വിഴിഞ്ഞം: രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ അടുത്തമാസം തുടങ്ങും

മുഖ്യമന്ത്രിയുടെയും അദാനിയുടെയും സൗകര്യമനുസരിച്ചാവും ജനുവരിയിലെ ഉദ്ഘാടനം നിശ്ചയിക്കുകയെന്നും 2028-ഓടു കൂടി തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു

author-image
Biju
New Update
aqdhjqahj

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ടം ഉള്‍പ്പെട്ട പ്രവര്‍ത്തനങ്ങള്‍ ജനുവരി രണ്ടാംവാരത്തോടെ തുടങ്ങുമെന്ന് മന്ത്രി വി.എന്‍. വാസവന്‍. മുഖ്യമന്ത്രിയുടെയും അദാനിയുടെയും സൗകര്യമനുസരിച്ചാവും ജനുവരിയിലെ ഉദ്ഘാടനം നിശ്ചയിക്കുകയെന്നും 2028-ഓടു കൂടി തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തെ തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആലോചനായോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 2024 ഡിസംബര്‍ മൂന്നിനായിരുന്നു തുറമുഖത്തെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ജനുവരി രണ്ടാം വാരത്തില്‍ തുറമുഖത്തെയും കഴക്കൂട്ടം കാരോട് ദേശീയപാതയെയും തമ്മില്‍ ബന്ധിപ്പിച്ചിട്ടുളള അപ്പ്രോച്ച് റോഡിന്റെ കണക്റ്റിവിറ്റി റോഡിന്റെ ഉദ്ഘാടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ കരമാര്‍ഗമുളള ചരക്കുനീക്കത്തിനുള്ള തുടക്കമാകുമെന്നും മന്ത്രി വ്യക്തമാക്കി.

'ഇതുവരെ തുറമുഖത്ത് വന്നുപോയത് 636 കപ്പലുകളാണ്. 13.25 ലക്ഷം കണ്ടെയ്‌നുകളും കൈകാര്യം ചെയ്യാനായി. ലോകത്തെ മുന്‍നിര ചരക്കുകപ്പലുകളായ എം.എസ്.സി. ടര്‍ക്കി, ഐറീന, വെറോന എന്നിവ വിഴിഞ്ഞം തീരത്തടുത്ത് ചരക്കിറക്കി പോയി. നികുതി ഇനത്തില്‍ സര്‍ക്കാരിലേക്ക് ഇതുവരെ 97 കോടിയോളം രൂപയാണ് ലഭിച്ചിട്ടുള്ളത്.' അദ്ദേഹം പറഞ്ഞു.

'തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനുള്ള ഒരുക്കങ്ങളുമായിട്ടുണ്ട്. പുതിയ കരാര്‍ അനുസരിച്ച്, 2028-ഓടു കൂടി തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തീകരിക്കും. ഇതോടെ വിഴിഞ്ഞം ലോകം ശ്രദ്ധിക്കുന്ന തുറമുഖമായി മാറും. നിലവിലുള്ള 800 മീറ്റര്‍ ബെര്‍ത്തിനോട് 1200 മീറ്റര്‍ കൂടി ചേര്‍ത്ത് നിര്‍മിച്ച് 2000 മീറ്ററാക്കും. വന്‍കിട കമ്പനികളുടെ വലിയകപ്പലുകള്‍ക്ക് ഒരേസമയം കൂടുതല്‍ കപ്പലുകളെത്തിച്ച് ചരക്കിറക്കാനാകും എന്നതും പ്രത്യേകതയാണ്.' മന്ത്രി പറഞ്ഞു.

'തുറമുഖത്തുളള 2.96 കിലോമീറ്റര്‍ നീളമുളള ബ്രേക്ക് വാട്ടറിനൊപ്പം 920 മീറ്റര്‍ കൂടി നിര്‍മിച്ച് 3900 മീറ്ററാക്കും. തുരങ്കപാതയുള്‍പ്പെട്ട റെയില്‍ കണ്ക്ടിവിറ്റിക്കായി 10.7 കിലോമീറ്റര്‍ റെയില്‍ പാതയുടെ ഭൂമിയേറ്റെടുക്കലും പുരോഗമിക്കുന്നു. തുറമുഖത്തിന് ഐസിപി എന്ന ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് സ്റ്റാറ്റസ് ലഭിച്ചതോടെ വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ടുളള കാര്യങ്ങളും നടത്തും. അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ നിന്ന് 10 നോട്ടിക്കല്‍ മൈല്‍ മാത്രം ദൂരംമാത്രമാണ് വിഴിഞ്ഞം തുറമുഖത്തേക്കുളള ദൂരം. 20 മീറ്റര്‍ ആഴം, അടിയില്‍ പാറയുമുള്‍പ്പെട്ട് പ്രകൃതിദത്ത സൗകര്യങ്ങളുമുണ്ട്.' മന്ത്രി പറഞ്ഞു.