ഇന്ത്യന്‍ സോളാര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയുടെ 126ശതമാനം അധിക നികുതി

ചൈനീസ് നിക്ഷേപങ്ങളും അസംസ്‌കൃത വസ്തുക്കളും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കുന്നത് തങ്ങളുടെ ആഭ്യന്തര വിപണിയെ തകര്‍ക്കുമെന്നാണ് യുഎസ് വാദിക്കുന്നത്

author-image
Biju
New Update
solar

ന്യൂഡല്‍ഹി: ഇന്ത്യന്‍ സോളാര്‍ മേഖലയ്ക്ക് കനത്ത ആഘാതം സൃഷ്ടിച്ചുകൊണ്ട് സോളാര്‍ സെല്ലുകള്‍ക്കും പാനലുകള്‍ക്കും അമേരിക്ക 126 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി. അമേരിക്കന്‍ വാണിജ്യ വകുപ്പിന്റെ അന്വേഷണ നടപടികളില്‍ നിന്ന് അദാനി ഗ്രൂപ്പിന്റെ രണ്ട് കമ്പനികളായ മുന്ദ്ര സോളാര്‍ എനര്‍ജിയും മുന്ദ്ര സോളാര്‍ പിവിയും പിന്മാറിയതിനെത്തുടര്‍ന്നാണ് യുഎസ് നടപടി. 

ഈ നടപടികളുടെ പ്രധാന ഉത്തരവാദികളായ അദാനി കമ്പനികള്‍ അന്വേഷണത്തോട് സഹകരിക്കാത്തതിനാല്‍, യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കൊമേഴ്സ് അവരുടെ ഏറ്റവും കര്‍ശനമായ നിയമമായ 'അഡ്വേഴ്‌സ് ഫാക്ട്‌സ് അവൈലബിള്‍' പ്രകാരം പിഴ ചുമത്തുകയായിരുന്നു. ഫെബ്രുവരി 20-ലെ ഈ ഉത്തരവ് സൗരോര്‍ജ മേഖലയില്‍ വലിയ നികുതി ഭാരത്തിന് കാരണമായിട്ടുണ്ട്.

അദാനി ഗ്രൂപ്പിന്റെ നടപടി കാരണം മറ്റ് ഇന്ത്യന്‍ സോളാര്‍ കമ്പനികളും ഇപ്പോള്‍ ഈ ഉയര്‍ന്ന നികുതി നല്‍കാന്‍ ബാധ്യസ്ഥരാകും. വാരി എനര്‍ജീസ് , വിക്രം സോളാര്‍ തുടങ്ങിയ പ്രമുഖ കമ്പനികളെയും ഇത് ബാധിക്കും. അമേരിക്കന്‍ വിപണിയെ മാത്രം ലക്ഷ്യം വെച്ച് കയറ്റുമതി നടത്തുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് ഈ തീരുമാനം വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യന്‍ സോളാര്‍ മേഖല ചൈനയില്‍ നിന്നുള്ള ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നുണ്ടെന്നും അമേരിക്കന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ചൈനീസ് നിക്ഷേപങ്ങളും അസംസ്‌കൃത വസ്തുക്കളും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കുന്നത് തങ്ങളുടെ ആഭ്യന്തര വിപണിയെ തകര്‍ക്കുമെന്നാണ് യുഎസ് വാദിക്കുന്നത്.

നിലവില്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ അദാനി ഗ്രൂപ്പ് തയ്യാറായിട്ടില്ല. വിഷയം കോടതിയുടെ പരിഗണനയിലാണെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.