ഏപ്രില്‍ മാസത്തെ വാഹന വില്‍പനയില്‍ റെക്കോര്‍ഡ് വര്‍ധനവ്

ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (ഫാഡ) ആണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.

author-image
anumol ps
New Update
vehicle sale

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

മുംബൈ: രാജ്യത്ത് ഏപ്രില്‍ മാസത്തില്‍ നടന്ന വാഹന വില്‍പനയില്‍ റെക്കോര്‍ഡ് വര്‍ധനവ്. 27 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഏപ്രിലില്‍ 22 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്.  ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (ഫാഡ) ആണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 17.4 ലക്ഷം വാഹനങ്ങളായിരുന്നു വിറ്റഴിച്ചത്. 

ഫാഡ പുറത്തുവിട്ട കണക്കുപ്രകാരം ഏപ്രിലില്‍ ഇരുചക്രവാഹന വില്പനയില്‍ 33 ശതമാനമാണ് വര്‍ധനവ്. മുന്‍വര്‍ഷം ഇത് 12.3 ലക്ഷമായിരുന്നു. ഈ വര്‍ഷം 16.4 ലക്ഷമായാണിത് വര്‍ധിച്ചത്. കാര്‍വില്പന 2023 ഏപ്രിലിലെ 2.89 ലക്ഷത്തില്‍നിന്ന് 3.35 ലക്ഷമായി കൂടി. 16 ശതമാനം വര്‍ധന. പുതിയ മോഡലുകള്‍ തുടര്‍ച്ചയായി വിപണിയിലെത്തുന്നത് വില്പന ഉയരാന്‍ കാരണമായിട്ടുള്ളതായും ഫാഡ അറിയിച്ചു. വാണിജ്യവാഹന വില്പന മുന്‍വര്‍ഷത്തെ 88,663 എണ്ണത്തില്‍നിന്ന് 90,707 ആയി ഉയര്‍ന്നു. രണ്ടു ശതമാനമാണ് വര്‍ധനവ്. മുച്ചക്ര വാഹന വില്‍പനയില്‍ ഒമ്പതു ശതമാനവും ട്രാക്ടര്‍ വില്പനയില്‍ ഒരു ശതമാനവുമാണ് വര്‍ധന.

അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്പനയുള്ള കാറുകളുടെ വിഭാഗത്തില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ടാറ്റാ മോട്ടോഴ്‌സിന്റെ പഞ്ച് തന്നെയാണ് ഒന്നാമതെത്തിയിരിക്കുന്നത്. മാര്‍ച്ചില്‍ 17,547 എണ്ണവുമായി മുന്നിലെത്തിയപ്പോള്‍ ഏപ്രിലില്‍ 19,158 എണ്ണമായി ഉയര്‍ന്നു. മാരുതി സുസുക്കിയുടെ വാഗണ്‍ ആര്‍ ആണ് രണ്ടാം സ്ഥാനത്ത്. ഏപ്രിലില്‍ 17,850 വാഗണ്‍ ആറുകള്‍ നിരത്തിലെത്തി. മാര്‍ച്ചിലിത് 16,368 എണ്ണമായിരുന്നു. 

vehicle sale