രാഷ്ട്രപതി ഒപ്പുവച്ചു; ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പുകളുടെ നിരോധനം നിയമമായി

400-ലധികം ഓണ്‍ലൈന്‍ റിയല്‍ മണി ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനം ബാധകമാകും. ഇ-സ്‌പോര്‍ട്‌സ്, സോഷ്യല്‍ ഗെയിമുകള്‍ എന്നിവയ്ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.

author-image
Biju
New Update
online

നൂഡല്‍ഹി : പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓണ്‍ലൈന്‍ ഗെയിമിംഗ് പ്രൊമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ബില്‍, 2025ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ അംഗീകാരം ലഭിച്ചു. ഇതോടെ ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍ നിയമമായി മാറി. ഈ നിയമം അനുസരിച്ച്, ഓണ്‍ലൈന്‍ മണി ഗെയിമുകള്‍ക്ക് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

400-ലധികം ഓണ്‍ലൈന്‍ റിയല്‍ മണി ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനം ബാധകമാകും. ഇ-സ്‌പോര്‍ട്‌സ്, സോഷ്യല്‍ ഗെയിമുകള്‍ എന്നിവയ്ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ പണം ഉപയോഗിച്ച് കളിക്കുന്ന എല്ലാ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും നിരോധനം ബാധകമാകും. ഓണ്‍ലൈന്‍ ഫാന്റസി സ്‌പോര്‍ട്‌സും ഓണ്‍ലൈന്‍ ലോട്ടറികളും നിരോധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.

റിയല്‍ മണി ഗെയിമുകളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍, പ്രമോഷനുകള്‍, ബാങ്കുകള്‍ അല്ലെങ്കില്‍ പേയ്മെന്റ് ആപ്പുകള്‍ വഴിയുള്ള ഇടപാടുകള്‍ എന്നിവയും നിരോധിച്ചിട്ടുണ്ട്. നിരോധനം ലംഘിക്കുന്നത് പരമാവധി 3 വര്‍ഷം തടവും ഒരു കോടി രൂപ വരെ പിഴയും ചുമത്താവുന്ന കുറ്റമാണ്. പരസ്യം നല്‍കിയാല്‍ രണ്ട് വര്‍ഷം തടവും 50 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ 3 മുതല്‍ 5 വര്‍ഷം വരെ തടവും 2 കോടി രൂപ വരെ പിഴയും ആണ് ശിക്ഷ.

അതേസമയം ഇ-സ്‌പോര്‍ട്‌സിന് നിയമാനുസൃത കായിക ഇനത്തിന്റെ പദവി ലഭിക്കും. പരിശീലന അക്കാദമികള്‍, ഗവേഷണം, ഔദ്യോഗിക മത്സരങ്ങള്‍ എന്നിവയെ സര്‍ക്കാര്‍ പിന്തുണയ്ക്കും.