അറസ്റ്റിലായ എ ആകാശ്
മംഗളൂരു: 1.71 കോടിയുടെ സൈബര്‍ തട്ടിപ്പ് കേസില്‍ മലയാളി യുവാവിനെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലയിലെ ചോക്കാത്ത് സ്വദേശിയായ എ. ആകാശാണ് (22) അറസ്റ്റിലായത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പ്രതിനിധിയായി ആള്‍മാറാട്ടം നടത്തുന്ന അജ്ഞാത വ്യക്തിയില്‍ നിന്ന് ശല്യപ്പെടുത്തുന്ന കോളുകളും സന്ദേശങ്ങളും ലഭിച്ചതായി ലഭിച്ച പരാതിയുടെ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്. പരാതിക്കാരന്റെ പേരില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അത് മുംബൈയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്നും ആള്‍മാറാട്ടക്കാരന്‍ അവകാശപ്പെട്ടു. മുംബൈയിലെ കാനറ ബാങ്കില്‍ പരാതിക്കാരന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് തുറന്ന് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പരാതിക്കാരനില്‍ നിന്ന് ഘട്ടംഘട്ടമായി 1.71 കോടി രൂപയാണ് തട്ടിയെടുത്തത്. അന്വേഷണത്തില്‍ ആകാശിന്റെ പങ്കാളിത്തം കണ്ടെത്തിയ പൊലീസ് ഇയാളുടെ ബാങ്ക് അക്കൗണ്ട് സൈബര്‍ കുറ്റകൃത്യവുമായി ബന്ധമുള്ളതായി സ്ഥിരീകരിക്കുകയായിരുന്നു. കേരളത്തില്‍ നിന്ന് മംഗളൂരുവില്‍ എത്തിച്ച യുവാവിനെ കോടതിയില്‍ ഹാജരാക്കി. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.