/kalakaumudi/media/media_files/2026/01/31/nirmala-bj-2026-01-31-11-45-36.jpg)
ന്യൂഡല്‍ഹി: ആഗോള സാമ്പത്തികരംഗത്തെ അനിശ്ചിത്വങ്ങള്‍ക്കിടയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ നാളെ കേന്ദ്രബജറ്റ് അവതരിപ്പിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കേ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കൊപ്പം സാമ്പത്തിക അച്ചടക്കം പാലിച്ചുള്ളതാകും ഇത്തവണത്തെ ബജറ്റെന്നാണ് സൂചന. രാവിലെ 11ന് ബജറ്റ് അവതരണം ആരംഭിക്കും.
നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ ഒന്‍പതാം ബജറ്റ് അവതരണമാകും നാളെ നടക്കുന്നത്. ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായതിന്റെയും യുഎസ് തീരുവയുടെയും പശ്ചാത്തലത്തില്‍ ബജറ്റില്‍ കയറ്റുമതി മേഖലയ്ക്ക് കൂടുതല്‍ പ്രത്യാശ പകരുന്ന പ്രഖ്യാപനങ്ങളുണ്ടായേക്കും.
2014ല്‍ മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ തോതില്‍ മൂലധന നിക്ഷേപം നടത്തുന്നുണ്ട്. ഈ പ്രവണത ഇത്തവണയും തുടര്‍ന്നേക്കും. പുതിയ റെയില്‍ പദ്ധതികളും ഹൈവേകളും പ്രഖ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്.
പൊതുമേഖല ബാങ്കുകളെ ശക്തരാക്കുന്ന നടപടികളുമായി കേന്ദ്രം മുന്നോട്ടു പോയേക്കും. ഈ സാഹചര്യത്തില്‍ 2026 കേന്ദ്ര ബജറ്റ് മേഖലയ്ക്ക് ഒരു ഗെയിം ചേയ്ഞ്ചര്‍ ആകാം. 2047 ലെ വികസിത് ഭാരത് ദര്‍ശനത്തിന് പൊതുമേഖല ബാങ്കുകള്‍ വലിയ പ്രധാന്യം അര്‍ഹിക്ക്ുന്നു. നിലവില്‍ പൊതുമേഖല ബാങ്കുകളുടെ അടുത്തഘട്ട ലയനം സര്‍ക്കാര്‍ ചര്‍ച്ചയാക്കുന്നതും ഇതുകൊണ്ട് തന്നെ.
ഇന്ത്യ ഒരു ആഗോള നിര്‍മ്മാണ ഹബ്ബായി സ്വയം സ്ഥവപിക്കുമ്പോള്‍, വന്‍കിട കമ്പനികളെ ആകര്‍ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. വന്‍കിട വിദേശ കമ്പനികള്‍ രാജ്യത്തേയ്ക്ക് എത്തുമ്പോള്‍ അവരുടെ വായ്പ ആവശ്യകതകളും വളരെ വലുതായിരിക്കും. ഇത് നിറവേറ്റുന്നതിന് വലിയ ബാങ്കുകള്‍ ആവശ്യമാണ്. ബാങ്ക് ലയനങ്ങള്‍ക്കു പിന്നിലെ പ്രധാന കാരണം ഇതുതന്നെ.
ചിതറികിടക്കുന്ന ചെറു ബാങ്കുകളെ ലയിപ്പിച്ച് ഒരു വലിയ ബാങ്ക് സൃഷ്ടിക്കാന്‍ സാധിക്കും. ഇന്ത്യയ്്ക്ക് ഇത്തരത്തില്‍ 3, 4 വലിയ ബാങ്കുകള്‍ ആണ് ആവശ്യമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ബാങ്ക് ലയനത്തിന്റെ രണ്ടാംഘട്ടം പ്രധാനമാകുന്നതും ഇതുകൊണ്ട് തന്നെ. നിലവില്‍ ഇപ്പോള്‍ ഇന്ത്യയില്‍ അവശേഷിക്കുന്നത് 12 പൊതുമേഖല ബാങ്കുകളാണ്.
സ്ഥാപന തന്ത്രം, അടിസ്ഥാന സൗകര്യ നവീകരണം, സാങ്കേതികവിദ്യ, പുതിയ ബിസിനസ് മോഡലുകള്‍ എന്നിവ മുന്‍നിര്‍ത്തിയാകും ഈ പൊളിച്ചെഴുത്ത് എന്നാണ് വിവരം. പൊതുമേഖലാ ബാങ്കുകളെ പരിവര്‍ത്തനം ചെയ്യുന്നതിനുള്ള പ്രത്യേക പദ്ധതി ഇത്തവണ ബജറ്റില്‍ ഉണ്ടായേക്കുമെന്നും വിദഗ്ധര്‍ കരുതുന്നു.
