.87 ശതമാനവും തൈര് വില്‍പ്പന  26.43 ശതമാനവും  വര്‍ധിച്ചു. മില്‍മ നെയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ വന്‍ സ്വീകാര്യതയാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനകം ലഭിച്ചത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 169.53 ടണ്‍ നെയ്യാണ് മലബാര്‍ മില്‍മ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നത്. ഇത് നിലവില്‍ 238.79 ടണ്ണായി വര്‍ദ്ധിച്ചു. 40.88 കോടിയില്‍ നിന്ന് വിറ്റു വരവ് 83.56 കോടിയിലേക്ക് കുതിച്ചു. വളര്‍ച്ചയോടൊപ്പം തന്നെ അംഗീകാരങ്ങളുടേയും കാലമാണ് പിന്നിട്ട അഞ്ചു വര്‍ഷം. കേന്ദ്ര സര്‍ക്കാരിന്റെ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്, സീം അവാര്‍ഡ് 2022, വയനാട് ഡെയറിക്ക്  സീം നാഷണല്‍ എനര്‍ജി അവാര്‍ഡ് 2023 എന്നിവ ലഭിച്ചു. ഒപ്പം   ആയുര്‍വ്വേദ വെറ്ററിനറി മരുന്നുകള്‍ നിര്‍മ്മിക്കുന്ന മലബാര്‍ മില്‍മയുടെ ഉദ്യമത്തെ മന്‍കിബാത്തിലൂടെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു. ക്ഷീര കര്‍ഷകര്‍ക്ക് കുറഞ്ഞ ചിലവില്‍ ഫലപ്രദമായ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യം വച്ചാണ്  മില്‍മ ആയുര്‍വ്വേദ വെറ്ററിനറി മരുന്നു നിര്‍മാണ രംഗത്തേക്ക് പ്രവേശിച്ചത്. ഈ സദുദ്യമത്തെയാണ് പ്രധാനമന്ത്രി പ്രശംസിച്ചത്. രാജ്യത്ത് ഏറ്റവും ഗുണനിലവാരമുള്ള പാല്‍ സംഭരിക്കുന്നത് മലബാര്‍ മില്‍യാണെന്ന് ദേശീയ മൃഗസംരക്ഷണ വകുപ്പിന്റെ വെളിപ്പെടുത്തലുമുണ്ടായി. ഇത് മലബാര്‍ മില്‍മയുടെ നേട്ടങ്ങളുടെ പട്ടികയില്‍ മറ്റൊരു പൊന്‍തൂവലായി. മില്‍മ ഉത്പ്പന്നങ്ങളുടെ ലഭ്യത എല്ലായിടത്തും ഉറപ്പാക്കുന്നതിലും മുന്നേറിയ വര്‍ഷങ്ങളാണ് പിന്നിട്ടത്. ഫ്ളിപ്പ് കാര്‍ട്ട്,  ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ വിപണനം വിപുലീകരിച്ചു. ഒപ്പം വിദ്യാലയങ്ങളിലും വിമാനത്താവളങ്ങളിലും റെയില്‍വെ സ്റ്റേഷനുകളിലും ബിപിസിഎല്‍ പമ്പുകളിലുമുള്‍പ്പെടെ മില്‍മ  ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. എല്ലാ മില്‍മ ഉത്പ്പന്നങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കിയുള്ള മില്‍മ ഷോപ്പികളും പാര്‍ലറുകളും മില്‍മ ഡ്രൈവ് ഇന്‍ പാര്‍ലറുകളും നഗര ഗ്രാമാന്തരങ്ങളില്‍ ഇന്ന് സുലഭമാണ്. