ടിക് ടോക്ക് വില്‍പനയ്ക്ക് കളമൊരുക്കി ട്രംപ്

ടിക് ടോക്കിന്റെ ചൈനീസ് മാതൃകമ്പനി ബൈറ്റ്ഡാന്‍സിന് ഇതു വില്‍ക്കാനുള്ള സമയപരിധി ഏപ്രില്‍ 5 എന്നത് നീട്ടുകയോ അല്ലെങ്കില്‍ യുഎസില്‍ നിരോധനം ഏര്‍പ്പെടുത്തുകയോ ചെയ്യുമെന്നു ട്രംപ് പറഞ്ഞിരുന്നു.

author-image
Biju
New Update
yuuiy

വാഷിങ്ടന്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ടിക് ടോക്കിനെ ലക്ഷ്യംവച്ചിട്ട് വര്‍ഷളായി. ട്രംപിന്റെ എതിര്‍പ്പിന് പ്രധാന കാരണം തന്നെ ടി ടോക്കിനെ നയിക്കുന്നത് ചൈനയാണെന്നുള്ളതാണ്. ഇപ്പോഴിതാ ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ടിക് ടോക്കിന്റെ വില്‍പ്പനയ്ക്കുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമേരിക്ക. 4 ഗ്രൂപ്പുകളുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഡേറ്റ സുരക്ഷിതമല്ലെന്ന ആശങ്കകളുടെ പേരില്‍ നടപടി നേരിടുന്ന സ്ഥാപനമാണു ടിക്ടോക്. അമേരിക്കന്‍ കമ്പനിക്ക് ഉടമസ്ഥാവകാശം കൈമാറാനാണു നീക്കം.

ടിക് ടോക്കിന്റെ ചൈനീസ് മാതൃകമ്പനി ബൈറ്റ്ഡാന്‍സിന് ഇതു വില്‍ക്കാനുള്ള സമയപരിധി ഏപ്രില്‍ 5 എന്നത് നീട്ടുകയോ അല്ലെങ്കില്‍ യുഎസില്‍ നിരോധനം ഏര്‍പ്പെടുത്തുകയോ ചെയ്യുമെന്നു ട്രംപ് പറഞ്ഞിരുന്നു. ജനുവരിയില്‍ എക്‌സിക്യുട്ടീവ് ഉത്തരവിലൂടെ ടിക്ടോക്കിന് ട്രംപ് 75 ദിവസം കാലാവധി നല്‍കിയതാണ്. 

ഈ സമയപരിധി അടുക്കുന്നതിനിടെയാണു പരാമര്‍ശം. ജനുവരി 19ന് കോണ്‍ഗ്രസ് നിശ്ചയിച്ച സമയപരിധി കഴിഞ്ഞതോടെ ആപ്പ് ഓഫ്ലൈനായിരുന്നു. ട്രംപ് അധികാരത്തില്‍ വന്നതോടെയാണ് ടിക് ടോക് താല്‍ക്കാലികമായി പ്രവര്‍ത്തനക്ഷമമായത്.

ടിക് ടോക് വില്‍പ്പനയ്ക്കുള്ള അവസാന തീയതി വൈകാന്‍ സാധ്യതയുണ്ടെന്നും ട്രംപ് സൂചിപ്പിച്ചു. ടിക് ടോക്കിനെ പൂര്‍ണമായും നിരോധിക്കാനുള്ള മുന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളില്‍നിന്നുള്ള ചുവടുമാറ്റമാണു ട്രംപിന്റെ സമീപനമെന്നാണു വിലയിരുത്തല്‍. 

ചൈനയുമായി വ്യാപാര സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണു സമയപരിധി നീട്ടുന്നതെന്നതും ശ്രദ്ധേയം. സംയുക്ത സംരംഭത്തിലൂടെ ടിക് ടോക്കിന്റെ 50 ശതമാനം ഓഹരികള്‍ യുഎസ് ഏറ്റെടുക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചിരുന്നു. വില്‍പ്പന ചര്‍ച്ചകളുടെ മേല്‍നോട്ടത്തിനു വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സിനെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ വാള്‍സിനെയും കഴിഞ്ഞ മാസമാണു ട്രംപ് നിയോഗിച്ചത്.

tik tok donald trump