ഇന്ത്യ മറ്റു രാജ്യങ്ങളുമായുള്ള സഹകരണം ശക്തമാക്കി കൊണ്ടിരിക്കുന്നു. ഇക്കഴിഞ്ഞ ദിവസം യൂറോപ്യന്‍ യൂനിയനുമായി സാധ്യമാക്കി സ്വതന്ത്ര വ്യാപാരക്കരാര്‍ ലോകത്തെ തന്നെ ഏറ്റവും വലിയ ഒന്നാണ്. ഇത്തരം നീക്കങ്ങള്‍ ഇന്ത്യയിലേയ്ക്കുള്ള വിദേശ കമ്പനികളുടെ കടന്നുകയറ്റം എളുപ്പമാക്കും. പക്ഷെ ഇവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ബാങ്കിംഗ് മേഖലയെ കൂടി സജ്ജമാക്കേണ്ടതുണ്ട്.
ഇന്ത്യന്‍ ബാങ്കുകളെ അഗോളതലത്തില്‍ മത്സരിക്കാവുന്ന തരത്തില്‍ പുനഃര്‍നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രവര്‍ത്തന കാര്യക്ഷമത, കോര്‍പ്പറേറ്റ് ഭരണം എന്നിവ ഉള്‍പ്പെടെ മികച്ച രീതികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാകും സര്‍ക്കാര്‍ നീക്കങ്ങള്‍. ആഗോള തലത്തിലെ മികച്ച 20 ബാങ്കുകളില്‍ കുറഞ്ഞത് 2 ഇന്ത്യന്‍ ബാങ്കുകളെ എത്തിക്കുകയാണ് പരമമായ ലക്ഷ്യം.
ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ അതിജീവനത്തിന്റെയും, സ്ഥിരതയുടെയും ഘട്ടത്തിനപ്പുറത്തേക്ക് നീങ്ങിക്കഴിഞ്ഞെന്ന് സാമ്പത്തിക സേവന സെക്രട്ടറി എം നാഗരാജു പറയുന്നു. ഇന്ത്യയുടെ 2047 വികസിത് ഭാരതിലേക്കുള്ള യാത്രയില്‍ വളര്‍ച്ച, നവീകരണം, നേതൃത്വം എന്നിവയില്‍ വലിയ പങ്ക് വഹിക്കാന്‍ ഈ ബാങ്കുകള്‍ക്ക് കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലയനം വഴി പൊതുമേഖല ബാങ്കുകളുടെ ആസ്തി ഗുണനിലവാരവും, റിസ്‌ക് മാനേജ്മെന്റും മെച്ചപ്പെടുത്താന്‍ കഴിയും. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പൊതുമേഖല ബാങ്കുകള്‍ 93,675 കോടിയുടെ അറ്റാദായം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാല്‍ ഇവരുടെ മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎകള്‍) 2.30% എന്ന ബഹുവര്‍ഷ താഴ്ച്ചയില്‍ എത്തിയെന്നതാണ്.
പുനഃരുപയോഗ ഊര്‍ജ്ജം, ഹരിത അടിസ്ഥാന സൗകര്യങ്ങള്‍, ഭക്ഷ്യ സംസ്‌കരണം, ടൂറിസം, ഡാറ്റാ സെന്ററുകള്‍ തുടങ്ങിയ തെരഞ്ഞെടുത്ത ചാമ്പ്യന്‍ മേഖലകളില്‍ വായ്പ വര്‍ധിപ്പിക്കാന്‍ ആണ് സര്‍ക്കാര്‍ പൊതുമേഖല ബാങ്കുകള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം.
കേരളത്തിനും നേട്ടമുണ്ടായേക്കും
രണ്ട് മാസത്തിനുള്ളില്‍ കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കും. കേരളത്തിനൊപ്പം മറ്റ് മൂന്നു സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും തിരഞ്ഞെടുപ്പ് ഒന്നിച്ചാണ്. ഈ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍ പദ്ധതിക്ക് ബജറ്റില്‍ തുക വകയിരുത്തിയേക്കും.
