ന്യൂഡല്‍ഹി: ഇന്ത്യന്‍ വാഹന വിപണിയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ നേരിട്ട തളര്‍ച്ചയാണ് വാഹന വിപണിയെ പ്രതികൂലമായി ബാധിച്ചത്. ആഗസ്റ്റില്‍ രാജ്യത്തെ മുന്‍നിര വാഹന കമ്പനികള്‍ വില്പനയില്‍ മൂന്ന് ശതമാനം വരെ ഇടിവ് നേരിട്ടു. ഡീലര്‍മാരുടെ കൈവശമുള്ള വാഹനങ്ങളുടെ ശേഖരം കൂടിയതോടെ പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനികള്‍ ഉത്പാദനം കുറച്ചു. തുടര്‍ച്ചയായ രണ്ടാം മാസമാണ് യാത്രാ വാഹനങ്ങളുടെ വില്പനയില്‍ ഇടിവുണ്ടാകുന്നത്. പുതിയ കണക്കുകളനുസരിച്ച് ആഗസ്റ്റില്‍ വിവിധ കമ്പനികള്‍ 3,55,000 വാഹനങ്ങളാണ് വിറ്റഴിച്ചത്. മാരുതി സുസുക്കി ഡീലര്‍മാര്‍ക്ക് അയക്കുന്ന കാറുകളുടെ എണ്ണത്തില്‍ 13,000 യൂണിറ്റുകളുടെ കുറവുണ്ടെന്ന് മാരുതി സുസുക്കി വിപണന വിഭാഗം സീനിയര്‍ എക്‌സിക്യൂട്ടിവ് ഓഫീസര്‍ പാര്‍ത്തോ ബാനര്‍ജി പറഞ്ഞു.
ആഗസ്റ്റില്‍ മാരുതി കാറുകളുടെ വില്പന 3.9 ശതമാനം ഇടിഞ്ഞു. ആഗസ്റ്റില്‍ മാരുതി മൊത്തം 1,81,782 വാഹനങ്ങളാണ് വിറ്റഴിച്ചത്. മുന്‍വര്‍ഷം ഓഗസ്റ്റിലെ വില്പന 1,89,82 വാഹനങ്ങളായിരുന്നു. ആഭ്യന്തര വിപണിയില്‍ 1,45,570 വാഹനങ്ങളും കയറ്റുമതിയിലൂടെ 26,000 വാഹനങ്ങളുമാണ് വിറ്റഴിച്ചു. മിനി, ഇടത്തരം മോഡലുകളുടെ വില്പനയില്‍ കനത്ത ഇടിവാണ് ദൃശ്യമാകുന്നത്. ബലനോ, സെലേറിയോ, ഡിസയര്‍, സ്വിഫ്റ്റ് തുടങ്ങിയവയുടെയെല്ലാം വില്പനയില്‍ കഴിഞ്ഞ മാസം ഇടിവുണ്ടായി.