/kalakaumudi/media/media_files/2025/12/08/x-musk-2025-12-08-08-53-40.jpg)
ലണ്ടന്‍: ഡിജിറ്റല്‍ സര്‍വീസസ് ചട്ടം (ഡിസിഎ) ലംഘിച്ചെന്ന് ആരോപിച്ച് 14 കോടി ഡോളര്‍ (ഏകദേശം 1,260 കോടി രൂപ) മസ്‌കിന്റെ എക്‌സിന് പിഴയിട്ട് യൂറോപ്യന്‍ യൂണിയന്‍. ബ്ലൂ-ചെക്ക് വെരിഫിക്കേഷനില്‍ തട്ടിപ്പ്, സുതാര്യമല്ലാത്ത അഡ്വര്‍ടൈസിങ് നയം, ഗവേഷകര്‍ക്ക് വിവരങ്ങള്‍ നിഷേധിക്കല്‍ തുടങ്ങിയ വീഴ്ചകളാണ് യൂറോപ്യന്‍ യൂണിയന്‍ ഉന്നയിക്കുന്നത്.
ഇയുവിന്റെ നടപടിക്കെതിരെ ഇലോണ്‍ മസ്‌കിന് പിന്നാലെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ക്രിസ്റ്റഫര്‍ ലാന്‍ഡോ, ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മിഷന്‍ ചെയര്‍മാന്‍ ബ്രെന്‍ഡന്‍ കാര്‍ തുടങ്ങിയവര്‍ ആഞ്ഞടിച്ചു. ഇയുവിന്റെ നടപടി അമേരിക്കന്‍ ജനതയ്ക്കുമേലുള്ള ആക്രമണമാണെന്ന് റൂബിയോ തുറന്നടിച്ചു.
യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ഇരട്ടനിലപാട് സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ക്രിസ്റ്റഫര്‍ ലാന്‍ഡോ പറഞ്ഞു. നാറ്റോയുടെ തൊപ്പി വയ്ക്കുമ്പോള്‍ ഒരു നിലപാട്, യൂറോപ്യന്‍ യൂണിയന്റെ തൊപ്പി വയ്ക്കുമ്പോള്‍ മറ്റൊരു നിലപാട്. ഇത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇയുവിന്റെ പല തീരുമാനങ്ങളും ട്രംപ് ഭരണകൂടത്തിന്റെ താല്‍പര്യങ്ങളെയും യുഎസിന്റെ ദേശീയ സുരക്ഷയെയും ഹനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ കടുത്ത വിമര്‍ശനമാണ് മസ്‌ക് നടത്തിയത്. യൂറോപ്യന്‍ യൂണിയന്‍ പിരിച്ചുവിടണമെന്നും രാജ്യങ്ങള്‍ക്ക് പരമാധികാരം തിരികെനല്‍കണമെന്നും മസ്‌ക് അഭിപ്രായപ്പെട്ടു. ട്രംപും യൂറോപ്യന്‍ യൂണിയനും നാറ്റോയും തമ്മിലെ സ്വരച്ചേര്‍ച്ചയില്ലായ്മയുടെ പുതിയ തെളിവായി മാറുകയാണ് എക്‌സിനെതിരായ നിലപാട്. നാറ്റോ അംഗങ്ങള്‍ പ്രതിരോധ ബജറ്റ് ഉയര്‍ത്തണമെന്ന ട്രംപിന്റെ ആവശ്യത്തിന് സമ്മിശ്ര പ്രതികരണമാണ് കിട്ടിയത്. നാറ്റോ സംഘടനയുടെ ആവശ്യം തന്നെയുണ്ടോയെന്ന് നേരത്തേ ചോദ്യമെറിഞ്ഞയാളാണ് ക്രിസ്റ്റഫര്‍ ലാന്‍ഡോ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
