പ്രതീകാത്മക ചിത്രം
മുംബൈ: എയര്‍ബസ്സില്‍ നിന്ന് 20 പുതുതലമുറ വൈഡ്- ബോഡി എ 330 നിയോ(എ 330-900 ) വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി വിയറ്റ്‌ജെറ്റ്. ഇതുസംബന്ധിച്ച് ഇരുകമ്പനികളും തമ്മില്‍ കരാറിലേര്‍പ്പെട്ടു. 740 കോടി ഡോളര്‍ ചെലവ് വരുന്ന ഈ ഇടപാട് നടന്നത് ഫാംബെറോ ഇന്റര്‍നാഷണല്‍ എയര്‍ ഷോയില്‍ വച്ചാണ്. ഈ വര്‍ഷത്തെ എയര്‍ ഷോയില്‍ നടന്ന ഏറ്റവും വലിയ ഇടപാടുകളിലൊന്നാണിത്. നിലവിലെ എ 330-300 എസ് എയര്‍ക്രാഫ്റ്റുകള്‍ക്ക് പകരമാണ് എ330-900 വരുന്നത്.
ഏഷ്യയിലെ വളരെ വേഗത്തില്‍ വളരുന്ന എയര്‍ലൈനുകളിലൊന്നായ വിയറ്റ്‌ജെറ്റുമായുണ്ടാക്കിയ ഈ കരാര്‍ ഏറ്റവും പുതിയ എയര്‍ബസ് വൈഡ്‌ബോഡി എയര്‍ക്രാഫ്റ്റുകള്‍ക്ക് ലഭിച്ച അംഗീകാരമാണെന്ന് എയര്‍ബസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്(സെയില്‍സ്) ബിനോയ് ഡി സെയിന്റ് എക്‌സ്പറി പറഞ്ഞു. ആഭ്യന്തര- മേഖലാ-ദീര്‍ഘദൂര സര്‍വീസുകള്‍ക്കെല്ലാം അനുയോജ്യമായ എയര്‍ക്രാഫ്റ്റാണ് എ330 നിയോ.
105 വിമാനങ്ങളുള്ള വിയറ്റ് ജെറ്റ് തുടര്‍ച്ചയായി യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതോടൊപ്പം ഭൂഖണ്‍ഡാന്തര സര്‍വീസുകള്‍ കൂടുതലായി ആരംഭിക്കുകയും ചെയ്തു. ഇന്ത്യയില്‍ കൊച്ചി, ന്യൂഡല്‍ഹി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നായി വിയറ്റ്‌നാമിലേക്ക് പ്രതിവാരം 29 സര്‍വീസുകളാണ് വിയറ്റ്‌ജെറ്റ് നടത്തുന്നത്.