/kalakaumudi/media/media_files/2025/11/16/alpha-2025-11-16-11-14-53.jpg)
വാഷിങ്ടണ്‍: ലോകപ്രശസ്ത നിക്ഷേപകനായ വാറന്‍ ബഫറ്റിന്റെ ബെര്‍ക്ക്ഷെയര്‍ ഹാത്തവേ മൂന്നാം പാദത്തില്‍ ഗൂഗിളിന്റെ മാതൃ സ്ഥാപനമായ ആല്‍ഫബെറ്റിന്റെ 17.9 ദശലക്ഷം ഓഹരികള്‍ പുതുതായി വാങ്ങി. മൊത്തം 490 കോടി ഡോളറിന്റെ (ഏകദേശം 43,450 കോടി രൂപ) നിക്ഷേപമാണ് ഇതിനായി നടത്തിയതെന്ന് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് നല്‍കിയ ഫയലിംഗില്‍ വ്യക്തമാക്കി.
അതേസമയം, ബാങ്ക് ഓഫ് അമേരിക്കയിലും ആപ്പിളിലുമുള്ള ഓഹരികള്‍ വിറ്റഴിക്കുന്നത് മൂന്നാം പാദത്തിലും തുടര്‍ന്നിരിക്കുകയാണ്. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ബെര്‍ക്ക്ഷെയര്‍ മൊത്തം 640 കോടി ഡോളറിന്റെ ഓഹരികള്‍ വാങ്ങിയപ്പോള്‍ 1,250 കോടി ഡോളറിന്റെ ഓഹരികളാണ് വിറ്റഴിച്ചത്. കമ്പനിയുടെ കാഷ് ഹോള്‍ഡിംഗ്സ് 38,170 കോടി ഡോളറാണ്.
ബെര്‍ക്ക് ഷെയര്‍ ഹാത്തവേയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പദവിയില്‍ നിന്ന് ആറ് ദശാബ്ദത്തിനു ശേഷം വാറന്‍ ബഫറ്റ് ഒഴിയുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍ പുറത്തു വന്നിരിക്കുന്നത്.
ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിലെ ഓഹരികള്‍ 280 ദശലക്ഷത്തില്‍ നിന്ന് 238.2 ദശലക്ഷമായാണ് മൂന്നാം പാദത്തില്‍ കുറച്ചത്. ഒരുകാലത്ത് 900 ദശലക്ഷത്തിലധികം ഓഹരികള്‍ ബെര്‍ക്ക് ഷെയര്‍ കൈവശം വച്ചിരുന്നു. അതായത് മുക്കാല്‍ ഭാഗവും ഇതിനകം വിറ്റഴിച്ചു. എന്നിരുന്നാലും ബെര്‍ക്ക്ഷെയറിന്റെ കൈവശമുള്ള ഓഹരികളില്‍ ഏറ്റവും മുന്നില്‍ ആപ്പിള്‍ തന്നെയാണ്. ഏകദേശം 6,070 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികളാണ് ആപ്പിളില്‍ ബെര്‍ക്ക്ഷെയറിനുള്ളത്. ഇതു മാത്രമല്ല ബെര്‍ക്ക്ഷെയറിന്റെ ഓഹരി പോര്‍ട്ട്ഫോളിയോയുടെ കാല്‍ഭാഗവും ആപ്പിള്‍ ഓഹരികളാണ്.
ബാങ്ക് ഓഫ് അമേരിക്കയുടെ ഓഹരികളാണ് മൂന്നാം പാദത്തില്‍ വാറന്‍ ബഫറ്റിന്റെ കമ്പനി വിറ്റ മറ്റൊരു ഓഹരി., മൊത്തം 37.2 മില്യണ്‍ ഓഹരികള്‍ (6 ശതമാനം) വിറ്റു. ഇതോടെ ബാങ്ക് ഓഫ് അമേരിക്കയിലെ ഓഹരി പങ്കാളിത്തം 7.7 ശതമാനമായി. കഴിഞ്ഞ വര്‍ഷം മൂന്നാം പാദം മുതല്‍ ഈ ഓഹരി തുടര്‍ച്ചയായി വിറ്റഴിക്കുന്നുണ്ട്. ബെര്‍ക്ക്ഷെയറിന്റെ ഹോള്‍ഡിംഗില്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോഴും ബാങ്ക് ഓഫ് അമേരിക്ക.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