വര്‍ഷങ്ങളായി മുടങ്ങി കിടക്കുന്ന ശബരി പദ്ധതിക്ക് ഇത്തവണത്തെ ബജറ്റില്‍ വലിയ തുക മാറ്റിവച്ചേക്കുമെന്നാണ് വിവരം. വിഴിഞ്ഞം തുറമുഖം, എയിംസ് എന്നിവയില്‍ പ്രഖ്യാപനങ്ങളുണ്ടായേക്കും.
ഡിഫന്‍സ്, സിമന്റ്, ഹൗസിങ് അടക്കം 7 ഓഹരികള്‍, ലക്ഷ്യവില ഇങ്ങനെ
ബജറ്റുമായി ബന്ധപ്പെട്ട് പരിഗണിക്കാമെന്ന് അനലിസ്റ്റുകള്‍ നിര്‍ദ്ദേശിക്കുന്ന ടോപ് ഓഹരികളുടെ വിവരങ്ങളാണ് ഇവിടെ നല്‍കുന്നത്. ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ ട്രെന്‍ഡിങ്ങായി മാറും എന്ന് കരുതപ്പെടുന്ന സെക്ടറുകളിലെ മുന്‍നിര ഓഹരികളാണിവ. അതേ സമയം ബജറ്റ് ദിനത്തില്‍ വിപണിയില്‍ ഉണ്ടാകാനിടയുള്ള വലിയ അസ്ഥിരത നിക്ഷേപകരും, ട്രേഡര്‍മാരും മുന്നില്‍ക്കാണേണ്ടതാണെന്നും, ദീര്‍ഘകാല കാഴ്ച്ചപ്പാടോടെ വിപണിയെ സമീപിക്കുന്നതായിരിക്കും യുക്തമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അനലിസ്റ്റുകള്‍ തെരഞ്ഞെടുത്ത ഓഹരികള്‍
ജെ.എം ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് അഡൈ്വസര്‍ നീരവ് വോറ തെരഞ്ഞെടുത്ത ഏതാനും ഓഹരികളുടെ വിവരങ്ങളും, അദ്ദേഹത്തിന്റെ വിലയിരുത്തലുമാണ് ഇനി നല്‍കുന്നത്
1. അള്‍ട്രാ ടെക് സിമന്റ് (UltraTech Cement)
ഉയര്‍ന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ ചിലവഴിക്കല്‍, മൂലധന ചിലവ് എന്നിവയിലൂടെ പരോക്ഷമായി നേട്ടമുണ്ടാക്കാനിടയുള്ള ഒരു ഓഹരിയാണിത്. കഴിഞ്ഞ 12-18 മാസങ്ങളായി, കുറഞ്ഞ വോളിയം കാരണം സിമന്റ് ഓഹരികള്‍ കണ്‍സോളിഡേഷനിലാണ് വ്യാപാരം നടത്തിയിരുന്നത്. എന്നാല്‍ സമീപകാലത്തെ പ്രകടനം തിരിച്ചു വരവിന്റെ സൂചനകള്‍ നല്‍കുന്നു
അള്‍ട്രാടെക് സിമന്റിന്റെ Q3 EBITDA മാര്‍ജിന്‍ ഏകദേശം 35% മെച്ചപ്പെട്ടു. മാനേജ്‌മെന്റിന്റെ കമന്ററി ശുഭാപ്തി വിശ്വാസം പകരുന്നു. കഴിഞ്ഞ വര്‍ഷം മണ്‍സൂണ്‍ ഓഹരിയുടെ പ്രകടനത്തെ ബാധിച്ചെങ്കില്‍ വരാനിരിക്കുന്ന നാലാം പാദം മികച്ചതായിരിക്കാന്‍ സാധ്യതയുണ്ട്. ഈ ഓഹരിയില്‍ 14,500 രൂപയാണ് ലക്ഷ്യവില.
