/kalakaumudi/media/media_files/2025/09/02/stocks-2025-09-02-08-50-44.jpg)
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്കുമേല്‍ ഉള്‍പ്പെടെ പ്രഖ്യാപിച്ച തീരുവകള്‍ നിയമവിരുദ്ധവും ഇല്ലാത്ത അധികാരപ്രയോഗവുമാണെന്ന് വിധിച്ച അപ്പീല്‍ കോടതിയുടെ നടപടിയില്‍ അങ്കലാപ്പിലായി ട്രംപ് ഭരണകൂടം. വിധി ഒക്ടോബര്‍ 14വരെ സ്റ്റേ ചെയ്ത കോടതി, സുപ്രീംകോടതിയെ സമീപിക്കാനുള്ള അവസരവും ട്രംപിന് നല്‍കിയിട്ടുണ്ട്. എങ്കിലും, സുപ്രീം കോടതിയിലും കാത്തിരിക്കുന്നത് കനത്ത തിരിച്ചടിയാണെന്ന ആശങ്കയിലാണ് ട്രംപ്.
തീരുവകള്‍ക്കെതിരാണ് സുപ്രീം കോടതിയുടെ വിധിയുമെങ്കില്‍ അത് അമേരിക്കയെ തകര്‍ക്കുമെന്നും കാത്തിരിക്കുന്നത് 'വന്‍ ദുരന്തം' ആയിരിക്കുമെന്നും പറഞ്ഞ ട്രംപ്, അമേരിക്ക മൂന്നാംലോക രാജ്യമായി മാറുമെന്നും അഭിപ്രായപ്പെട്ടിരുന്നു. അപ്പീല്‍ കോടതിയുടെ വിധി അമേരിക്കയ്ക്ക് രാജ്യാന്തര തലത്തില്‍ അഭിമാനക്ഷതമുണ്ടാക്കിയെന്നായിരുന്നു ട്രഷറി സെക്രട്ടറി സ്‌കോട് ബെസ്സന്റ് അഭിപ്രായപ്പെട്ടത്. ചൈനയില്‍ നിന്നും മറ്റും വലിയതോതില്‍ എത്തുന്ന ഫെന്റനിലിന്റെ (വീര്യംകൂടിയ വേദനസംഹാരി) ദുരുപയോഗം മൂലം യുഎസില്‍ പതിനായിരക്കണക്കിന് മരണങ്ങളാണ് ഓരോ വര്‍ഷവും സംഭവിക്കുന്നതെന്നു പറഞ്ഞ ബെസ്സന്റ്, അത് ദേശീയ അടിയന്തരാവസ്ഥയ്ക്ക് തുല്യമല്ലേയെന്നും ഇറക്കുമതി തടയേണ്ടതല്ലേ എന്നും ചോദിച്ചു.
അതേസമയം, സുപ്രീം കോടയിലും തോറ്റാല്‍ 'പ്ലാന്‍ ബി' പ്രയോഗിക്കാനുള്ള നീക്കത്തിലാണ് ട്രംപ് എന്ന് ബെസ്സന്റ് സൂചന നല്‍കി. 1977ലെ ഇന്റര്‍നാഷനല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്ട് പ്രകാരം ട്രംപ് പ്രഖ്യാപിച്ച ഭൂരിഭാഗം തീരുവകളും നിയമവിരുദ്ധവും അധികാരലംഘനവുമാണെന്നായിരുന്നു അപ്പീല്‍ കോടതിയുടെയും വിധി. നേരത്തേ, കീഴ്‌ക്കോടതിയും ഇതേ വിധിയാണ് പറഞ്ഞത്.
പ്ലാന്‍ ബിയുമായി ട്രംപ്
തീരുവയുദ്ധത്തില്‍ കോടതിയിലും തോറ്റാല്‍, 1930ലെ സ്മൂട്-ഹോലി താരിഫ് ആക്ട് പ്രയോഗിക്കാനുള്ള നീക്കത്തിലാണ് ട്രംപ്. മറ്റു രാജ്യങ്ങള്‍ക്കുമേല്‍ 5 മാസത്തേക്ക് 50% തീരുവ പ്രഖ്യാപിക്കാന്‍ യുഎസ് പ്രസിഡന്റിന് അധികാരം നല്‍കുന്ന ചട്ടമാണിത്.