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ്, മലബാര്‍ ദേവസ്വം, ഇന്ത്യന്‍കോഫി ഹൗസ്, കെടിഡിസി തുടങ്ങിയ സഹകരണ സ്ഥാപനങ്ങള്‍ വഴിയും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴിയും മില്‍മ ഉത്പ്പന്നങ്ങളുടെ ലഭ്യതയും വിപണനവും ഉറപ്പാക്കിയിട്ടുണ്ട്. കാലികള്‍ക്കുള്ള തീറ്റച്ചിലവു കുറയ്ക്കാന്‍ ക്രിയാത്മകമായ ഇടപെടലുകളും ഇക്കാലയളവില്‍ ഉണ്ടായി.  48 കോടിയോളം രൂപ ഈയിനത്തില്‍ സബ്സിഡിയായി നല്‍കി.  കാലിത്തീറ്റ സബ്സിഡിയായി 25.44 കോടി രൂപയും തീറ്റപ്പുല്ല്, ചോളപ്പുല്ല്, സൈലേജ് എന്നിവയ്ക്ക് ് 22.38 കോടിയുമാണ് അഞ്ച് വര്‍ഷത്തിനകം സബ്സിഡിയായി നല്‍കിയത്. പശുക്കളെ വാങ്ങുന്നതിനായി പലിശരഹിത വായ്പയും മലബാര്‍ മേഖലാ യൂണിയന്‍ ലഭ്യമാക്കുന്നു. വിവിധതരം ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പാക്കി ക്ഷീര കര്‍ഷകനേയും ഉരുക്കളേയും സംരക്ഷിച്ചു നിര്‍ത്താനും സാധിച്ചു. കന്നുകാലി ഇന്‍ഷ്വറന്‍സ് സബ്സിഡി  ഇനത്തില്‍ മാത്രം 153.91 ലക്ഷം രൂപ ചിലവഴിച്ചു. 60314 കന്നുകാലികള്‍ക്ക് ഇതുവഴി പരിരക്ഷ ലഭിച്ചു. കാലാവസ്ഥാ വ്യതിയാനം കാരണം പാലളവ് കുറയുമ്പോള്‍ കര്‍ഷകന് പരിരക്ഷ ഉറപ്പാക്കുന്ന കാലാവസ്ഥാ വ്യതിയാന ഇന്‍ഷ്വറന്‍സ് പദ്ധതിയും നടപ്പാക്കി. രാജ്യത്തു തന്നെ ഇത്തരമൊരു പദ്ധതി ആദ്യമായി നടപ്പാക്കിയത് മലബാര്‍ മില്‍മയാണ്. ക്ഷീര കര്‍ഷക പെന്‍ഷെന്‍ ഉറപ്പാക്കുന്നതിനായി ക്ഷീര കര്‍ഷക ക്ഷേമ നിധിയിലേക്ക് 35 കോടി രൂപയും മലബാര്‍ മേഖലാ യൂണിയന്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ കൈമാറിയിട്ടുണ്ട്. ഇതിനു പുറമെ ക്ഷീര കര്‍ഷകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി കഴിഞ്ഞ അഞ്ചു വര്‍ഷം ധനസഹയമായി നല്‍കിയത് 652.82 ലക്ഷം രൂപയാണ്. പാവപ്പെട്ടക്ഷീര കര്‍ഷകര്‍ക്ക് വീടുവച്ചു നല്‍കുന്ന ക്ഷീര സദനം പദ്ധതി പ്രകാരം 23 വീടുകള്‍  നിര്‍മ്മിച്ചു നല്‍കി. 13 വീടുകളുടെ പണി പുരോഗമിക്കുന്നു.  ക്ഷീര സംഘം ജീവനക്കാരുടെ ക്ഷേമത്തിനു ക്ഷീര സംഘങ്ങളുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കും പദ്ധതികള്‍ നടപ്പാക്കി. ക്ഷീര സംഘങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 8.51 കോടിയാണ് അഞ്ചു വര്‍ഷത്തിനകം നല്‍കിയത്. ക്ഷീര സംഘം ജീവനക്കാര്‍ക്ക് കൈകാര്യ ചെലവിനായി 7കോടി രൂപയും.
