പാരമൗണ്ടിന്റെ 9.79 ലക്ഷം കോടി രൂപയുടെ വാഗ്ദാനം തള്ളി വാര്‍ണര്‍ ബ്രദേഴ്സ്

ചരിത്രനീക്കത്തിലൂടെ വാര്‍ണര്‍ ബ്രദേഴ്സിനെ സ്വന്തമാക്കാന്‍ നെറ്റ്ഫ്ളിക്സ് കരുക്കള്‍ നീക്കുമ്പോഴാണ് വെല്ലുവിളിയുമായി പാരമൗണ്ടും എത്തിയത്. 'ലേലപ്പോരി'ലെ പുതിയ ട്വിസ്റ്റാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.

author-image
Biju
New Update
warner bro

ലോസ്ഏഞ്ചല്‍സ്: ഹോളിവുഡിലെ ഏറ്റവും പഴക്കം ചെന്നതും പേരുകേട്ടതുമായ സ്റ്റുഡിയോകളിലൊന്നായ വാര്‍ണര്‍ ബ്രദേഴ്സിനെ ഏറ്റെടുക്കാനായി സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സും ചലച്ചിത്ര നിര്‍മാണ-വിതരണ കമ്പനിയായ പാരമൗണ്ട് സ്‌കൈഡാന്‍സും (പാരമൗണ്ട് പിക്ചേഴ്സ്) രംഗത്തെത്തിയെന്ന വാര്‍ത്ത കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്. ചരിത്രനീക്കത്തിലൂടെ വാര്‍ണര്‍ ബ്രദേഴ്സിനെ സ്വന്തമാക്കാന്‍ നെറ്റ്ഫ്ളിക്സ് കരുക്കള്‍ നീക്കുമ്പോഴാണ് വെല്ലുവിളിയുമായി പാരമൗണ്ടും എത്തിയത്. 'ലേലപ്പോരി'ലെ പുതിയ ട്വിസ്റ്റാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.

10,840 കോടി ഡോളര്‍ (ഏകദേശം 9.79 ലക്ഷം കോടി രൂപ) ആയിരുന്നു വാര്‍ണര്‍ ബ്രദേഴ്സ് ഏറ്റെടുക്കാനായി പാരമൗണ്ട് മുന്നോട്ടുവെച്ച വാഗ്ദാനം. എന്നാല്‍ നെറ്റ്ഫ്ളിക്സ് 7,200 കോടി ഡോളര്‍ (ഏകദേശം 6.48 ലക്ഷം കോടി രൂപ) ആണ് വാഗ്ദാനം ചെയ്തത്. പൂര്‍ണമായും പണം നല്‍കിയുള്ള ഏറ്റെടുക്കലാണ് പാരമൗണ്ട് മുന്നോട്ടുവെച്ചതെങ്കില്‍ പണത്തിനൊപ്പം നെറ്റ്ഫ്ളിക്സിലെ ഓഹരിയും നല്‍കാമെന്നായിരുന്നു മറുവശത്തെ ഓഫര്‍. പാരമൗണ്ടിന്റെ വമ്പന്‍ തുകയുടെ ഓഫര്‍ വാര്‍ണര്‍ ബ്രദേഴ്സ് നിരസിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ വാര്‍ണര്‍ ബ്രദേഴ്സ് ഡിസ്‌കവറിയുടെ ബോര്‍ഡ് തീരുമാനം ബുധനാഴ്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാരമൗണ്ടിന്റെ ഏറ്റെടുക്കല്‍ ഓഫറിന് എതിരെ വോട്ട് ചെയ്യാന്‍ ഓഹരിയുടമകളോട് വാര്‍ണര്‍ ബ്രദേഴ്സ് ആവശ്യപ്പെടുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ണര്‍ ബ്രദേഴ്സിനെ ഏറ്റെടുക്കുന്നവര്‍ക്ക് വിനോദ വ്യവസായത്തില്‍ വലിയ നേട്ടമാണ് ഉണ്ടാകുക. വാര്‍ണര്‍ ബ്രദേഴ്സിന്റെ ഫിലിം ആന്‍ഡ് ടിവി സ്റ്റുഡിയോ, ഫിലിം ആന്‍ഡ് ടെലിവിഷന്‍ ലൈബ്രറി, എച്ച്ബിഒ, എച്ച്ബിഒ മാക്സ് ചാനലുകള്‍, സ്ട്രീമിങ് സര്‍വീസ് എന്നിവയെല്ലാം വാര്‍ണര്‍ ബ്രദേഴ്സിനെ ഏറ്റെടുക്കുന്നവര്‍ക്ക് സ്വന്തമാകും. 

കാസബ്ലാങ്ക, സിറ്റിസണ്‍ കെയ്ന്‍ പോലുള്ള നിരവധി ക്ലാസിക് ചിത്രങ്ങള്‍, ഹാരിപോട്ടര്‍ ആന്‍ഡ് ഫ്രണ്ട്സ് പോലുള്ള പുതിയ കാലത്തെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍, ഗെയിം ഓഫ് ത്രോണ്‍ പോലുള്ള സീരീസുകള്‍, ഡിസി കോമിക്സ് എന്നിവയെല്ലാം വാര്‍ണര്‍ ബ്രദേഴ്സ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ലൈബ്രറിയുടെ കൈവശമാണുള്ളച്. കണ്ടന്റുകളുടെ കമനീയശേഖരം കൈവശമെത്തുന്നതാണ് വാര്‍ണര്‍ ബ്രദേഴ്സിനെ ഏറ്റെടുക്കുന്നവര്‍ക്ക് വലിയ നേട്ടമുണ്ടാക്കുന്നത്. പുതിയ വാര്‍ത്തയോട് വാര്‍ണര്‍ ബ്രദേഴ്സും പാരമൗണ്ട് സ്‌കൈഡാന്‍സും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

പോളണ്ടില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ജൂതകുടുംബത്തില്‍ പിറന്ന ഹാരി, ആല്‍ബര്‍ട്ട്, സാം, ജാക്ക് വാര്‍ണര്‍ സഹോദരന്മാര്‍ സിനിമാ തിയേറ്റര്‍ ബിസിനസ് തുടങ്ങിക്കൊണ്ട് ബിസിനസില്‍ അരങ്ങേറ്റം കുറിച്ചു. 1903-ലായിരുന്നു അത്. തൊട്ടടുത്ത വര്‍ഷം ചലച്ചിത്ര വിതരണ രംഗത്തേക്ക് ചുവടുവെച്ചു. 1923 ഏപ്രില്‍ നാലിനായിരുന്നു വാര്‍ണര്‍ ബ്രദേഴ്‌സ് പിക്‌ചേഴ്‌സ് എന്ന പേരിലുള്ള കമ്പനിക്ക് തുടക്കമിട്ടത്. പില്‍ക്കാലത്ത് കമ്പനിയുടെ ഉടമസ്ഥത പലതവണ മാറിമറിഞ്ഞു.