ഇന്ത്യന്‍ ധനകാര്യ മേഖലയില്‍ ചില പ്രശ്നങ്ങളുണ്ട്; ലോകബാങ്കിന്റെ മുന്നറിയിപ്പ്

രണ്ട് ഏജന്‍സികളുടേയും സംയുക്ത സംരംഭമായ 'ഫിനാന്‍ഷ്യല്‍ സെക്ടര്‍ അസസ്‌മെന്റ് പ്രോഗ്രാമി'ലാണ് ഈ കണ്ടെത്തലുകള്‍

author-image
Biju
New Update
world bank

ന്യൂഡല്‍ഹി: ഇന്ത്യന്‍ ധനകാര്യ മേഖലയിലെ നിയന്ത്രണ സംവിധാനങ്ങളില്‍ ചില 'വിടവുകള്‍' ഉണ്ടെന്ന് ലോകബാങ്കും അന്താരാഷ്ട്ര നാണയ നിധിയും . രണ്ട് ഏജന്‍സികളുടേയും സംയുക്ത സംരംഭമായ 'ഫിനാന്‍ഷ്യല്‍ സെക്ടര്‍ അസസ്‌മെന്റ് പ്രോഗ്രാമി'ലാണ് ഈ കണ്ടെത്തലുകള്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള 32 രാജ്യങ്ങളിലെ ധനകാര്യ മേഖലയുടെ അവസ്ഥ ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും ഇത്തരത്തില്‍ വിലയിരുത്താറുണ്ട്.

വിവിധ സാമ്പത്തിക ആഘാതങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്നത്ര ശക്തമാണ് ഇന്ത്യയിലെ വായ്പാ സ്ഥാപനങ്ങള്‍ എന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയിലെ മൊത്തം ധനകാര്യ ആസ്തികള്‍ ജിഡിപിയുടെ 187 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. ബാങ്കുകളേക്കാള്‍ വേഗത്തിലാണ് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ വളര്‍ന്നത്. 2024-ല്‍ ധനകാര്യ മേഖലയിലെ മൊത്തം ആസ്തിയുടെ 44% ഇവരുടെ സംഭാവനയാണ്.
ആശങ്കയുയര്‍ത്തുന്ന ചില പ്രശ്നങ്ങള്‍

പ്രധാന പ്രശ്നങ്ങള്‍ ഇവയാണ്:

1. നിയമപരമായ അധികാരമില്ലായ്മ

നിയന്ത്രണ സ്ഥാപനങ്ങള്‍ക്ക് നിയമപരമായും സ്ഥാപനപരമായും കൂടുതല്‍ അധികാരവും സ്വാതന്ത്ര്യവും നല്‍കണം. നിലവിലുള്ള നിയമനിര്‍മ്മാണങ്ങളിലൂടെ ഇത് സാധ്യമാക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

2. പൊതു-സ്വകാര്യ സ്ഥാപനങ്ങളിലെ ഇരട്ടനീതി

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കും വ്യത്യസ്തമായ നിയന്ത്രണ ചട്ടക്കൂടുകള്‍ നിലനില്‍ക്കുന്നത് ആശങ്കയുണ്ടാക്കുന്നു. നിയന്ത്രണങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ബാധകമാകണം.

3. പൊതുമേഖലാ എന്‍ബിഎഫ്സികള്‍ ഉയര്‍ത്തുന്ന ഭീഷണി

സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള, അടിസ്ഥാന സൗകര്യ വികസനത്തിന് വായ്പ നല്‍കുന്ന ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ശക്തമായ നിയമങ്ങള്‍ ബാധകമല്ലാത്തത് പ്രശ്നമാണ്. ഊര്‍ജ്ജ , അടിസ്ഥാന സൗകര്യ വായ്പകളിലെ ഇവയുടെ വന്‍ സ്വാധീനം കാരണം ധനകാര്യ മേഖലയില്‍ ഇവ ഒരു അപകടസാധ്യത സൃഷ്ടിക്കുന്നു.

4. മേല്‍നോട്ടത്തിലുള്ള വീഴ്ചകള്‍

ഒന്നിലധികം ധനകാര്യ സ്ഥാപനങ്ങളുള്ള വലിയ കമ്പനികളുടെ മേല്‍നോട്ടത്തില്‍ പോരായ്മയുണ്ട്. വിവിധ നിയന്ത്രണ സ്ഥാപനങ്ങളെ ഏകോപിപ്പിക്കുന്ന ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ഡെവലപ്‌മെന്റ് കൗണ്‍സിലിന് നിയമപരമായ അധികാരം ഇല്ലാത്തതിനാല്‍, കൂട്ടായ മേല്‍നോട്ടം നടത്താനോ നിയന്ത്രണ നടപടികള്‍ നടപ്പിലാക്കാനോ കഴിയുന്നില്ല.

റിസര്‍വ് ബാങ്കിന്റെ അധികാരങ്ങളെക്കുറിച്ചും നിയന്ത്രണ ചട്ടക്കൂടിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പ്രത്യേക ആശങ്കകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആര്‍ബിഐയുടെ തീരുമാനങ്ങള്‍ ധനകാര്യ മന്ത്രാലയം തിരുത്തിയെഴുതുന്നു എന്ന ആരോപണമുണ്ട്. അതിനാല്‍, ആര്‍ബിഐ തീരുമാനങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്ന അപ്പലേറ്റ് അതോറിറ്റിയുടെ അധികാരം ഒരു സ്വതന്ത്ര ഏജന്‍സിക്ക് കൈമാറണം എന്ന് ലോകബാങ്ക് ശുപാര്‍ശ ചെയ്യുന്നു. ആര്‍ബിഐ ബോര്‍ഡില്‍ ധനകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധിയുണ്ട്. ഗവര്‍ണറെയും ഡെപ്യൂട്ടി ഗവര്‍ണറെയും ഡയറക്ടര്‍മാരെയും മതിയായ കാരണം കൂടാതെ നീക്കം ചെയ്യാന്‍ സര്‍ക്കാരിന് കഴിയും. ആര്‍ബിഐക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ബാങ്കുകളുടെ പരിശോധന ആവശ്യപ്പെടാനും ബോര്‍ഡ് മാറ്റി സ്ഥാപിക്കാനും സര്‍ക്കാരിന് അധികാരമുണ്ട്. ഇവയെല്ലാം സര്‍ക്കാരിന്റെ ഇടപെടലായി റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു.