ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ ഉടന്‍

ഇന്ത്യയ്ക്കുമേല്‍ ചുമത്തിയത് കനത്ത തീരുവയാണെന്ന് കഴിഞ്ഞദിവസം സമ്മതിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, തീരുവ വൈകാതെ വെട്ടിക്കുറയ്ക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങള്‍ക്കും പ്രയോജനപ്പെടുന്ന ഡീല്‍ ഉടനുണ്ടാകുമെന്നും ട്രംപ് പറഞ്ഞിരുന്നു

author-image
Biju
New Update
modi and trump

ന്യൂഡല്‍ഹി: ഇന്ത്യയും യുഎസും തമ്മിലെ വ്യാപാരക്കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്. ഇന്ത്യന്‍ പ്രതിനിധിസംഘം തയാറാക്കിയ വിശദമായ വ്യാപാര പ്രോപ്പോസലുകള്‍ അമേരിക്കയ്ക്ക് കൈമാറി. ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്നും അന്തിമ തീരുമാനം എടുക്കേണ്ടത് അമേരിക്കയാണെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 

ഇന്ത്യയ്ക്കുമേല്‍ ചുമത്തിയത് കനത്ത തീരുവയാണെന്ന് കഴിഞ്ഞദിവസം സമ്മതിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, തീരുവ വൈകാതെ വെട്ടിക്കുറയ്ക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങള്‍ക്കും പ്രയോജനപ്പെടുന്ന ഡീല്‍ ഉടനുണ്ടാകുമെന്നും ട്രംപ് പറഞ്ഞിരുന്നു. ''ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ എന്നെ ഇഷ്ടമല്ല. പക്ഷേ, അവരെന്നെ വീണ്ടും സ്‌നേഹിക്കും. ഇന്ത്യ ഇപ്പോള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറച്ചിട്ടുണ്ട്. അത് വിലയിരുത്തി, തീരുവ ഞാന്‍ ഉടന്‍ കുറയ്ക്കും'', കഴിഞ്ഞദിവസം ട്രംപ് പറഞ്ഞതിങ്ങനെ.

ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) ചട്ടങ്ങള്‍ക്ക് അനുസൃതമായ പ്രൊപ്പോസലാണ് ഇന്ത്യ യുഎസിന് കൈമാറിയത്. അതേസമയം, രാജ്യതാല്‍പര്യം ബലികഴിച്ച് വ്യാപാരക്കരാറുകളില്‍ ഒപ്പിടില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. രാജ്യത്തെ കര്‍ഷകരുടെയും പാലുല്‍പന്ന മേഖലയുടെയും താല്‍പര്യങ്ങളെ ഹനിക്കുന്ന നടപടികളുണ്ടാവില്ല. 

യുഎസിന്റെ കനത്ത തീരുവമൂലം പ്രതിസന്ധിയിലായ കൃഷി ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് കരുത്തേകാനായി റഷ്യ ഉള്‍പ്പെടെ പുതിയ വിപണികളിലേക്കുള്ള പ്രവേശനം എളുപ്പമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഗോയല്‍ പറഞ്ഞു. സംസ്ഥാന വാണിജ്യ, വ്യവസായ മന്ത്രിമാരുടെ ഉദ്യോഗ് സമാഗം-2025 കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു പീയുഷ് ഗോയല്‍.
ഇന്ത്യയുടെ കാര്‍ഷിക, ക്ഷീരോല്‍പന്ന വിപണി തുറന്നുകിട്ടണമെന്നും അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ തീരുവ പൂജ്യമാക്കണമെന്നും ട്രംപ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യന്‍ ചര്‍ച്ചാസംഘം ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. ഈ വിപണികള്‍ യുഎസിന് തുറന്നുകൊടുക്കുകയും തീരുവ ഒഴിവാക്കുകയും ചെയ്യുന്നത് രാജ്യത്ത് വീണ്ടും കര്‍ഷക പ്രക്ഷോഭത്തിന് വഴിയൊരുക്കുമെന്ന ഭീതി കേന്ദ്ര സര്‍ക്കാരിനുമുണ്ട്.

