ബജറ്റില്‍ കണ്ണുനട്ട് രാജ്യം; പ്രതീക്ഷകള്‍ എന്തൊക്കെ

ജനുവരി 28ന് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ അഭിസംബോധനയോടെയാണ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. സര്‍ക്കാരിന്റെ നയപ്രാധാന്യങ്ങളും നിയമനിര്‍മാണ അജണ്ടയും ഇതില്‍ അവതരിപ്പിക്കും. ബജറ്റ് അവതരണത്തിന് ഒരു ദിവസം മുമ്പോ, അന്നു തന്നെയോ സാമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍ അവതരിപ്പിക്കും

author-image
Biju
New Update
nirmala sitaraman

ന്യൂഡല്‍ഹി: അവധി ദിനം നോക്കാതെ ഇത്തവണ ഫെബ്രുവരി ഒന്നിന് ഞായറാഴ്ച തന്നെയാണ് ലോക്സഭയില്‍ പതിവു പോലെ രാവിലെ 11ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ 2026-27ലേക്കുള്ള ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റ് തയാറാക്കുന്നതു മുതല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കുന്നതു വരെയുള്ള ദീര്‍ഘമായ നടപടി ക്രമങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാമോ?

ബജറ്റ് അക്കങ്ങളും കണക്കുകളും മാത്രം അടങ്ങിയ ഒരു സാമ്പത്തിക രേഖയല്ല. മാസങ്ങളോളം നീളുന്ന, കര്‍ശനമായ രഹസ്യ സ്വഭാവവും ഭരണഘടനാപരമായ നടപടികളും ഉള്‍ക്കൊള്ളുന്ന സങ്കീര്‍ണ പ്രക്രിയ ഇത്തവണയും അണിയറയില്‍ പുരോഗമിക്കുകയാണ്.

ധനമന്ത്രാലയം 2025 സെപ്റ്റംബറില്‍ ന്യൂഡല്‍ഹി സെന്‍ട്രല്‍ വിസ്ത സമുച്ചയത്തിലെ കര്‍ത്തവ്യ ഭവനിലേക്ക് മാറിയെങ്കിലും, അവിടത്തെ സുരക്ഷിത അച്ചടി സംവിധാനം ഇതുവരെ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമായിട്ടില്ല. അതുകൊണ്ട് 2026-27ലെ ബജറ്റിന്റെയും അനുബന്ധ രേഖകളുടെയും അച്ചടി ഇത്തവണയും റെയ്സിന ഹില്‍സിലുള്ള നോര്‍ത്ത് ബ്ലോക്കിലെ സര്‍ക്കാര്‍ പ്രസിലായിരിക്കും. 

ബജറ്റ് അച്ചടി പ്രോട്ടോക്കോള്‍ പലതവണ മാറിയിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര കാലത്ത് ബജറ്റ് രേഖകള്‍ രാഷ്ട്രപതി ഭവനിലാണ് അച്ചടിച്ചിരുന്നത്. എന്നാല്‍ ഒരു ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് 1950ല്‍ മിന്റോ റോഡിലെ പ്രസിലേക്കാണ് അച്ചടി മാറ്റിയത്. 1980ല്‍ വീണ്ടും മാറ്റമുണ്ടായി. കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനായി ബജറ്റ് അച്ചടി നോര്‍ത്ത് ബ്ലോക്കിലേക്ക് മാറ്റി. അതിനുശേഷം, ഭരണപരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടും, ബജറ്റ് അച്ചടിയുടെ കേന്ദ്രമായി നോര്‍ത്ത് ബ്ലോക്ക് തുടരുകയാണ്.

ബജറ്റ് തയ്യാറെടുപ്പിലെ ഏറ്റവും വ്യത്യസ്തമായ ഘട്ടമാണ് 'ലോക്ക്-ഇന്‍' അല്ലെങ്കില്‍ ക്വാറന്റീന്‍. അച്ചടി ആരംഭിച്ചാല്‍, പ്രസ്സുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജീവനക്കാരും പ്രസ് പരിസരത്തിനുള്ളില്‍ തന്നെ താമസിക്കണം. ഫോണ്‍, ഇന്റര്‍നെറ്റ്, പുറംലോകവുമായി ബന്ധപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും പൂര്‍ണമായി നിരോധിച്ചിരിക്കും. കോവിഡ് കാലത്തിന് മുന്‍പ് ഈ ലോക്ക്-ഇന്‍ സാധാരണയായി 10 മുതല്‍ 12 ദിവസം വരെ നീണ്ടിരുന്നു. ഇപ്പോള്‍ അച്ചടി പകര്‍പ്പുകളുടെ എണ്ണം കുറഞ്ഞതോടെ, ഇത് ഒരു ആഴ്ചയ്ക്കും താഴെയായി ചുരുങ്ങി.

