21,000 കോടി കമ്മി പരിഹരിക്കാന്‍ സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളം

കേന്ദ്ര ബജറ്റിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ നടന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ മന്ത്രി കെ.എന്‍.ബാലഗോപാലാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്.

author-image
Biju
New Update
th

k n balagopal

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയില്‍ കേന്ദ്രം കുറവുവരുത്തിയതുകൊണ്ടുണ്ടായ 21,000 കോടി രൂപയുടെ കമ്മി പരിഹരിക്കാനായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര ബജറ്റിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ നടന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ മന്ത്രി കെ.എന്‍.ബാലഗോപാലാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്. 17,000 കോടി രൂപ നേരിട്ട് കടമെടുപ്പ് പരിധിയില്‍ വരുത്തിയ കുറവാണ്.

ഇതിനു പുറമേയാണ് സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനം (ജിഎസ്ഡിപി) കണക്കാക്കുന്നതിലെ വ്യത്യാസം മൂലമുണ്ടായ 4,250 കോടി രൂപയുടെ നഷ്ടം. ജിഎസ്ഡിപി കണക്കാക്കുന്നതില്‍ 15ാം ധനകാര്യകമ്മിഷന്റെ ശുപാര്‍ശയില്‍നിന്നു വ്യത്യസ്തമായ രീതിയാണ് കേന്ദ്രം പിന്തുടര്‍ന്നതെന്നു മന്ത്രി പറഞ്ഞു. ഇതിനു മുന്‍കാല പ്രാബല്യം കൂടി പരിഗണിച്ചാല്‍ കേരളത്തിന് ആയിരക്കണക്കിനു കോടി രൂപയുടെ നഷ്ടമുണ്ടാകാമെന്നും വ്യക്തമാക്കി.

മറ്റ് ആവശ്യങ്ങള്‍ന്മ വിഴിഞ്ഞം, ചവറ, കൊച്ചി എന്നീ സ്ഥലങ്ങള്‍ ബന്ധിപ്പിച്ച് റെയര്‍ എര്‍ത്ത് മാഗ്‌നറ്റ് ഉല്‍പാദനത്തിനായി ഇടനാഴി സ്ഥാപിക്കുന്നതിന് 1,000 കോടി രൂപ. കേരളത്തിന്റെ തീരത്ത് ഏകദേശം 3.2 കോടി മെട്രിക് ടണ്‍ ധാതുമണല്‍ ശേഖരമുണ്ട്. ഇതില്‍ 19 ലക്ഷം ടണ്‍ മോണസൈറ്റ് നിക്ഷേപമാണ്. മറ്റിടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കളിമണ്ണും മറ്റ് മാലിന്യങ്ങളും ചേരാത്തതിനാല്‍ ഇവ വേര്‍തിരിച്ചെടുക്കാനും എളുപ്പമാണ്.

ഏഴിമല നാവിക അക്കാദമി, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ബ്രഹ്മോസ് എയറോസ്‌പേസ് തുടങ്ങിയവ ബന്ധിപ്പിച്ച് കേരളത്തില്‍ പ്രതിരോധ ഗവേഷണ ഇടനാഴി.

ശബരി റെയില്‍പാത പദ്ധതി എത്രയും വേഗം പൂര്‍ത്തീകരിക്കുക. ഇത് കൊല്ലം ചെങ്കോട്ട റെയില്‍പാത വരെ നീട്ടുകയും വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുകയും വേണം.

കേരളത്തിന് എയിംസ് എന്ന ദീര്‍ഘകാലമായുള്ള ആവശ്യം യാഥാര്‍ഥ്യമാക്കുക.

കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് 1,000 കോടി രൂപയുടെ റബര്‍ വിലസ്ഥിരതാ ഫണ്ട്. നിലവില്‍ സംസ്ഥാനം താങ്ങുവിലയായി നല്‍കുന്ന 200 രൂപ 250 രൂപയാക്കാന്‍ കേന്ദ്രസഹായം.

ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ കേന്ദ്രസംസ്ഥാന വിഹിതത്തിന്റെ അനുപാതം 60:40 ആക്കിയത് ഒഴിവാക്കി പഴയ രീതിയിലേക്കു തിരിച്ചുപോവുക.

മറ്റു കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ കേന്ദ്രവിഹിതം 60 ശതമാനമായത് 75 ശതമാനമാക്കി ഉയര്‍ത്തുക.

നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് സപ്ലൈകോയ്ക്ക് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍(എഫ്‌സിഐ) നിന്ന് കുടിശകയായി ലഭിക്കാനുള്ള 2,000 കോടി രൂപ നല്‍കുക.

ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ തുടങ്ങിയവരുടെ ഓണറേറിയം വര്‍ധിപ്പിക്കുക.

വന്യജീവി ആക്രമണങ്ങള്‍ ചെറുക്കാന്‍ 1,000 കോടി രൂപയുടെ പദ്ധതി.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് റെയില്‍ കണക്ടിവിറ്റി, ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്, വ്യവസായ ഇടനാഴി, മാരിടൈം ക്ലസ്റ്റര്‍, സീഫൂഡ് പാര്‍ക്ക്, മദര്‍ഷിപ് ബില്‍ഡിങ് തുടങ്ങിയവയ്ക്ക് കേന്ദ്രസഹായം. ഭാരത്മാല പദ്ധതിയില്‍ വിഴിഞ്ഞം തുറമുഖത്തെ ഉള്‍പ്പെടുത്തുക.

ജിഎസ്ടി നിരക്കുപരിഷ്‌കരണവുമായി ബന്ധപ്പെട്ട നഷ്ടങ്ങള്‍ നികത്താന്‍ സംസ്ഥാനങ്ങള്‍ക്ക് വരുമാന സംരക്ഷണ സംവിധാനം രൂപീകരിക്കുക.