എഐ കളിച്ചു; ഐടിയെ വീഴ്ത്തി, ഇനി ആര്?

വര്‍ക്ക്ഫ്‌ലോ ഓട്ടോമേഷന്‍ പല മേഖലകളിലും ആരംഭിച്ചതോടെ പരമ്പരാഗത സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറിങ് മേഖല ഇപ്പോള്‍ കടുത്ത സമ്മര്‍ദം നേരിടുകയാണ്. ഇതു ആഗോള തലത്തില്‍ ഐടി കമ്പനികളുടെ ഓഹരികളെ കനത്ത ഇടിവിലേക്ക് നയിച്ചു.

author-image
Biju
New Update
a i

മുംബൈ: യു.എസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) കമ്പനിയായ ആന്ത്രോപിക്, കഴിഞ്ഞയാഴ്ച ഒരു ഡസനോളം ഓപ്പണ്‍ സോഴ്‌സ് പ്ലഗിനുകള്‍ അവതരിപ്പിച്ച് തങ്ങളുടെ ഏജന്റിക് എഐ ടൂള്‍ പ്ലാറ്റ്‌ഫോം ആയ ക്ലോഡ് കോവര്‍ക്കിന്റെ പ്രവര്‍ത്തനശേഷി ശക്തിപ്പെടുത്തിയതോടെയാണ്, വിചാരിച്ചതിലും വേഗത്തില്‍ എഐ കരുത്തരായി മാറുമോ എന്ന ആശങ്ക ശക്തമായത്.

വര്‍ക്ക്ഫ്‌ലോ ഓട്ടോമേഷന്‍ പല മേഖലകളിലും ആരംഭിച്ചതോടെ പരമ്പരാഗത സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറിങ് മേഖല ഇപ്പോള്‍ കടുത്ത സമ്മര്‍ദം നേരിടുകയാണ്. ഇതു ആഗോള തലത്തില്‍ ഐടി കമ്പനികളുടെ ഓഹരികളെ കനത്ത ഇടിവിലേക്ക് നയിച്ചു. ടിസിഎസും ഇന്‍ഫോസിസും വിപ്രോയും ഉള്‍പ്പെടെയുള്ള പ്രമുഖ ഇന്ത്യന്‍ ഐടി ഓഹരികള്‍ ഒരു വര്‍ഷത്തെ താഴ്ന്ന വിലനിലവാരത്തിലേക്ക് വീണു.

അതേസമയം എഐ സാങ്കേതികവിദ്യ ഐടി മേഖലയെ പൂര്‍ണമായും തുടച്ചു നീക്കുമോ ഇല്ലയോ എന്ന സംവാദത്തില്‍ നിന്നും കൃത്യമായൊരു ഉത്തരം ഇനിയും ലഭിച്ചിട്ടില്ലെങ്കിലും ഐടി സെക്ടര്‍ ഘടനാപരമായ പരിവര്‍ത്തനത്തിന് വേദിയാകുമെന്ന് ഏവരും തറപ്പിച്ചുപറയുന്നു. ഇതോടെ ഇന്ത്യന്‍ ഐടി കമ്പനികളുടെ ഹെഡ്-കൗണ്ട് ബേസ്ഡ് ഔട്ട്‌സോഴ്‌സിങ് (Headcount-based outsourcing) മാതൃകയിലുള്ള അല്ലെങ്കില്‍ ബില്ലബിള്‍ അവര്‍ (Billable hours) മാതൃകയില്‍ നിന്നും ഔട്ട്കം ബേസ്ഡ് പ്രൈസിങ് (Outcome-based pricing) രീതിയിലേക്ക് പ്രവര്‍ത്തനം നീങ്ങുമെന്നും പൊതുവേ കരുതപ്പെടുന്നു.

ഇതിലൂടെ ഐടി കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരുടെ അല്ലെങ്കില്‍ ടെക്കികളുടെ എണ്ണത്തിലും ശമ്പളത്തിലും ഉണ്ടാകാവുന്ന ഏതൊരു മാറ്റവും നേരിട്ട് ബാധിക്കുന്ന ആദ്യ അനുബന്ധ മേഖല റിയല്‍ എസ്റ്റേറ്റ് സെക്ടറായിരിക്കും എന്നാണ് മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. ഓഫീസ് സമുച്ചയങ്ങള്‍ ഉള്‍പ്പെടുന്ന വാണിജ്യ കെട്ടിടങ്ങളുടെ മേഖലയില്‍ പ്രത്യേകിച്ചും. അതുപോലെ ഐടി പ്രൊഫഷണലുകളെ പ്രധാനമായും ലക്ഷ്യമിട്ട് കെട്ടിപ്പൊക്കുന്ന പാര്‍പ്പിട പദ്ധതികള്‍ ഏറെയുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്കുമേലും സമ്മര്‍ദമേറാം.

ഓഫീസ് ഇടത്തില്‍ നേരിട്ടെത്താതെ പുറത്തൊരു സ്ഥലത്തുനിന്നും ജോലികള്‍ ചെയ്യാവുന്ന റിമോട്ട് വര്‍ക്കിങ് (Remote working) ശൈലിയും ഓഫീസില്‍ നേരിട്ടെത്തിയും അല്ലാതെയും ജോലി ചെയ്യാവുന്ന ഹൈബ്രിഡ് വര്‍ക്ക് (Hybrid Work) ശൈലിയും കോവിഡ് കാലഘട്ടത്തിനു ശേഷം പ്രൊഫഷണല്‍ ജോലികളില്‍ വ്യാപകമായതോടെ തന്നെ ഓഫീസ് വാടകയ്ക്ക് നല്‍കുന്നവര്‍ ഉള്‍പ്പെടെയുള്ള വാണിജ്യ റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ സമ്മര്‍ദം നേരിടുന്നുണ്ടായിരുന്നു.

ഇതിന് പുറമെയാണ് എഐ കാരണം തൊഴില്‍ വിപണി ശിഥിലമായാല്‍ സംഭവിക്കാവുന്ന തിരിച്ചടി ഈ മേഖലയെ തുറിച്ചുനോക്കുന്നത്. യുഎസ് വിപണിയില്‍ റിയല്‍ എസ്റ്റേറ്റ് ഓഹരികളില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഇടിവ് കുറിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ എഐ ഭീഷണി കാരണം നിഫ്റ്റി ഐടി സൂചിക 15 ശതമാനം വീണപ്പോള്‍ നിഫ്റ്റി റിയാല്‍റ്റി സൂചിക 7 ശതമാനം താഴ്ന്നതും ഒരു മുന്നറിയിപ്പാണോ കാത്തിരുന്ന് കാണാം.