/kalakaumudi/media/media_files/2025/10/03/gold-2025-10-03-16-08-29.jpg)
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി വരുമ്പോള്‍ ഒരു ഇടത്തരക്കാരന്റെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന ത് വീട്ടിലുള്ള സ്വര്‍ണം അല്‍പ്പമൊന്ന് പണയപ്പെടുത്തിയാല്‍ പരിഹാരം ആകുമെന്നതാണ്. എന്നാല്‍ താല്കാലിക പരിഹരമമെന്ന നിലയില്‍ അത് പരിഹരിക്കാന്‍ സാധിക്കുമെങ്കിലും പലര്‍ക്കും പിന്നീട് വരുന്ന ഭീമമായ പലിശയോ മറ്റോ താങ്ങാനാവാതെ പുതുക്കി വയ്ക്കുന്ന ഏര്‍പ്പാടും സാധാരണമാണ്. ഒടുവില്‍ തിരിച്ചെടുക്കാന്‍ മാര്‍ഗമില്ലാതെ അത് പണയസ്ഥാപനങ്ങള്‍ കൊണ്ടുപോകാറുമുണ്ട്.
സ്വര്‍ണവില കുതിച്ചുയരുന്ന വേഗത്തിലാണ് ഇന്ന് സ്വര്‍ണപണയ സ്ഥാപനങ്ങളും മുളച്ചുവരുന്നത്. എന്നാല്‍ ഈ ഇടപാടുകള്‍ക്കൊക്കെ മൂക്കുകയറിടാനൊരുങ്ങുകയാണ് കേന്ദ്രം. പലിശ മാത്രം അടച്ച് വായ്പ പുതുക്കുന്ന രീതി ഇനി അനുവദിക്കില്ല. ഇത്തരത്തില്‍ നിരവധി മാറ്റങ്ങളാണ് റിസര്‍വ് ബാങ്ക് കൊണ്ടുവന്നത്. കഴിഞ്ഞ ജൂണില്‍ ആര്‍ബിഐ അവതരിപ്പിച്ച കരട് നിര്‍ദേശത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടു വന്നിട്ടുള്ളത്.
എന്നാല്‍ സ്വര്‍ണ വായ്പ തിരിച്ചടവില്‍ ആര്‍ബിഐ കൊണ്ടുവന്നിട്ടുള്ള പുതിയ മാറ്റങ്ങളറിയുന്നത് വില ഉയര്‍ന്ന് നില്‍ക്കുന്ന വേളയില്‍ സ്വര്‍ണം നഷ്ടമാകാതിരിക്കാന്‍ സഹായിക്കും. എന്നാലിത് എല്ലാ സ്വര്‍ണ വായ്പയ്ക്കും ബാധകമല്ല. കൃത്യമായി പലിശ അടച്ചു കൊണ്ടിരിക്കുന്നവര്‍ ഇതിന്റെ പരിധിയില്‍ വരില്ല. മൂന്നു മാസം വായ്പ അടയ്ക്കാതെ കിട്ടാക്കടമായി മാറിയവര്‍ക്കാണ് ഇത് ബാധകമാകുക. ഇത്തരക്കാര്‍ക്ക് ബാക്കി പലിശ അടച്ചു തീര്‍ത്ത് കിട്ടാക്കട പരിധിയില്‍ നിന്ന് പുറത്ത് വരാനായില്ലെങ്കില്‍ ഇനി സ്വര്‍ണവായ്പ പുതുക്കി വയ്ക്കാനാകില്ല.
