പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി

ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന എല്‍.പി.ജി വിലയില്‍ കമ്പനികള്‍ ഒരു വര്‍ധനയും വരുത്തിയിട്ടില്ല. ഇന്ന് കേന്ദ്രബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് വില വര്‍ധനയെന്നത് ശ്രദ്ധേയമാണ്

author-image
Biju
New Update
lpg

Representational Image

ന്യൂഡല്‍ഹി: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി എണ്ണ കമ്പനികള്‍. 19 കിലോയുള്ള സിലിണ്ടറിന്റെ വില 50 രൂപയാണ് എണ്ണ കമ്പനികള്‍ വര്‍ധിപ്പിച്ചത്. എന്നാല്‍, ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന എല്‍.പി.ജി വിലയില്‍ കമ്പനികള്‍ ഒരു വര്‍ധനയും വരുത്തിയിട്ടില്ല. ഇന്ന് കേന്ദ്രബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് വില വര്‍ധനയെന്നത് ശ്രദ്ധേയമാണ്.

ഇന്ത്യന്‍ ഓയില്‍ വെബ്‌സൈറ്റ് അനുസരിച്ച് വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയില്‍ 1,740.50 രൂപയാണ് വില. മുംബൈയില്‍ 1,692 രൂപയും കൊല്‍ക്കത്തയില്‍ 1,844 രൂപയുമാണ് വാണിജ്യ പാചകവാതക സിലിണ്ടര്‍ വില. കേരളത്തില്‍ എറണാകുളത്ത് 1747 രൂപയാണ് വില. നിലവില്‍ എല്ലാമാസവും ഒന്നാം തീയതിയാണ് എണ്ണ കമ്പനികള്‍ എല്‍.പി.ജി വിലയില്‍ മാറ്റം വരുത്തുന്നത്.എന്നാല്‍, ദീര്‍ഘകാലമായി എണ്ണ കമ്പനികള്‍ പെട്രോള്‍-ഡീസല്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.

അതേസമയം, കഴിഞ്ഞാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ എണ്ണവില ഉയര്‍ന്നിട്ടുണ്ട്. അഞ്ച് ശതമാനം വില വര്‍ധനവാണ് അന്താരാഷ്ട്ര വിപണിയില്‍ രേഖപ്പെടുത്തിയത്. 68.53 ഡോളറായാണ് വില ഉയര്‍ന്നത്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വില 5.1 ശതമാനം ഉയര്‍ന്നു. 64.33 ഡോളറായാണ് വില ഉയര്‍ന്നത്. മിഡില്‍ ഈസ്റ്റില്‍ ഉടലെടുത്ത സംഘര്‍ഷ സാഹചര്യമാണ് എണ്ണവില ഉയരാനുള്ള പ്രധാന കാരണം.