ലോക്ക്-ഇന്‍ ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തപ്പെടുന്നതാണ് പരമ്പരാഗത ഹല്‍വ ചടങ്ങ്. ബജറ്റ് പ്രസ്സില്‍ വെച്ച് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും ഹല്‍വ വിതരണം ചെയ്യുന്നതോടെയാണ് ബജറ്റിന്റെ അവസാന ഘട്ടം ഔപചാരികമായി ആരംഭിക്കുന്നത്. ധനമന്ത്രി പ്രസ് സന്ദര്‍ശിക്കുകയും ഒരുക്കങ്ങള്‍ വിലയിരുത്തുകയും ചെയ്യും. 2026-27 ബജറ്റിനുള്ള ഹല്‍വ ചടങ്ങ് അടുത്ത ആഴ്ച നടക്കുമെന്നാണ് പ്രതീക്ഷ.

2021 മുതല്‍ ബജറ്റ് അച്ചടിയുടെ തോത് ഗണ്യമായി കുറഞ്ഞു. ആ വര്‍ഷം ധനമന്ത്രി നിര്‍മല സീതാരാമന്‍ ടാബ്ലറ്റ് ഉപയോഗിച്ചാണ് ബജറ്റ് അവതരിപ്പിച്ചത്. അന്നുമുതല്‍ ബജറ്റ് രേഖകള്‍ എംപിമാര്‍ക്കും പൊതുജനങ്ങള്‍ക്കും ഡിജിറ്റലായാണ് ലഭ്യമാകുന്നത്. മൊബൈല്‍ ആപ്പിലൂടെ വാര്‍ഷിക ധനകാര്യ പ്രസ്താവന, ഡിമാന്‍ഡ്‌സ് ഫോര്‍ ഗ്രാന്റ്സ്, ഫിനാന്‍സ് ബില്‍ അടക്കം 14 പ്രധാന രേഖകള്‍ ലഭ്യമാണ്. എന്നിരുന്നാലും, ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ആര്‍ക്കൈവ് ആവശ്യങ്ങള്‍ക്കുമായി നൂറുകണക്കിന് ഹാര്‍ഡ് കോപ്പികള്‍ ഇപ്പോഴും അച്ചടിക്കുന്നു.

ബജറ്റ് തയാറാക്കുന്നതിനുമ അച്ചടി ആരംഭിക്കുന്നതിനും മുന്‍പ് വിപുലമായ ആലോചനകള്‍ നടക്കും. 2025 ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ പ്രീ-ബജറ്റ് യോഗത്തില്‍ ധനമന്ത്രി, നിതി ആയോഗ് ഉപാധ്യക്ഷന്‍, പ്രമുഖ സാമ്പത്തിക വിദഗ്ധര്‍ എന്നിവര്‍ പങ്കെടുത്തു. ബജറ്റിന്റെ മുന്‍ഗണനകളും സാമ്പത്തിക ദിശകളും ചര്‍ച്ചയായി. ജനുവരി 10ന് സംസ്ഥാനങ്ങളുമായും നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശങ്ങളുമായും ധനമന്ത്രി ചര്‍ച്ച നടത്തി. പൊതുജന പങ്കാളിത്തവും പ്രോത്സാഹിപ്പിച്ചു. mygov.in വഴിയാണ് 2025 ഡിസംബര്‍ 17 മുതല്‍ 2026 ജനുവരി 16 വരെ ബജറ്റ് നിര്‍ദേശങ്ങള്‍ ക്ഷണിച്ചത്.

ജനുവരി 28ന് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ അഭിസംബോധനയോടെയാണ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. സര്‍ക്കാരിന്റെ നയപ്രാധാന്യങ്ങളും നിയമനിര്‍മാണ അജണ്ടയും ഇതില്‍ അവതരിപ്പിക്കും. ബജറ്റ് അവതരണത്തിന് ഒരു ദിവസം മുമ്പോ, അന്നു തന്നെയോ സാമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഇത്തവണ ഇത് ജനുവരി 29ന്. ചീഫ് ഇക്കണോമിക് അഡൈ്വസര്‍ തയ്യാറാക്കുന്ന ഈ റിപ്പോര്‍ട്ട് വളര്‍ച്ച, പണപ്പെരുപ്പ്, ധനകാര്യ നില, ആഗോള അപകടസാധ്യതകള്‍ എന്നിവ വിലയിരുത്തുന്നു. നയ പ്രഖ്യാപനങ്ങള്‍ ഇല്ലെങ്കിലും, ബജറ്റിന്റെ ബൗദ്ധിക അടിത്തറ ഇതാണ്.