ക്ഷീര കര്‍ഷകരുടെ ക്ഷേമത്തിനായി ക്ഷീര കാരുണ്യ ഹസ്ത പദ്ധതി, ക്ഷീര സുകന്യ പദ്ധതി, ക്ഷീര സുമംഗലി വിവാഹ സമ്മാനം, സുമനസ്സ് വിവാഹ സമ്മാനം എന്നിങ്ങനെ നിരവധി പദ്ധതികളും , അവയവമാറ്റത്തിനുള്ള ധനസഹായവും നല്‍കുന്നു. ഒപ്പം വിദ്യാര്‍ത്ഥികളായ ക്ഷീര കര്‍ഷകരുടെ മക്കള്‍ക്ക് പ്രോത്സാഹനമേകാന്‍ ഒട്ടേറെ പദ്ധതികളും നടപ്പാക്കി വരുന്നു. മലബാര്‍ മില്‍മയുടെ സഹോദര സ്ഥാപനമായ മലബാര്‍ റൂറല്‍ ഡവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍ വഴി വിപുലമായ ചാരിറ്റി പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. കിഡ്‌നി രോഗികളായ ക്ഷീര കര്‍ഷകര്‍ക്ക് ഡയാലിസിസിന് പ്രതിമാസം 1000 രൂപ വീതം എംആര്‍ഡിഎഫ് ധന സഹായം നല്‍കുന്നുണ്ട്. ഇതിനായി 192 ലക്ഷം രൂപയാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനകം നല്‍കിയത്. 
സൂപ്പര്‍റിച്ച് പാല്‍, പാലടപ്രഥമന്‍, ഇന്‍സ്റ്റന്റ് പനീര്‍ ബട്ടര്‍മസാല,  ഇന്‍സ്റ്റന്റ് പുളിശേരി, മില്‍മ ഗീ ചപ്പാത്തി, ഫണ്‍ബാര്‍, ഗീ  ബിസ്‌ക്കറ്റ്,  ഗീ കേക്ക്, കോഫി കേക്ക്,  ബട്ടര്‍ പ്ലം കേക്ക്, ബട്ടര്‍ പുഡ്ഡിംഗ് കേക്ക്,  പ്രോബയോട്ടിക് കേര്‍ഡ്,  പശുവിന്‍ പാല്‍, ലോംഗ് ലൈഫ് ഗോള്‍ഡ് (യുഎച്ച്ടി പാല്‍),  മില്‍മ ലൈറ്റ് (ഡബിള്‍ ടോണ്‍ഡ് യുഎച്ച്ടി പാല്‍, പാല്‍ഖോവ,  ഇഡ്ഡലി ദോശ മാവ്,  കട്ടിമോര്, അല്‍ഫോണ്‍സാ മാംഗോ യോഗര്‍ട്ട്, സെറ്റ് കേര്‍ഡ്,  മില്‍മ ഷുഗര്‍ ഫ്രീ യോഗര്‍ട്ട്, പനീര്‍ അച്ചാര്‍, മില്‍മ ബട്ടര്‍ ഡ്രോപ്സ്, റെഡി ടു ഡ്രിങ്ക് ഇന്‍സ്റ്റന്റ് പാലട പ്രഥമന്‍, ഒസ്മാനിയ ബട്ടര്‍ ബിസ്‌ക്കറ്റ്,   ബട്ടര്‍ കുക്കീസ്,  ഗോള്‍ഡല്‍ മില്‍ക്ക്, ഗോള്‍ഡന്‍ മില്‍ക്ക് മിക്സ്, ഐസി പോപ്പ്, എന്നിവയും 12 പുതിയ ഇനം ഐസ്‌ക്രീമുകളുമുള്‍പ്പെടെ അമ്പതോളം പുതിയ മൂല്യ വര്‍ദ്ധിത ഉത്പ്പന്നങ്ങളുടെ ബൃഹത്തായ ശ്രേണി തന്നെ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ മലബാര്‍ മില്‍മ പുറത്തിറക്കിയിട്ടുണ്ട്. മേഖലാ യൂണിയനു കീഴിലുള്ള ഡെയറികള്‍ നൂതന യന്ത്രങ്ങള്‍ സ്ഥാപിച്ച് ആധുനിക വത്ക്കരിച്ച്  കൂടുതല്‍ പ്രവര്‍ത്തന സജ്ജമാക്കാനും ഇക്കാലയളവില്‍ സാധിച്ചു. കേരള സര്‍ക്കാരിന്റെയും മലബാര്‍ മില്‍മയുടേയും അഭിമാന പദ്ധതിയായ പാല്‍പ്പൊടി നിര്‍മ്മാണ യൂണിറ്റിന്റെ നിര്‍മ്മാണം മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് പൂര്‍ത്തിയായി. 131.03 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. പാല്‍പ്പൊടി നിര്‍മ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം ഡിസംബര്‍ 24ന് വൈകിട്ട് 3.30ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

 

milma Growth