/kalakaumudi/media/media_files/2025/10/02/img-20251001-wa00031-2025-10-02-09-16-06.jpg)
​കൊല്ലം: ഒക്ടോബർ 1, 2 തീയതികളിലെ ഡ്രൈ ഡേ ലക്ഷ്യമിട്ട് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വൻ മദ്യശേഖരം കൊല്ലം എക്സൈസ് സർക്കിൾ ഓഫീസ് നടത്തിയ റെയ്ഡിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു.
​തൃക്കടവൂർ വില്ലേജിൽ നീരാവിൽ, അക്ഷരമുറ്റം റസിഡൻസ് നഗറിൽ വിളയിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ വിൽസൺ എന്ന് വിളിക്കുന്ന ജോൺപോൾ (44) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നിന്നാണ് 206 കുപ്പികളിലായി 103 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തത്.
​കൊല്ലം എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ആർ. രജിത്തിന്റെ നേതൃത്വത്തിൽ നീരാവിൽ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മദ്യക്കടത്ത് കണ്ടെത്തിയത്.
​പരിശോധനാ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ എസ്.ആർ. ഷെറിൻ രാജ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ആർ. സതീഷ് ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. സിദ്ദൂ, റ്റി. ശ്യാംകുമാർ, വി. അജീഷ് ബാബു, വനിത സിവിൽ എക്സൈസ് ഓഫീസർ സുനിത എൽ, എക്സൈസ് ഡ്രൈവർ ആ. ശിവപ്രകാശ് എന്നിവർ പങ്കെടുത്തു.
ഒരാഴ്ചയ്ക്കിടെ പിടിച്ചത് 226 ലിറ്റർ മദ്യം
കൊല്ലം എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 226 ലിറ്റർ വിദേശമദ്യമാണ് പിടിച്ചെടുത്തത്. ഇതിൽ 123 ലിറ്റർ കേരളത്തിൽ വിൽപ്പന അവകാശമില്ലാത്ത അന്യസംസ്ഥാന മദ്യമാണ്. അന്യസംസ്ഥാന മദ്യം കടത്തിയ കേസിൽ തേവള്ളി കോട്ടയ്ക്കകം വാർഡിൽ ജോസഫ് എന്നയാളെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. അനധികൃത മദ്യവിൽപ്പന തടയുന്നതിനുള്ള പരിശോധനകൾ തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
