/kalakaumudi/media/media_files/2025/02/27/9zwHb9JYwzYkREUZSVxp.jpg)
തിരുവനന്തപുരം: അടുത്ത രണ്ടു ദിവസത്തിനിടയില്‍ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് അടുക്കാന്‍ കാത്തിരിക്കുന്നത് പതിനെട്ടോളം കപ്പലുകള്‍. തുറമുഖത്തു നിര്‍മാണം പൂര്‍ത്തിയായ ബെര്‍ത്തില്‍ ഒരേ സമയം അടുപ്പിക്കാന്‍ കഴിയുക രണ്ടു കപ്പലുകള്‍ മാത്രം. എത്തുമെന്നു പ്രതീക്ഷിക്കുന്ന സമയത്ത് ബെര്‍ത്തില്‍ കപ്പലുണ്ടെങ്കില്‍ ബാക്കി കപ്പലുകള്‍ ഊഴം നോക്കി പുറങ്കടലില്‍ നങ്കൂരമിടുകയോ കൊളംബോ ഉള്‍പ്പെടെ സമീപ തുറമുഖങ്ങളിലേക്കു പോകുകയോ ചെയ്യും.
ഇന്നലെ രണ്ടു കപ്പലുകളാണ് തുറമുഖത്ത് അടുപ്പിച്ച് ചരക്കിറക്കിയത്. ഇതേസമയം തന്നെ മറ്റു നാലു കപ്പലുകള്‍ കൂടി തുറമുഖത്ത് എത്താന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു. ഇന്ന് 7 കപ്പലുകളാണ് തുറമുഖത്തേക്ക് അടുപ്പിക്കാന്‍ ഷെഡ്യൂള്‍ ചെയ്തത്. നാളെ രണ്ടും മാര്‍ച്ച് 1ന് 5 കപ്പലും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. മണിക്കൂറില്‍ ശരാശരി 100 ടിഇയു (ഇരുപതടിക്കു തുല്യമായ യൂണിറ്റ്) കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് നിലവില്‍ തുറമുഖത്തിനുള്ളത്.
10 മണിക്കൂര്‍ കൊണ്ട് ശരാശരി 1000 ടിഇയു കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യും. അടുപ്പിക്കുന്ന കപ്പലില്‍ നിന്ന് ഇറക്കാനും കയറ്റാനുമുള്ള കണ്ടെയ്‌നറുകളുടെ എണ്ണവും അവയുടെ ക്രമീകരണവും അനുസരിച്ച് സമയക്രമത്തില്‍ മാറ്റമുണ്ടാകും. അതിനാല്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന കപ്പലുകളെല്ലാം തുറമുഖത്ത് അടുക്കാന്‍ സാധ്യതയില്ല. ജനുവരിയില്‍ 45 കപ്പലുകളാണ് തുറമുഖത്ത് അടുപ്പിച്ച് കണ്ടെയ്‌നര്‍ മാറ്റം നടത്തിയത്. മാര്‍ച്ചില്‍ ആദ്യ രണ്ടാഴ്ചയ്ക്കിടയില്‍ 17 കപ്പലുകള്‍ വിഴിഞ്ഞത്ത് അടുപ്പിക്കാനായി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.