ട്രേഡെക്സ് കേരള 2026; അന്താരാഷ്ട്ര ബയര്‍-സെല്ലര്‍ മീറ്റ് ഇന്ന് മുതല്‍

കേരളത്തിലെ നാന്നൂറോളം സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭകര്‍ അവരുടെ വ്യത്യസ്ത ഉത്പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. ചെറുകിട സംരംഭകര്‍ക്ക് ആഗോള വിപണി സാധ്യതകള്‍ തുറന്നിടുന്ന രീതിയില്‍ ഇത്തരമൊരു സമ്മേളനം ആദ്യമായാണ് വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്നത്.

author-image
Biju
New Update
TRADEX2026

കൊച്ചി: സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട സംരംഭക മേഖലയിലെ (എംഎസ്എംഇ) ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിപ്രവേശനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ബയര്‍-സെല്ലര്‍ മീറ്റ് 'ട്രേഡെക്സ് കേരള 2026'ന് കൊച്ചിയില്‍ ഇന്ന് തുടക്കമാകും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇരുപതിലധികം രാജ്യങ്ങളില്‍ നിന്നായി മുപ്പതിലധികം ബയേര്‍സ് ട്രേഡക്‌സില്‍ എത്തും. കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലാണ് വേദി.

കേരളത്തിലെ നാന്നൂറോളം സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭകര്‍ അവരുടെ വ്യത്യസ്ത ഉത്പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. ചെറുകിട സംരംഭകര്‍ക്ക് ആഗോള വിപണി സാധ്യതകള്‍ തുറന്നിടുന്ന രീതിയില്‍ ഇത്തരമൊരു സമ്മേളനം ആദ്യമായാണ് വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്നത്.

വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെയും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ട്രേഡെക്സ് കേരള 2026 നടക്കുക.

കേരളത്തിലെ തനത് ഭഷ്യ-കാര്‍ഷിക ഉത്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, തേയില, കാപ്പി, ഹോം ഫര്‍ണിഷിംഗ് ആന്‍ഡ് ഇന്റീരിയര്‍, കയര്‍, കൈത്തറി, ടെക്‌സ്‌റ്റൈല്‍സ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, റബര്‍, പിവിസി എന്നീ ഉത്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ ആഗോളവിപണിയിലേക്ക് എത്തിക്കുന്നതിനുള്ള അവസരമൊരുക്കുകയാണ് സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്. മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.

കേരള ബ്രാന്‍ഡ് (നന്മ) പദ്ധതിയുടെ ഭാഗമായാണ് ട്രേഡക്‌സ് കേരള 2026 ഒരുങ്ങുന്നത്. സംസ്ഥാനത്തിന്റെ തനത് ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഗുണമേന്മയുടെയും ധാര്‍മികതയുടെയും സുസ്ഥിരതയുടെയും അംഗീകാരം നല്‍കുന്ന കേരള ബ്രാന്‍ഡിലൂടെ ഉത്പാദകര്‍ക്ക് ആഗോള വിപണിയില്‍ കൂടുതല്‍ അവസരങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ആഗോള സംഗമം നടത്തുന്നത്.