/kalakaumudi/media/media_files/2025/10/08/modi-shijin-ping-2025-10-08-10-06-41.jpg)
ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച കനത്ത തീരുവയും ഇന്ത്യയെ തളര്‍ത്തില്ലെന്ന് സൂചിപ്പിച്ച് ലോകബാങ്ക്. ഇന്ത്യയുടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ (2025-26) പ്രതീക്ഷിത വളര്‍ച്ചനിരക്ക് നേരത്തേ വിലയിരുത്തിയ 6.3 ശതമാനത്തില്‍ നിന്ന് 6.5 ശതമാനത്തിലേക്ക് ലോകബാങ്ക് ഉയര്‍ത്തുകയും ചെയ്തു. 2026-27ലെ വളര്‍ച്ചാപ്രതീക്ഷ 6.5ല്‍ നിന്ന് 6.7 ശതമാനമായും കൂട്ടി.
ഇന്ത്യ ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സാമ്പത്തികശക്തിയായി (ഫാസ്റ്റസ്റ്റ് ഗ്രോവിങ് മേജര്‍ ഇക്കണോണി) തുടരുമെന്നും ലോകബാങ്ക് വ്യക്തമാക്കി. ആഭ്യന്തര ഉപഭോക്തൃവിപണി കാഴ്ചവയ്ക്കുന്ന കരുത്തുറ്റ വളര്‍ച്ചയാണ് ഇന്ത്യയ്ക്ക് നേട്ടമാവുക. കാര്‍ഷിക ഉല്‍പാദനവും ഗ്രാമീണമേഖലയിലെ വേതനവര്‍ധനയും കരുത്താവും. ട്രംപ് 50% തീരുവ പ്രഖ്യാപിച്ചത് തിരിച്ചടിയാണെങ്കിലും മുന്‍നിര രാജ്യങ്ങളുമായുള്ള വ്യാപാരക്കരാറുകളിലൂടെ ആഘാതം കുറയ്ക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും ലോകബാങ്ക് വിലയിരുത്തുന്നു.
വ്യാപാരക്കരാറുകള്‍ വഴി സ്വകാര്യനിക്ഷേപം, വ്യാപാരംഗത്തെ മത്സരക്ഷമത, തൊഴിലവസരങ്ങള്‍ എന്നിവ കൂട്ടാനും ഇന്ത്യയ്ക്കാകുമെന്ന് ലോകബാങ്ക് വ്യക്തമാക്കി. യുഎസുമായി ഇപ്പോഴും ഭിന്നതയില്‍ തുടരുന്ന ചൈനയുടെ വളര്‍ച്ചാപ്രതീക്ഷയും ലോകബാങ്ക് കൂട്ടിയിട്ടുണ്ട്. നേരത്തേ വിലയിരുത്തിയ 4ല്‍ നിന്ന് 4.8 ശതമാനത്തിലേക്കാണ് ഈ വര്‍ഷത്തെ വളര്‍ച്ചാഅനുമാനം തിരുത്തിയത്. ഷി ഗവണ്‍മെന്റ് നടപ്പാക്കുന്ന ഉത്തേജക പദ്ധതികള്‍ ചൈനയ്ക്ക് കരുത്താവുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ട്രംപിന്റെ തീരുവയുദ്ധത്തിന്റെ പശ്ചാത്തലത്തിലും രാജ്യാന്തര വ്യാപാരരംഗം 2025ല്‍ 2.4% വളരുമെന്ന് ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) അഭിപ്രായപ്പെട്ടു. ഓഗസ്റ്റില്‍ വളര്‍ച്ച വെറും 0.9% ആയിരുന്നു. 2024ല്‍ 2.8 ശതമാനവും. എന്നാല്‍, തീരുവ വര്‍ധനയുടെ ആഘാതം ദൃശ്യമാകുന്ന പൂര്‍ണവര്‍ഷം 2026 ആയിരിക്കും. വളര്‍ച്ചനിരക്ക് 2026ല്‍ 2.6 ശതമാനത്തിലേക്ക് താഴുമെന്ന മുന്നറിയിപ്പും ഡബ്ല്യുടിഒ നല്‍കി. ഉയര്‍ന്ന തീരുവ പ്രാബല്യത്തിലാകുംമുന്‍പ് വിവിധ രാജ്യങ്ങള്‍ കയറ്റുമതി ഉഷാറാക്കിയതാണ് 2025ല്‍ കാര്യമായ പരുക്കേല്‍ക്കാതിരിക്കാന്‍ കാരണം. അതുകൊണ്ടുതന്നെ, താരിഫ് പ്രഹരത്തിന്റെ ആഘാതം പ്രതിഫലിക്കുക 2026ല്‍ ആയിരിക്കുമെന്നും സംഘടന പറയുന്നു.
യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള സ്റ്റീലിന് 50% തീരുവ ഏര്‍പ്പെടുത്തിയ ട്രംപിന്റെ തീരുമാനത്തെ, അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചത് വന്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. 50% തീരുവമൂലമുണ്ടാകുന്ന ആഘാതം മറികടക്കാന്‍ യൂറോപ്യന്‍ യൂണിയനിലേക്ക് എത്തുന്ന സ്റ്റീലിനും അതേ തീരുവ ഏര്‍പ്പെടുത്താനാണ് തീരുമാനം.
അധികരിച്ച ഉല്‍പാദനമുള്ള ചൈനയില്‍ നിന്നുള്ള അമിതമായ ഇറക്കുമതിക്ക് തടയിടുകയാണ് ലക്ഷ്യമെന്ന് യൂറോപ്യന്‍ യൂണിയന്‍ വാദിക്കുന്നുണ്ടെങ്കിലും, തിരിച്ചടിയേല്‍ക്കുക ബ്രിട്ടനായിരിക്കുമെന്നാണ് വിലയിരുത്തല്‍. കാരണം, യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളിലേക്ക് ഏറ്റവുമധികം സ്റ്റീല്‍ എത്തുന്നത് നിലവില്‍ ബ്രിട്ടനില്‍ നിന്നാണ്. തീരുവ കൂട്ടിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ബ്രിട്ടീഷ് കമ്പനികള്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍, ക്വോട്ട അടിസ്ഥാനത്തില്‍ തീരുവ ഇളവ് നല്‍കണമെന്നും ബ്രിട്ടന്‍ ആവശ്യപ്പെടുന്നു.