വിഴിഞ്ഞം രണ്ടാം ഘട്ടം; 15,000 കോടിയുടെ വികസനം

15,000 കോടിയോളം രൂപയുടെ വികസനമാണ് അടുത്ത ഘട്ടങ്ങളില്‍ അദാനി ഗ്രൂപ്പ് വഴി വിഴിഞ്ഞത്ത് നടപ്പാക്കുന്നത്. രണ്ടാം ഘട്ടത്തില്‍, നിലവിലുള്ള 800 മീറ്റര്‍ ബര്‍ത്ത് 1200 മീറ്റര്‍ കൂടി വര്‍ധിപ്പിച്ച് 2000 മീറ്റര്‍ ബര്‍ത്താക്കി മാറ്റും.

author-image
Biju
New Update
DHTF

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം 24ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. അദാനി ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ഗൗതം അദാനിയോ കരണ്‍ അദാനിയോ പങ്കെടുക്കും. തുറമുഖത്തെയും ദേശീയ പാതയേയും ബന്ധിപ്പിച്ച് അദാനി ഗ്രൂപ്പ് പൂര്‍ത്തീകരിച്ച താല്‍ക്കാലിക അപ്രോച്ച് റോഡിന്റെ ഉദ്ഘാടനവും നടക്കും. 

15,000 കോടിയോളം രൂപയുടെ വികസനമാണ് അടുത്ത ഘട്ടങ്ങളില്‍ അദാനി ഗ്രൂപ്പ് വഴി വിഴിഞ്ഞത്ത് നടപ്പാക്കുന്നത്. രണ്ടാം ഘട്ടത്തില്‍, നിലവിലുള്ള 800 മീറ്റര്‍ ബര്‍ത്ത് 1200 മീറ്റര്‍ കൂടി വര്‍ധിപ്പിച്ച് 2000 മീറ്റര്‍ ബര്‍ത്താക്കി മാറ്റും. ഇതോടെ കൂറ്റന്‍ കപ്പലുകള്‍ക്ക് ഒരേസമയം വന്നു ചരക്കിറക്കാന്‍ സാധിക്കും. കൂടാതെ, നിലവിലുള്ള 2.96 കിലോമീറ്റര്‍ ബ്രേക്ക് വാട്ടര്‍ 920 മീറ്റര്‍ കൂടി വര്‍ധിപ്പിച്ച് 3900-ല്‍ പരം മീറ്ററാക്കി മാറ്റും. പുതിയ കരാര്‍ അനുസരിച്ച്, രണ്ടാം, മൂന്നാം, നാലാം ഘട്ടങ്ങള്‍ 2028-ഓടു കൂടി പൂര്‍ത്തീകരിക്കും. ഇതോടെ ആഡംബര കപ്പലുകളും വിഴിഞ്ഞത്ത് അടുക്കും. നിലവില്‍ മദര്‍ഷിപ്പുകള്‍ ഉള്‍പ്പെടെ 698 കപ്പലുകളാണ് തുറമുഖത്ത് എത്തിയത്. 15 ലക്ഷ ടിഇയു കണ്ടെയ്നറുകളും കൈകാര്യം ചെയ്തു. 

എക്സിം കാര്‍ഗോ പോര്‍ട്ടായി വിഴിഞ്ഞം മുന്നേറുമ്പോഴും താല്‍ക്കാലിക അപ്രോച്ച് റോഡിന് അപ്പുറത്തേക്കുള്ള ഒരു തരത്തിലുള്ള കണക്ടിവിറ്റിയും പൂര്‍ത്തിയായിട്ടില്ല. രാജ്യാന്തര തുറമുഖത്തു നിന്നുള്ള റോഡ് ബൈപാസുമായി ബന്ധിപ്പിക്കുന്നതിനു ക്ലോവര്‍ ലീഫ് മാതൃകയിലുള്ള സംവിധാനം ഒരുക്കുമെന്നു പ്രഖ്യാപനം നടത്തിയിരുന്നുവെങ്കിലും ഭൂമി ഏറ്റെടുക്കല്‍ ആരംഭിച്ചിട്ടു പോലുമില്ല. രണ്ടാംഘട്ട നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഇപ്പോഴത്തെ താല്‍ക്കാലിക ഗതാഗത സംവിധാനം അപര്യാപ്തമാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

സമാനമായി റെയില്‍ കണക്ടിവിറ്റിക്കുള്ള നടപടിക്രമങ്ങളും മെല്ലെപ്പോക്കിലാണ്. വിഴിഞ്ഞത്തു നിന്നു ബാലരാമപുരം വരെ നീളുന്ന 10.7 കിലോമീറ്റര്‍ നീളമുള്ള തുരങ്ക റെയില്‍ പാതയാണ് നിര്‍മിക്കാനുദ്ദേശിക്കുന്നത്. ഇതില്‍ 9 കിലോമീറ്ററും ഭൂമിക്കടിയിലൂടെയാണ്. വിഴിഞ്ഞം കരിമ്പള്ളിക്കര ഭാഗത്തു നിന്നു തുടങ്ങി വിഴിഞ്ഞം മുക്കോല -ബാലരാമപുരം റോഡിനു സമാന്തരമായാണ് ഭൂഗര്‍ഭ പാത കടന്നുപോവുക. കൊങ്കണ്‍ റെയില്‍ കോര്‍പറേഷനു നിര്‍മാണ ചുമതലയുള്ള പദ്ധതിക്ക് 1200 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

എന്നാല്‍ അധികൃതരുടെ നിസ്സംഗത മൂലം ഭൂഗര്‍ഭ റെയില്‍ പദ്ധതിയുടെ നിര്‍മാണവും ഇഴഞ്ഞുനീങ്ങുകയാണ്. 2028ല്‍ രണ്ടാംഘട്ട നിര്‍മാണം പൂര്‍ത്തീകരിക്കുമ്പോള്‍ റെയില്‍ കണക്ടിവിറ്റി യാഥാര്‍ഥ്യമായില്ലെങ്കില്‍ തുറമുഖത്തിന്റെ നേട്ടം പൂര്‍ണമായി സംസ്ഥാനത്തിനു ലഭിക്കാത്ത അവസ്ഥയുണ്ടാകും. 

