ഡോളറിന് പകരം ബ്രിക്‌സ് ഡിജിറ്റല്‍ കറന്‍സി, നിര്‍ണായക നിര്‍ദേശവുമായി ആര്‍ബിഐ

അടുത്ത ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യ ഇക്കാര്യം പ്രമേയമായി അവതരിപ്പിക്കണമെന്നും ആര്‍ബിഐ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയെക്കൂടാതെ ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളാണ് ബ്രിക്‌സ് അംഗങ്ങള്‍.

author-image
Biju
New Update
RBI

ന്യൂഡല്‍ഹി: ബ്രിക്‌സ് രാജ്യങ്ങളിലെ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സികള്‍ പരസ്പരം ബന്ധിപ്പിക്കാനുള്ള നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്. അംഗരാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര ഇടപാടുകള്‍ വേഗത്തിലും എളുപ്പത്തിലും ചെയ്യാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് ആര്‍ബിഐ കരുതുന്നത്. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ ഡോളറിനെ കൂടുതല്‍ ആശ്രയിക്കുന്നത് ഒഴിവാക്കാനും സാധിക്കും. 

അടുത്ത ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യ ഇക്കാര്യം പ്രമേയമായി അവതരിപ്പിക്കണമെന്നും ആര്‍ബിഐ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയെക്കൂടാതെ ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളാണ് ബ്രിക്‌സ് അംഗങ്ങള്‍. 

ബ്രിക്‌സ് ഡിജിറ്റല്‍ കറന്‍സി നീക്കം യുഎസിനെ പ്രകോപിപ്പിക്കാന്‍ സാധ്യതയുണ്ട്. ബ്രിക്‌സ് നീക്കം അമേരിക്കന്‍ വിരുദ്ധമാണെന്നാണ് ട്രംപിന്റെ വാദം. സ്വന്തം കറന്‍സിയുമായി ബ്രിക്‌സ് മുന്നോട്ട് നീങ്ങിയാല്‍ അധിക തീരുവ ചുമത്തുമെന്ന് നേരത്തെ തന്നെ ട്രംപ് പറഞ്ഞിരുന്നു. 

എന്നാല്‍ ബ്രിക്‌സ് കറന്‍സിയെന്ന ആശയം ഇന്ത്യയുടെ മുന്നിലില്ലെന്നാണ് ഇതുവരെയും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നത്. പുതിയ റിപ്പോര്‍ട്ടുകളോട് കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവില്‍ മിക്ക രാജ്യങ്ങളുമായും അമേരിക്കന്‍ ഡോളറിലാണ് ഇന്ത്യ വിദേശ വ്യാപാരം ചെയ്യുന്നത്. ചില രാജ്യങ്ങളുമായി ഇന്ത്യന്‍ രൂപയിലും ഇടപാടുകള്‍ നടത്തുന്നുണ്ട്. ബ്രിക്‌സ് ഡിജിറ്റല്‍ കറന്‍സിയിലേക്ക് ഇടപാടുകള്‍ മാറിയാല്‍ വിദേശ വ്യാപാര രംഗത്ത് വലിയ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.