/kalakaumudi/media/media_files/2025/08/30/tik-2025-08-30-15-31-35.jpg)
ഗുഡ്ഗാവ്:ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു എന്ന വാര്‍ത്തകള്‍ക്കിടെ ടിക് ടോക്ക് ഇന്ത്യയുടെ ഗുഡ്ഗാവ് ഓഫീസില്‍ രണ്ട് തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് ആരംഭിച്ചു. 'കണ്ടന്റ് മോഡറേറ്റര്‍ (ബംഗാളി സ്പീക്കര്‍) ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി'', ''വെല്‍ബീയിംഗ് പാര്‍ട്ണര്‍ഷിപ്പ് ആന്‍ഡ് ഓപ്പറേഷന്‍സ് ലീഡ്, ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി'' എന്നീ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നതായി കമ്പനി ലിങ്ക്ഡ്ഇനില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നിരോധനത്തിന് മുമ്പ്, ടിക് ടോക്കിന് ഇന്ത്യയില്‍ ഏകദേശം 200 ദശലക്ഷം ഉപയോക്താക്കളുണ്ടായിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ടിക് ടോക്ക് ഇന്ത്യ വെബ്‌സൈറ്റ് വീണ്ടും ആക്‌സസ് ചെയ്യാന്‍ കഴിഞ്ഞതിന് പിന്നാലെയാണ് നിയമനം നടക്കുന്നത്. ഇതോടെ ടിക് ടോക്കിന്റെ നിരോധനം കേന്ദ്ര സര്‍ക്കാര്‍ നീക്കിയേക്കും എന്ന അഭ്യൂഹങ്ങള്‍ക്കും ഇത് കാരണമായിരുന്നു.
എന്നാല്‍ ഇക്കാര്യം പിന്നീട് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നിഷേധിച്ചിരുന്നു. ടിക് ടോക്കിന്റെ സ്റ്റാറ്റസില്‍ മാറ്റമൊന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. മാത്രമല്ല ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ആപ്പ് ഇപ്പോഴും ലഭ്യമല്ല. ടിക് ടോക്ക് ഇന്ത്യയില്‍ ലഭ്യമാകുമെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം അടുത്തിടെ വ്യക്തമാക്കിയിരുന്നു.
''ടിക് ടോക്കിനായി കേന്ദ്ര സര്‍ക്കാര്‍ ഒരു അണ്‍ബ്ലോക്ക് ഓര്‍ഡറും പുറപ്പെടുവിച്ചിട്ടില്ല. അത്തരം പ്രസ്താവനകളോ വാര്‍ത്തകളോ തെറ്റിദ്ധരിപ്പിക്കുന്നതാണ്'' സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ചൈനയുടെ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക്, 2020 ജൂണില്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച 59 മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഒന്നായിരുന്നു. ഇത് കൂടാതെ യുസി ബ്രൗസര്‍, വീചാറ്റ് എന്നിവയും സര്‍ക്കാര്‍ നിരോധിച്ചിരുന്നു.
ഈ ആപ്പുകള്‍ ഇന്ത്യയുടെ പരമാധികാരത്തിനും സുരക്ഷയ്ക്കും പൊതു ക്രമത്തിനും ദോഷകരമാണെന്ന ആശങ്ക ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ നടപടി. 2020 ല്‍ കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ഈ നിരോധനം വന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ തീരുമാനത്തെ പിന്തുണയ്ക്കുകയും ഐടി മന്ത്രാലയം ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അംഗീകരിക്കുകയും ചെയ്യുകയായിരുന്നു.
നിരോധിത ആപ്പുകള്‍ ലൊക്കേഷന്‍ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ഉപയോക്തൃ ഡാറ്റ ചോര്‍ത്തുകയും ചൈനയിലെ സെര്‍വറുകളിലേക്ക് മാറ്റുകയും ചെയ്യുന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ബ്യൂട്ടി, സെല്‍ഫി ക്യാമറ ആപ്പുകള്‍ ഉള്‍പ്പെടെയുള്ള ചില ആപ്പുകളില്‍ ആക്ഷേപകരമായ ഉള്ളടക്കം അടങ്ങിയിട്ടുണ്ടെന്ന് ഫ്‌ളാഗ് ചെയ്തിരുന്നു.