2024 ജൂലൈയില്‍ കപ്പലുകള്‍ വിഴിഞ്ഞത്തു വന്നു തുടങ്ങിയിരുന്നു. ഡിസംബറില്‍ കൊമേഴ്സ്യല്‍ ഓപ്പറേഷന്‍ തുടങ്ങുകയും ചെയ്തു. ഒരു വര്‍ഷവും രണ്ടു മാസവും കഴിഞ്ഞിട്ടും റെയില്‍ പദ്ധതിയുടെ ടെന്‍ഡര്‍ പോലും കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. പദ്ധതി വൈകുന്ന സാഹചര്യത്തില്‍ ജീവനക്കാരുടെ ശമ്പളവും കെട്ടിട വാടകയുമുള്‍പ്പെടെ 4 കോടി രൂപ കുടിശിക ആവശ്യപ്പെട്ട് പദ്ധതി നിര്‍വഹണ ഏജന്‍സിയായ കൊങ്കണ്‍ റെയില്‍വേ വിഴിഞ്ഞം തുറമുഖ കമ്പനിക്കു (വിസില്‍) കത്ത് നല്‍കിയിരുന്നു. 

പദ്ധതിയുടെ കരാര്‍ നടപടികള്‍ക്കുണ്ടായിരുന്ന തടസ്സങ്ങള്‍ നീക്കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഭൂമി ഇതുവരെ ലഭ്യമാക്കിയിട്ടില്ല. 193 കോടി രൂപ റവന്യു വകുപ്പിന്റെ കൈവശമുണ്ടെങ്കിലും പദ്ധതി തുടങ്ങേണ്ട ബാലരാമപുരം മേഖലയില്‍ ഭൂമി കൈമാറുന്നതിനും നഷ്ടപരിഹാരം നല്‍കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ വേഗത്തിലായിട്ടില്ല. 

റെയില്‍ പാതയ്ക്കായുള്ള ഭൂമിയില്‍ ഔട്ടര്‍ റിങ് റോഡ് അലൈന്‍മെന്റ് കടന്നു പോകുന്നതിനാല്‍ അത് ഒഴിവാക്കി ബാക്കി ഏറ്റെടുക്കാമെന്ന് തീരുമാനിച്ചെങ്കിലും തുടര്‍ നടപടി ഇഴയുകയാണ്. പാതയുടെ ഡിപിആര്‍ 2022ല്‍ കൊങ്കണ്‍ റെയില്‍വേ പൂര്‍ത്തിയാക്കിയിരുന്നു. കേരളത്തിന്റെ വീഴ്ച മൂലമാണു ഇതുവരെ പണിയൊന്നും ചെയ്യാനില്ലാതെ കൊങ്കണ്‍ റെയില്‍വേ കെട്ടിടവാടകയും ഉദ്യോഗസ്ഥര്‍ക്കു ശമ്പളവും നല്‍കി വരുന്നത്.

വിഴിഞ്ഞം രാജ്യാന്തര കപ്പല്‍ മേഖലയില്‍ സ്ഥാനം ഉറപ്പിക്കുമ്പോഴും മേഖലയില്‍ അനുബന്ധ വികസനത്തിനുള്ള ഭൂമി കണ്ടെത്താന്‍ സര്‍ക്കാരിനു ഫലപ്രദമായി കഴിഞ്ഞിട്ടല്ല. തുറമുഖം പൂര്‍ണസജ്ജമാകുമ്പോള്‍ വന്‍നിക്ഷേപകരാവും ഭൂമി തേടി കേരളത്തിലേക്ക് എത്തുക. കയറ്റുമതിയും ഇറക്കുമതിയും ആരംഭിച്ചാല്‍ കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍, ലോജിസ്റ്റിക് പാര്‍ക്കുകള്‍, സംഭരണ കേന്ദ്രങ്ങള്‍, ശീതീകരണ കേന്ദ്രങ്ങള്‍ എന്നിവയ്ക്കെല്ലാം ഭൂമി വേണ്ടിവരും. 

കമ്മിഷനിങ് കഴിഞ്ഞതു മുതല്‍ ഒട്ടേറെ കമ്പനികള്‍ പാട്ടത്തിനു ഭൂമി ആവശ്യപ്പെട്ടു സര്‍ക്കാരിനെ സമീപിക്കുന്നുണ്ട്. എന്നാല്‍ നല്‍കാന്‍ സര്‍ക്കാരിന്റെ കയ്യില്‍ സ്ഥലമില്ല. വിഴിഞ്ഞം കേന്ദ്രീകരിച്ചു വ്യവസായ ഇടനാഴി വികസിപ്പിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിക്കും ഭൂമി ഏറ്റെടുക്കല്‍ തുടങ്ങിയിട്ടില്ല. ഭൂമിയുടെ ദൗര്‍ലഭ്യം കണക്കിലെടുത്ത്, എന്തെല്ലാം വ്യവസായ പദ്ധതികളാകാമെന്ന നയമോ, ഡിസൈനോ ഇതുവരെ നിശ്ചയിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ നിക്ഷേപകര്‍ ഭൂമി തേടി തൊട്ടടുത്തുള്ള തമിഴ്നാട്ടിലേക്കു പോകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.