2. ഭാരത് ഇലക്ട്രോണിക്‌സ് (Bharat Electronics)
ബജറ്റില്‍ പ്രതിരോധ മേഖലയ്ക്ക് കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അതിന്റെ പ്രധാന നേട്ടമുണ്ടാവുന്ന കമ്പനിയാണിത്. സമീപകാല റിസള്‍ട്ടുകളില്‍ മികച്ച നമ്പറുകളാണുള്ളത്. മൂന്ന്, നാല് പാദങ്ങളില്‍ കമ്പനി സീസണല്‍ കരുത്ത് പ്രകടമാക്കാറുണ്ട്. 75,000 കോടി രൂപയുടെ ഓര്‍ഡര്‍ ബുക്കാണ് കരുത്തു പകരുന്ന മറ്റൊരു ഘടകം. ഓഹരിയുടെ ഒരു വര്‍ഷത്തെ ലക്ഷ്യവില 470 രൂപയാണ്
3. ഹോം ഫസ്റ്റ് ഫിനാന്‍സ് (Home First Finance)
അഫോഡബിള്‍ ഹൗസിങ് സെഗ്മെന്റില്‍ നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള ഒരു ഓഹരിയാണിത്. മൂന്നാം പാദഫലങ്ങളില്‍ നേരിയ തിരിച്ചടിയുണ്ടെങ്കിലും PAT വളര്‍ച്ച ഇയര്‍-ഓണ്‍-ഇയര്‍ അടിസ്ഥാനത്തില്‍ 44% എന്ന തോതില്‍ മികച്ചു നില്‍ക്കുന്നു. സമീപകാലത്തുണ്ടായ 4-5% തിരുത്തല്‍, വാല്യുവേഷന്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഡിമാന്‍ഡ് സാഹചര്യം അനുകൂലവുമാണ്. ഒരു വര്‍ഷത്തെ ലക്ഷ്യവില 1,360 രൂപയാണ്
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അനലിസ്റ്റ് ഗൗരാങ് ഷാ തെരഞ്ഞെടുത്ത ചില ഓഹരികളും, ലക്ഷ്യവിലയുമാണ് താഴെ നല്‍കുന്നത്
1. ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് (IDFC First Bank) : 105 രൂപ
2. അശോക് ലെയ്‌ലാന്‍ഡ് (Ashok Leyland) : 235 രൂപ
3. എല്‍&ടി ഫിനാന്‍സ് (L&T Finance) : 345 രൂപ
4. ടാറ്റ പവര്‍ (Tata Power) : 445 രൂപ
പ്രതീക്ഷയില്‍ റെയില്‍വേയും
എല്ലാത്തവണയും കേന്ദ്ര ബജറ്റില്‍ റെയില്‍വെയ്ക്ക് വലിയ പരിഗണനയാണ് ലഭിക്കാറുള്ളത്. റെയില്‍വെ ബജറ്റും, കേന്ദ്ര ബജറ്റും ഒന്നാക്കിയത് ഇതിനൊരു കാരണമാണ്. നിലവില്‍ ഇന്ത്യന്‍ റെയില്‍വെ കാലികമായ പല മാറ്റങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്. റെയില്‍വെയുടെ ആധുനികവല്‍ക്കരണമാണ് ഇതില്‍ പ്രധാനമായി ചെയ്യുന്നത്.
സുരക്ഷ
സമീപകാലത്ത് റെയില്‍വെയില്‍ സംഭവിച്ച അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ട്രെയിനുകളുമായി ബന്ധപ്പെട്ട സുരക്ഷയ്ക്ക് നിലവില്‍ വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ റെയില്‍വെയുടെ സേഫ്റ്റിയുമായി ബന്ധപ്പെട്ട് മാത്രം ബജറ്റ് വിഹിതത്തില്‍ ഏകദേശം 25% വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. റെയില്‍വെയ്ക്ക് മാത്രമായി ഏകദേശം 1.3 ലക്ഷം കോടി രൂപ മാറ്റി വെച്ചേക്കും. അതിവേഗത്തിലുള്ള ട്രാക്ക് നവീകരണം, സാങ്കേതികമായ പിഴവുകള്‍ ഒഴിവാക്കി 'Zero-Accident' ശൃംഘല വികസിപ്പിക്കുകയും ലക്ഷ്യമാണ്.
' കവച് 4 .0' വികസനം
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അപകട കവച സംവിധാനമാണ് 'കവച്' (Kavach). ഇത്തവണ ഈ പദ്ധതിക്ക് വലിയ തോതിലുള്ള ബജറ്റ് വിഹിതം ലഭിക്കാനുള്ള സാധ്യതകളാണുള്ളത്. 'കവച് 4.0' സുരക്ഷയൊരുക്കുന്ന, 18,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രാക്കുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ അന്തിമമാക്കാന്‍ കേന്ദ്ര റെയില്‍വെ മന്ത്രാലയം പദ്ധതിയിടുന്നു.