ട്രംപിന്റെ പ്രഖ്യാപനം, ഇന്ത്യ-യുഎസ് ഡീലിനുള്ള സാധ്യതകള്‍, യുഎസില്‍ ഷട്ട്ഡൗണ്‍ പ്രതിസന്ധി മായുന്നത്, ആഗോള ഓഹരി വിപണികള്‍ കൈവരിച്ച നേട്ടം, കോര്‍പറേറ്റ് കമ്പനികളുടെ മെച്ചപ്പെട്ട സെപ്റ്റംബര്‍പാദ പ്രവര്‍ത്തനഫലം തുടങ്ങിയ അനുകൂല ഘടകങ്ങളുടെ കരുത്തില്‍ നേട്ടയാത്ര തുടങ്ങാനുള്ള വെമ്പലിലാണ് ഇന്ത്യന്‍ ഓഹരികള്‍. ഇന്നലെ സെന്‍സെക്‌സ് 336 പോയിന്റ് (+0.40%) നേട്ടവുമായി 83,871ലും നിഫ്റ്റി 121 പോയിന്റ് (+0.47%) ഉയര്‍ന്ന് 25,694ലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇന്നു രാവിലെ ഗിഫ്റ്റ് നിഫ്റ്റി 143 പോയിന്റ് കുതിച്ചുകയറിത് സെന്‍സെക്‌സും നിഫ്റ്റിയും വന്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്ന പ്രതീക്ഷകളാണ് നല്‍കുന്നതും.

യുഎസുമായി ഡീല്‍ ഉടനുണ്ടാകുമെന്നും തീരുവഭാരം കുറയുമെന്നുമുള്ള പ്രതീക്ഷകളുടെ കരുത്തില്‍ സീഫൂഡ്, വസ്ത്ര കയറ്റുമതി മേഖലയിലെ ഓഹരികള്‍ ഇന്നലെ മികച്ച നേട്ടം സ്വന്തമാക്കിയിരുന്നു. സീഫൂഡ് കയറ്റുമതി രംഗത്തെ അപെക്‌സ് ഫ്രോസന്‍, അവന്തി ഫീഡ്‌സ് തുടങ്ങിയവ 11% വരെ ഉയര്‍ന്നു. വസ്ത്ര കയറ്റുമതി രംഗത്തെ ഗോകല്‍ദാസ് എക്‌സ്‌പോര്‍ട്‌സ്, റെയ്മണ്ട് ലൈഫ്‌സ്‌റ്റൈല്‍ എന്നിവയുടെ നേട്ടം 5% വരെ. കേരളക്കമ്പനിയായ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് 2.5% ഉയര്‍ന്നു.

യുഎസില്‍ ട്രംപ് ഗവണ്‍മെന്റ് കഴിഞ്ഞ 42 ദിവസമായി നേരിടുന്ന ഷട്ട്ഡൗണിന് ഉടന്‍ തിരശീല വീഴും. ഇതു സംബന്ധിച്ച ബില്‍ സെനറ്റില്‍ പാസായി. ഇനി ഹൗസ് ഓഫ് റപ്രസന്റേറ്റീവ്‌സ് കൂടി പാസാക്കിയാല്‍ ഷട്ട്ഡൗണ്‍ ഒഴിവാകും.  അതേസമയം, യുഎസ് ഓഹരികള്‍ സമ്മിശ്ര പ്രകടനമാണ് നടത്തിയത്. ഷട്ട്ഡൗണ്‍ മാറുന്നത് നേട്ടമാണെങ്കിലും ടെക് ഓഹരികളിലുണ്ടായ വില്‍പന സമ്മര്‍ദമാണ് തിരിച്ചടിയായത്. 

ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയും ടെക് ഭീമനുമായ എന്‍വിഡിയയിലെ ഓഹരിപങ്കാളിത്തം പൂര്‍ണമായി വിറ്റൊഴിഞ്ഞെന്ന ജാപ്പനീസ് നിക്ഷേപക ബാങ്കായ സോഫ്റ്റ്ബാങ്കിന്റെ പ്രഖ്യാപനമാണ് തിരിച്ചടിയായത്. സോഫ്റ്റ്ബാങ്കിന്റെ ഓഹരിവില 10% ഇടിഞ്ഞു. യുഎസ് ഫ്യൂച്ചേഴ്‌സില്‍ ഡൗ ജോണ്‍സ് 0.01% മാത്രം ഉയര്‍ന്നു. എസ് ആന്‍ഡ് പി, നാസ്ഡാക് 100 ഫ്യൂച്ചേഴ്‌സ് എന്നിവ 0.1 ശതമാനത്തിന് താഴെ നേട്ടമാണ് രേഖപ്പെടുത്തിയത്. ഏഷ്യയില്‍ ജാപ്പനീസ് നിക്കേയ് 0.25%, ചൈനയില്‍ ഷാങ്ഹായ് 0.27%, ഹോങ്കോങ് സൂചിക 0.75%, ഓസ്‌ട്രേലിയയുടെ എഎസ്എക്‌സ്200 സൂചിക 0.13%, യൂറോപ്പില്‍ എഫ്ടിഎസ്ഇ 1.15%, ഡാക്‌സ് 0.53% എന്നിങ്ങനെയും ഉര്‍ന്നു.