ട്രംപിനെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍, വിപണികളില്‍ ആശങ്ക

വ്യാഴാഴ്ച്ച ബ്രസല്‍സില്‍ ചേരുന്ന യൂറോപ്യന്‍ യൂണിയന്‍ അടിയന്തര യോഗത്തില്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യും. 107 ബില്യന്‍ ഡോളര്‍ (ഏകദേശം 9.7 ലക്ഷം കോടി രൂപ) വില വരുന്ന യുഎസ് ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്ക് തീരുവ പുനസ്ഥാപിക്കാനാണ് ആലോചന

author-image
Biju
New Update
trump

വാഷിങ്ടണ്‍: ഗ്രീന്‍ലന്‍ഡ് ഏറ്റെടുക്കാന്‍ അനുവദിച്ചില്ലെങ്കില്‍ അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിയില്‍ തിരിച്ചടി നല്‍കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍. വ്യാഴാഴ്ച്ച ബ്രസല്‍സില്‍ ചേരുന്ന യൂറോപ്യന്‍ യൂണിയന്‍ അടിയന്തര യോഗത്തില്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യും. 107 ബില്യന്‍ ഡോളര്‍ (ഏകദേശം 9.7 ലക്ഷം കോടി രൂപ) വില വരുന്ന യുഎസ് ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്ക് തീരുവ പുനസ്ഥാപിക്കാനാണ് ആലോചന. യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള സാമ്പത്തിക, വ്യാപാര ഇടപാടുകളില്‍ നിന്ന് യുഎസ് കമ്പനികളെ ഒഴിവാക്കാനുള്ള സാധ്യതയും ആലോചിക്കുന്നുണ്ട്. 

രാജ്യാന്തര തലത്തിലെ പ്രമുഖ സാമ്പത്തിക ശക്തികളായ യൂറോപ്യന്‍ രാജ്യങ്ങളും യുഎസും തമ്മിലുള്ള തര്‍ക്കം വ്യാപാര യുദ്ധം രൂക്ഷമാക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യാന്തര തലത്തില്‍ ഓഹരി വിപണികളെയും ഇത് ബാധിക്കും. ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറം യോഗത്തില്‍ ലോകനേതാക്കള്‍ തമ്മില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഓഹരി വിപണി  നേരിയ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മുഖ്യഓഹരി സൂചികയായ സെന്‍സെക്‌സ് 0.23 ശതമാനം നേട്ടത്തിലും നിഫ്റ്റി 0.11 ശതമാനം നേട്ടത്തിലും ക്ലോസ് ചെയ്തു. ഇന്‍ഫോസിസ് അടക്കമുള്ള ഐടി ഓഹരികള്‍ക്ക് മികച്ച ഡിമാന്‍ഡ് ഉണ്ടായതോടെ വ്യാപാരത്തിന്റെ തുടക്കത്തില്‍ വിപണി കുതിച്ചിരുന്നു. എന്നാല്‍ പിന്നീട് ലാഭമെടുപ്പില്‍ വിപണി കുത്തനെ വീണു. ഒരുവേള 25,873.50 വരെ ഉയര്‍ന്ന വിപണി ഒടുവില്‍ 25,694.35ലാണ് ക്ലോസ് ചെയ്തത്. വിദേശ നിക്ഷേപകര്‍ പതിവ് പോലെ വില്‍പ്പനക്കാരായി. 4,346 കോടി രൂപയുടെ അറ്റ ഓഹരി വില്‍പനയാണ് ഇവര്‍ നടത്തിയത്. 

ഗിഫ്റ്റ് നിഫ്റ്റിയില്‍ 0.64 ശതമാനത്തോളം നഷ്ടത്തിലാണ് വ്യാപാരം  നടക്കുന്നത്. ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന. കമ്പനികളുടെ മൂന്നാം പാദഫലങ്ങള്‍ പുറത്തു വരുന്നതും ഇന്ത്യയുഎസ് വ്യാപാര കരാറിലെ പുരോഗതിയും രാജ്യാന്തര വ്യാപാര തര്‍ക്കങ്ങളും വിപണിക്ക് നിര്‍ണായകമാകും. 

യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ 10 ശതമാനം തീരുവ ചുമത്തുമെന്ന ട്രംപിന്റെ പ്രസ്താവനയില്‍ വിപണി ആശങ്കയില്‍. അവധി ദിവസമായതിനാല്‍ യുഎസ് വിപണിയില്‍ ഇതിന്റെ ആഘാതം എത്രയാണെന്ന് മനസിലായിട്ടില്ല. എന്നാല്‍ യുഎസ് ഫ്യൂച്ചറുകള്‍ ഇടിവിലാണ്. എസ് ആന്‍ഡ് പിയില്‍ 0.7 ശതമാനവും നാസ്ഡാക്കില്‍ 1 ശതമാനവും നഷ്ടത്തിലാണ് ഫ്യൂച്ചര്‍ വ്യാപാരം നടക്കുന്നത്. ഇത് വിപണിയില്‍ വ്യാപാരം ആരംഭിക്കുമ്പോഴും തുടരാനാണ് സാധ്യത. വെള്ളിയാഴ്ച്ച മൂന്ന് സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

ട്രംപിന്റെ പ്രസ്താവനയുടെ ചൂട് ഏഷ്യന്‍ വിപണിയിലും പ്രതിഫലിച്ചു. മിക്ക വിപണികളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.  ജപ്പാനിലെ നിക്കെയ് സൂചിക 1.5 ശതമാനം നഷ്ടത്തിലായി. ഹോങ് കോങ് സൂചിക 0.88 ശതമാനവും. തുടക്കത്തില്‍ നഷ്ടത്തിലായെങ്കിലും ഷാങ്ഹായ് സൂചിക നിലവില്‍ നേരിയ ലാഭത്തിലാണ്. ഏഷ്യന്‍ വിപണികളിലെ ട്രെന്‍ഡ് ഇന്ത്യയിലേക്കും യൂറോപ്പിലേക്കും വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നാണ്  വിലയിരുത്തല്‍. യൂറോപ്യന്‍ വിപണിയില്‍ യൂറോസ്റ്റോക്ക്‌സ് 50, ഡാക്‌സ് എന്നീ ഫ്യൂച്ചറുകള്‍ ഒരു ശതമാനത്തിലധികം നഷ്ടത്തിലായി. 

ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ സ്വര്‍ണവും വെള്ളിയും പിടിവിട്ട് കുതിച്ചു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,690 ഡോളറിലെത്തി. നിലവില്‍ 1.5 ശതമാനം നേട്ടത്തില്‍ 4,663 ഡോളറെന്ന നിലയിലാണ് സ്വര്‍ണം. വെള്ളി വില ഔണ്‍സിന് 94 ഡോളര്‍ വരെ എത്തിയ ശേഷം പിന്നീട് താഴേക്കിറങ്ങി. നിലവില്‍ 93.25 ഡോളറെന്ന നിലയിലാണ് വെള്ളി വ്യാപാരം നടക്കുന്നത്. രണ്ടും റെക്കോര്‍ഡാണ്.