ഈ സാങ്കേതിക വിദ്യയില്‍ ലോക്കോ പൈലറ്റ് ബ്രേക്ക് ചെയ്യാന്‍ മറന്നാലും ടെക്‌നോളജി ഓട്ടോമാറ്റിക്കായി ബ്രേക്കിങ് നടത്തുമെന്നതാണ് പ്രത്യേകത. ഇത് നേരിട്ടുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ സഹായിക്കുന്നു
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇളവ്
കോവിഡ് കാലത്ത് ട്രെയിനുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള യാത്രാ ഇളവ് ഒഴിവാക്കിയിരുന്നു. ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് (Men- 40%, Women - 50%) യാത്രാ ആനുകൂല്യം പുനഃസ്ഥാപിക്കുമെന്നാണ് വ്യാപകമായി പ്രതീക്ഷിക്കപ്പെടുന്നത്. നോണ്‍ - എ.സി ക്ലാസുകള്‍ക്ക് വേണ്ടി മാത്രമായോ 70 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രത്യേകമായോ ഇത്തരത്തില്‍ ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള സാധ്യതയുമുണ്ട്
വന്ദേഭാരത് സ്ലീപ്പര്‍
24 കോച്ചുകളോട് കൂടിയ വന്ദേഭാരത് സ്ലീപ്പറിന്റെ ഫുള്‍-സ്‌കെയില്‍ പ്രൊഡക്ഷന്‍ ആരംഭിക്കുമെന്ന പ്രഖ്യാപനം ഇത്തവണ ഉണ്ടായേക്കും. ദീര്‍ഘകാല റൂട്ടുകളില്‍ രാജധാനി എക്‌സ്പ്രസിന് പകരമാകുന്ന തരത്തിലുള്ള ഡിസൈനാണ് ഇത്തരം ട്രെയിനുകള്‍ക്ക് ഉണ്ടാവുക. പാന്‍ട്രി കാറുകള്‍, അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയവയും ഇത്തരം ട്രെയിനുകളുടെ സവിശേഷതയായിരിക്കും
സാധാരണക്കാര്‍ക്ക് കാത്തു വെച്ചത്
റെയില്‍വെയിലെ തിരക്ക് നാള്‍ക്കു നാള്‍ വര്‍ധിച്ചു വരുന്ന കാഴ്ച്ചയാണുള്ളത്. നോണ്‍-എ.സി കോച്ചുകളുമായി ബന്ധപ്പെട്ട പ്രൊഡക്ഷന്‍ റേഷ്യോ 70:30 എന്ന തോതിലേക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യതകളാണ് നില നില്‍ക്കുന്നത്. കൂടാതെ 17,000 പുതിയ ജനറല്‍ സ്ലീപ്പര്‍ കോച്ചുകള്‍ നിര്‍മിക്കാനും അനുമതി നല്‍കിയേക്കും. പൊതുജനങ്ങള്‍ക്ക് താങ്ങാനാവുന്ന നിരക്കില്‍ മികച്ച യാത്രാ സൗകര്യം ഉറപ്പാക്കുകയും ലക്ഷ്യമാണ്
അമൃത് ഭാരത് & നമോ ഭാരത്
വന്ദേ ഭാരതിന് പുറമെ പുതിയ 50 അമൃത് ഭാരത് ട്രെയിനുകള്‍ (non-AC push-pull trains) റെയില്‍വെ പുറത്തിറക്കിയേക്കും. വിവിധ സംസ്ഥാനങ്ങളിലെ ജോലിക്കാര്‍ക്ക് അടക്കം ഇത് പ്രയോജനപ്രദമാകും. ഇന്റര്‍സിറ്റി കണക്ടിവിറ്റിയുള്ള നമോ ഭാരത് റാപ്പിഡ് റെയില്‍ സെറ്റുകള്‍ കൂടുതലായി നിര്‍മിക്കാനുള്ള അനുമതിയും പ്രതീക്ഷിക്കപ്പെടുന്നു.
വികസിത് ഭാരത് റെയില്‍ വിഷന്‍
2030 വര്‍ഷത്തോടെ ട്രെയിനുകളിലെ വെയിറ്റിങ് ലിസ്റ്റ് പൂര്‍ണമായി ഒഴിവാക്കാന്‍ ഈ പദ്ധതി ലക്ഷ്യമിടുന്നു. പാത ഇരട്ടിപ്പിക്കല്‍, പുതിയ ലൈനുകള്‍, കൂടുതല്‍ ട്രെയിനുകള്‍ തുടങ്ങി റെയില്‍വെയുമായി ബന്ധപ്പെട്ട ശേഷി വികസനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പ്രഖ്യാപനങ്ങളും ഇത്തവണ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