അപ്പീല്‍ കോടതിയുടെ വിധി സുപ്രീം കോടതിയും ശരിവച്ചാല്‍ ട്രംപിന് ഇന്ത്യയ്ക്കുമേല്‍ ഉള്‍പ്പെടെ പ്രഖ്യാപിച്ച തീരുവ 15 ശതമാനത്തിലേക്ക് താഴ്‌ത്തേണ്ടിവരും.
ഇന്ത്യയ്ക്ക് തല്‍ക്കാലം ഇളവ് നല്‍കാന്‍ ട്രംപ് ഉദ്ദേശിക്കുന്നില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് പ്ലാന്‍ ബിയിലേക്കുള്ള നീക്കം.
അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് തീരുവ പൂര്‍ണമായി ഒഴിവാക്കാമെന്ന് ഇന്ത്യ സമ്മതിച്ചിരുന്നുവെന്ന് പറഞ്ഞ ട്രംപ്, ഇനി വൈകിപ്പോയെന്നും ഇന്ത്യയുമായുള്ള വ്യാപാരം ഏകപക്ഷീയ ദുരന്തമായിരുന്നെന്നും അഭിപ്രായപ്പെട്ടു.
ഇന്ത്യയും ചൈനയും പുട്ടിന്റെ 'യുദ്ധ മെഷീനുകള്‍ക്ക്' ഇന്ധനം പകരുന്നുവെന്ന് യുഎസ് വീണ്ടും ആവര്‍ത്തിച്ചു. എന്നാല്‍, ചൈനയ്‌ക്കെതിരായ നടപടികളിന്മേല്‍ മൗനം തുടരുകയുമാണ്.
കത്തിക്കയറി സ്വര്‍ണവും എണ്ണവും
യുക്രെയ്ന്‍-റഷ്യ യുദ്ധത്തിന് ശമനമില്ലാത്തത് രാജ്യാന്തര ക്രൂഡ് ഓയില്‍ വിലയെ മുന്നോട്ട് നയിക്കുന്നു. ബ്രെന്റ് വില ബാരലിന് 0.56% ഉയര്‍ന്ന് 68.53 ഡോളറില്‍ എത്തി. ഉപഭോഗത്തിനുള്ള 85-90% ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് എണ്ണവില വര്‍ധന വലിയ തിരിച്ചടിയാണ്. ഡബ്ല്യുടിഐ ക്രൂഡ് വില കൂടിയത് 1.61% ഉയര്‍ന്ന് 65.04 ഡോളറിലേക്ക്.
രാജ്യാന്തര സ്വര്‍ണവില കുതിച്ചുകയറ്റം തുടരുന്നു. നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത് ഔണ്‍സിന് 45 ഡോളര്‍ വര്‍ധിച്ച് 3,493 ഡോളറില്‍. ഒരുഘട്ടത്തില്‍ വില 3,505 ഡോളര്‍ വരെയുമെത്തി. കേരളത്തില്‍ ഇന്നും വില വന്‍തോതില്‍ കൂടുമെന്നും റെക്കോര്‍ഡ് പുതുക്കുമെന്നും ഇതു വ്യക്തമാക്കുന്നു. ഇന്നലെ ഗ്രാമിന് 85 രൂപ കൂടി വില സര്‍വകാല ഉയരമായ 9,705 രൂപയിലും പവന് 680 രൂപ ഉയര്‍ന്ന് 77,640 രൂപയിലും എത്തിയിരുന്നു. ഇന്നുവില 78,000 ഭേദിച്ചേക്കാം.
രൂപ ഇന്നലെ ഒരു പൈസ താഴ്ന്ന് ഡോളറിനെതിരെ റെക്കോര്‍ഡ് ക്ലോസിങ് നിലവാരമായ 88.10ല്‍ എത്തി. യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് ഇപ്പോള്‍ സമ്മര്‍ദത്തിലാണെന്നത് രൂപയ്ക്ക് നേട്ടമായേക്കാം. എന്നാല്‍, ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപം കൊഴിയുന്നത് സമ്മര്‍ദവുമാണ്. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ഇന്നലെയും 1,429 കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികളാണ് വിറ്റൊഴിഞ്ഞത്. 2025ല്‍ ഇതുവരെ അവര്‍ പിന്‍വലിച്ചത് 2 ലക്ഷം കോടിയില്‍പ്പരം രൂപയുടെ നിക്ഷേപമാണ്.