വായ്പ എടുത്തവര്‍ മുതലും പലിശയുമടക്കം മുഴുവന്‍ തുകയും അടച്ചു തീര്‍ത്താല്‍ മാത്രമേ സ്വര്‍ണപ്പണയം പുതുക്കി വയ്ക്കാനാകൂ എന്നാണ് ആര്‍ബിഐ നല്‍കിയിട്ടുള്ള നിര്‍ദേശം. അതുപോലെ കാര്‍ഷിക സ്വര്‍ണ വായ്പ പോലെയുള്ള സബ്‌സിഡി ആനുകൂല്യങ്ങളോടെ സ്വര്‍ണ വായ്പ എടുത്തിട്ടുള്ളവര്‍ കിട്ടാക്കടമായാല്‍, വായ്പാ കാലാവധിയ്ക്കുള്ളില്‍ തന്നെ മുഴുവന്‍ തുകയും അടച്ചു തീര്‍ത്താലേ പണയം പുതുക്കി വയ്ക്കാനും പലിശയുടെ ആനുകൂല്യം കിട്ടാനും സാധിക്കൂ. വായ്പ കാലാവധി കഴിഞ്ഞാല്‍ ആനുകൂല്യം ലഭിക്കില്ല. ഇത്തരത്തില്‍ സ്വര്‍ണ വായ്പ കിട്ടാക്കടമായിട്ടുണ്ടെങ്കില്‍ അവര്‍ക്ക് പിന്നീട് വേറെ വായ്പ നല്‍കേണ്ടതില്ല എന്നാണ് ബാങ്കുകളുടെ നിലപാട്.
രണ്ടര ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് എല്‍ടിവി 85 ശതമാനം ആയിരിക്കും. അതായത് സ്വര്‍ണ മൂല്യത്തിന്റെ 85 ശതമാനം വരെ വായ്പ അനുവദിക്കാം. രണ്ടര മുതല്‍ അഞ്ച് ലക്ഷം വരെയാണ് വായ്പയെങ്കില്‍ എല്‍ടിവി പരിധി 80 ശതമാനമാണ്. അതിനു മുകളിലാണ് വായ്പയെങ്കില്‍ എല്‍ ടിവി പരിധി 75 ശതമാനമായിരിക്കും. എല്‍ടിവി കൂടിയ തുകയ്ക്കുള്ള വായ്പയാണ് എടുക്കുന്നതെങ്കില്‍ പലിശ കൃത്യമായി അടയ്ക്കണമെന്ന നിബന്ധന ബാങ്കുകള്‍ വയ്ക്കാറുണ്ട്. അവസാനം പലിശത്തുക ഒരുമിച്ചടയ്ക്കുന്ന ബുള്ളറ്റ് വായ്പകളും മുതലും പലിശയും ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അടച്ചു തീര്‍ക്കണമെന്നതു നിര്‍ബന്ധമാക്കി. വായ്പ എടുക്കുന്ന വേളയില്‍ തന്നെ ഇത് ബാങ്കുകള്‍ ഇടപാടുകാരുമായി ചോദിച്ച് ഉറപ്പിക്കാറുണ്ട്.
ബാങ്കുകളും സ്വര്‍ണവായ്പയുടെ കാര്യത്തില്‍ ചില കാര്യങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്. വായ്പ മുഴുവനും അടച്ചു തീര്‍ത്ത പണയ ഉരുപ്പടി അന്നുതന്നെ അല്ലെങ്കില്‍ പരമാവധി 7 പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ മടക്കി നല്‍കണം. അതില്‍ കൂടുതല്‍ ദിവസങ്ങള്‍ വൈകിയാല്‍ ഓരോ ദിവസത്തിനും 5000 രൂപ വീതം പിഴ നല്‍കണമെന്ന് ആര്‍ബിഐ പറയുന്നു. ഇതിനു പുറമേ ഈട്, അതിന്റെ മൂല്യ നിര്‍ണയരീതി, ലേല വ്യവസ്ഥകള്‍ എന്തെല്ലാം, സ്വര്‍ണം മടക്കി നല്‍കുന്നതിനുള്ള സമയപരിധി ഇക്കാര്യങ്ങള്‍ ഇടപാടുകാരന് നല്‍കുന്ന വായ്പാകരാറില്‍ വ്യക്തമാക്കിയിരിക്കണം. സ്വര്‍ണത്തിന്റെ മൂല്യം മാത്രമേ വായ്പയ്ക്കായി പരിഗണിക്കൂ.