രാജ്യത്തെ അതിസമ്പന്നരുടെ ഹുറൂണ്‍ പട്ടികയില്‍ ഇടം നേടി മലയാളികള്‍; ഏറ്റവും സമ്പന്നന്‍ യൂസഫലി, അംബാനിയെ മറികടന്ന് ഒന്നാമതായി അദാനി

55,000 കോടി രൂപയുടെ ആസ്തിയുള്ള ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ.യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി.

author-image
anumol ps
New Update
m a yusaf ali

എംഎ യൂസഫലി

Listen to this article
0.75x 1x 1.5x
00:00 / 00:00





 

മുംബൈ: രാജ്യത്തെ അതിസമ്പന്നരുടെ ആസ്തി വിവരങ്ങളുമായി പുറത്തുവന്ന ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റില്‍ ആദ്യ നൂറു പേരില്‍ ഇടം നേടി  ആറു മലയാളികള്‍.  55,000 കോടി രൂപയുടെ ആസ്തിയുള്ള ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ.യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. യുഎഇ  ആസ്ഥാനമായ ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ 31,300 കോടിയുടെ സമ്പത്തുമായി പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ മലയാളിയായി.  

ഇന്ത്യയിലെയും മിഡില്‍ ഈസ്റ്റിലെയും പ്രമുഖ ബിസിനസ് നേതാവെന്ന സ്ഥാനം വീണ്ടും ഉറപ്പിച്ച് മലയാളികളില്‍ ഒന്നാമതെത്തിയ എംഎ യൂസഫലി ദേശീയ പട്ടികയില്‍ 40-ാം സ്ഥാനത്താണ്.  ജ്വല്ലറി മേഖലയിലെ പ്രമുഖനായ ജോയ് ആലുക്കാസ് 42,000 കോടി രൂപയുടെ സമ്പത്തുമായി മലയാളികളില്‍  രണ്ടാമതാണ്.  ഇന്‍ഫോസിസിന്റെ സഹസ്ഥാപകനും സാങ്കേതിക മേഖലയിലെ പ്രമുഖനുമായ ക്രിസ് ഗോപാലകൃഷ്ണനാണ് 38,500 കോടി രൂപയുടെ ആസ്തിയുമായി മൂന്നാമത്. കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ ടിഎസ് കല്യാണരാമനും കുടുംബവും 37,500 കോടി രൂപയുടെ സമ്പത്തുമായി നാലാമത്. മുന്‍വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റമുണ്ടാക്കിയ കല്യാണരാമനും കുടുംബവും ദേശീയ പട്ടികയില്‍ 65-ാം സ്ഥാനത്തെത്തി. 

വിദ്യാഭ്യാസ സംരംഭകനായ സണ്ണി വര്‍ക്കി 31,900 കോടി രൂപ ആസ്തിയുമായി മലയാളികളില്‍ അഞ്ചാമതാണ്. യുഎഇ ആസ്ഥാനമായ സ്വകാര്യസ്‌കൂള്‍ ഗ്രൂപ്പ് ജെംസ് എഡ്യൂക്കേഷന്റെ സ്ഥാപകനാണ് അദ്ദേഹം. ആദ്യ നൂറിലെ മലയാളി യുവ സമ്പന്നനായ ഡോ. ഷംഷീര്‍ വയലില്‍ മിഡില്‍ ഈസ്റ്റ്, ഇന്ത്യ എന്നിവിടങ്ങളില്‍ അതിവേഗം വളരുന്ന പ്രീ ഹോസ്പിറ്റല്‍, ഹോസ്പിറ്റല്‍ ശൃംഖലയുടെ ഉടമയാണ്. കേരളത്തില്‍ നിന്നാകെ 19 ശതകോടിപതികളാണ് പട്ടികയിലുള്ളത്. 

ആയിരം കോടിക്ക് മുകളില്‍ ആസ്തിയുള്ള 1539 പേരാണ് ഹുറൂണ്‍ പട്ടികയില്‍ ഇക്കുറി ഇടം നേടിയിരിക്കുന്നത്. ശത കോടീശ്വരരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായെന്ന് കണ്ടെത്തുന്ന പട്ടികയില്‍ 11.6 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള ഗൗതം അദാനിയാണ് ഒന്നാമത്. 10.14 ലക്ഷം കോടി രൂപയുടെ സമ്പത്തുമായി മുകേഷ് അംബാനി രണ്ടാമത്. 3.14 ലക്ഷംകോടി രൂപയുടെ സമ്പത്തുമായി എച്ച്സിഎല്‍ ടെക്നോളജീസിന്റെ ശിവ് നാടാരും കുടുംബവുമാണ് മൂന്നാമത്.

billionaires Hurun list MA Yusuf Ali