2026-27 ലെ യൂണിയന്‍ ബജറ്റ് ഫെബ്രുവരി 1ന് ലോക്സഭയില്‍ അവതരിപ്പിക്കും. ഇത് ധനമന്ത്രി നിര്‍മല സീതാരാമ്ന്റെ തുടര്‍ച്ചയായ ഒമ്പതാമത്തെ ബജറ്റാണ്. ഇത്തവണ ബജറ്റ് അവതരിപ്പിക്കുന്ന ഞായറാഴ്ച ഓഹരി വിപണി തുറന്നിരിക്കും. പ്രീ-മാര്‍ക്കറ്റ് രാവിലെ 9 മുതല്‍ 9.08 വരെ, സാധാരണ വ്യാപാരം 9.15 മുതല്‍ 3.30 വരെ നടക്കും. എഫ് & ഒ, കമോഡിറ്റി വിഭാഗങ്ങളും പ്രവര്‍ത്തിക്കും.

ബജറ്റ് അവതരിപ്പിച്ചതിന് ശേഷം പാര്‍ലമെന്റില്‍ പൊതുചര്‍ച്ച നടക്കും. സമഗ്ര സാമ്പത്തിക നയവും ധനകാര്യ തന്ത്രവും മാത്രമാണ് ഈ ഘട്ടത്തില്‍ ചര്‍ച്ച ചെയ്യുന്നത്. പുതിയ സാമ്പത്തിക വര്‍ഷത്തിന് മുന്‍പ് ബജറ്റ് പാസാകാനാകാത്ത സാഹചര്യം (പൊതുതെരഞ്ഞെടുപ്പ്) ഉണ്ടെങ്കില്‍, സര്‍ക്കാര്‍ 'വോട്ട് ഓണ്‍ അക്കൗണ്ട്' തേടും.

പൊതുചര്‍ച്ചയ്ക്ക് ശേഷം പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളന ആദ്യഘട്ടം ഫെബ്രുവരി 13നാണ് അവസാനിക്കുന്നത്. മാര്‍ച്ച് 9ന് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കും. ഇടവേളയില്‍ എല്ലാ മന്ത്രാലയങ്ങളുടെയും ചെലവ് നിര്‍ദേശങ്ങള്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ വിശദമായി പരിശോധിക്കും. നിലവില്‍ 24 കമ്മിറ്റികളാണ് ഈ ചുമതല വഹിക്കുന്നത്.


പാര്‍ലമെന്റ് വീണ്ടും ചേരുമ്പോള്‍ ലോക്സഭ ധനാഭ്യര്‍ഥനയില്‍ വോട്ടെടുപ്പ് നടത്തും. ചെലവ് അംഗീകരിക്കാനുള്ള അധികാരം ലോക്സഭയ്ക്കാണ്. അവസാന ദിവസം ചര്‍ച്ച ചെയ്യാത്ത വകുപ്പുകളുടെ ആവശ്യങ്ങള്‍ ഒരുമിച്ച് വോട്ടിനിടുന്നതാണ് ഗില്ലറ്റിന്‍ പ്രക്രിയ. വിവിധ മന്ത്രാലയങ്ങളുടെ ധനാഭ്യര്‍ഥന അഥവാ, ഡിമാന്‍ഡ്‌സ് ഫോര്‍ ഗ്രാന്റ്സ് പാസായതിന് ശേഷം അവയെല്ലാം ചേര്‍ത്ത് ധനവിനിയോഗ ബില്‍ (അപ്രോപ്രിയേഷന്‍ ബില്‍) അവതരിപ്പിക്കും. ഇതിലൂടെ സര്‍ക്കാറിന് പൊതുഖജനാവില്‍ നിന്ന് (കണ്‍സോളിഡേറ്റഡ് ഫണ്ട്) പണം ചെലവഴിക്കാനുള്ള അനുമതി ലഭിക്കും. നികുതി മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫിനാന്‍സ് ബില്‍ പിന്നീട് പാസാക്കും. മണി ബില്ലായതിനാല്‍ ലോക്സഭയുടെ അംഗീകാരം മതി.

ബജറ്റില്‍ ഉള്‍പ്പെടാത്ത ചെലവുകള്‍ വരുമ്പോള്‍ സര്‍ക്കാര്‍ ഉപധനാഭ്യര്‍ഥനകള്‍ (സപ്ലിമെന്ററി ഡിമാന്‍ഡ്‌സ് ഫോര്‍ ഗ്രാന്റ്സ്) അവതരിപ്പിക്കും. ഇവ സാധാരണയായി പാര്‍ലമെന്റിന്റെ മറ്റ് സമ്മേളനങ്ങളില്‍ പാസാക്കുന്നു.

ഫെബ്രുവരി 1ലെ പ്രസംഗമാണ് ശ്രദ്ധാകേന്ദ്രമെങ്കിലും, യൂണിയന്‍ ബജറ്റ് അതിലപ്പുറം നീളുന്ന ഒരു ഭരണഘടനാപരമായ യാത്രയാണ്. 2026-27 ബജറ്റും പാരമ്പര്യവും ഡിജിറ്റല്‍ മാറ്റങ്ങളും ചേര്‍ന്ന ഈ സമഗ്ര പ്രക്രിയയിലൂടെയാണ് ഇന്ത്യയുടെ സാമ്പത്തിക ദിശ നിര്‍ണയിക്കുന്നത്.