മുംബൈ: തുടര്‍ച്ചയായ നാലാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി കനത്ത തകര്‍ച്ച നേരിട്ടു. പലിശ കുറയ്ക്കുന്നതില്‍ ഫെഡറല്‍ റിസര്‍വ് വിമുഖത പ്രകടിപ്പിച്ചതിന്റെ ആഘാതത്തില്‍ പ്രധാന ഓഹരി സൂചികകള്‍ നിലംപൊത്തി. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 1176.41 പോയിന്റ് നഷ്ടവുമായി 78,041.59ല്‍ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്റ്റി 364.20 പോയിന്റ് ഇടിഞ്ഞ് 23,587.50ല്‍ എത്തി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരി വിലയിലും കനത്ത ഇടിവുണ്ടായി. ബാങ്കിംഗ്, റിയല്‍റ്റി, വാഹന, ഐ.ടി മേഖലകളിലെ ഓഹരികളാണ് പ്രധാനമായും തകര്‍ച്ച നേരിട്ടത്. ടെക്ക് മഹീന്ദ്ര, ഇന്‍ഡസ് ഇന്‍ഡ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ട്രെന്റ് എന്നിവയാണ് ഇടിവിന് നേതൃത്വം നല്‍കിയത്.
ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കാഡ് പുതുക്കി താഴേക്ക് നീങ്ങുന്നതില്‍ ആശങ്കാകുലരായ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ സൃഷ്ടിച്ച വില്‍പ്പന സമ്മര്‍ദ്ദമാണ് വിപണിക്ക് തിരിച്ചടി സൃഷ്ടിക്കുന്നത്. അഞ്ച് ദിവസത്തിനിടെ സെന്‍സെക്സ് സൂചികയില്‍ 4,000 പോയിന്റ് ഇടിവാണുണ്ടായത്. നിഫ്റ്റിയില്‍ ഇക്കാലയളവില്‍ 1,200 പോയിന്റ് നഷ്ടമുണ്ടായി. രണ്ടര വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ പ്രതിവാര നഷ്ടമാണിത്. ഡിസംബര്‍ 19ന് വിദേശ നിക്ഷേപകര്‍ 4,224.92 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ ഓഹരികളും കനത്ത വില്‍പ്പന സമ്മര്‍ദ്ദമാണ് നേരിടുന്നത്.
ഒരവസരത്തില്‍ 85.10 വരെ താഴ്ന്ന് റെക്കാഡ് പുതുക്കിയ രൂപ റിസര്‍വ് ബാങ്കിന്റെ വിപണി ഇടപെടലോടെ 85.01ല്‍ വ്യാപാരം അവസാനിപ്പിച്ചു. പൊതുമേഖല ബാങ്കുകള്‍ വഴി റിസര്‍വ് ബാങ്ക് വിപണിയില്‍ ഡോളര്‍ വിറ്റഴിച്ചതാണ് പിന്തുണയായത്. എന്നാല്‍ കഴിഞ്ഞ വാരം രൂപയുടെ മൂല്യത്തില്‍ 0.2 ശതമാനം ഇടിവുണ്ടായി.
ഫെഡറല്‍ റിസര്‍വിന്റെ ധനനയ അവലോകന യോഗത്തിന് ശേഷം ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്കോയിനിന്റെ വിലയും ഇടിഞ്ഞു. ഏഴ് ശതമാനം ഇടിഞ്ഞ് 92,292.07 ഡോളറായി. രണ്ട് ദിവസം മുന്‍പ് ബിറ്റ്കോയിനിന്റെ വില 102,000 ഡോളറായിരുന്നു. കഴിഞ്ഞ വാരം 108,309 ഡോളര്‍ വരെ ഉയര്‍ന്നതിന് ശേഷമാണ് ബിറ്റ്കോയിന്‍ തുടര്‍ച്ചയായി മൂക്കുകുത്തിയത്. അമേരിക്കന്‍ സര്‍ക്കാരിന്റെ ശേഖരത്തില്‍ ബിറ്റ്കോയിന്‍ ഉള്‍പ്പെടുത്തുന്ന നടപടികളുണ്ടാകില്ലെന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ വ്യക്തമാക്കിയിരുന്നു. വിദേശ നാണയ ശേഖരത്തില്‍ ക്രിപ്റ്റോ കറന്‍സികള്‍ ഉള്‍പ്പെടുത്തുമെന്നാണ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നത്.