അയല്‍വാസിയുടെ മകനെ കൊലപ്പെടുത്തിയ  സിആര്‍പിഎഫുകാരന്‍ അറസ്റ്റില്‍

അയല്‍വാസിയുടെ എട്ട് വയസുകാരനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഗുജറാത്തിലെ അങ്ക്‌ലേശ്വറിലാണ് സംഭവം നടന്നത്.

author-image
Punnya
New Update
crpf jawan arrest

crpf jawan arrest

സൂറത്ത്: അയല്‍വാസിയുടെ എട്ട് വയസുകാരനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഗുജറാത്തിലെ അങ്ക്‌ലേശ്വറിലാണ് സംഭവം നടന്നത്. മോചന ദ്രവ്യം ലക്ഷ്യമിട്ട് തട്ടിക്കൊണ്ട് വന്ന എട്ടു വയസുകാരന്‍ ബഹളം വച്ചതിന് പിന്നാലെയാണ് സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ കുട്ടിയെ കൊലപ്പെടുത്തിയത്. ശൈലേന്ദ്ര രാജ്പുത് എന്ന സിആര്‍പിഎഫ് കോണ്‍സ്റ്റബിളിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 
മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ഇയാള്‍ നിയമിതനായത്. അടുത്തിടെ ഷെയര്‍ മാര്‍ക്കറ്റില്‍ 16 ലക്ഷം രൂപയോളം നഷ്ടം വന്നതോടെ ഇയാള്‍ പലരില്‍ നിന്ന് പണം കടമെടുത്തിരുന്നു. ഈ പണവും ഷെയര്‍ മാര്‍ക്കറ്റില്‍ നഷ്ടമായതോടെയാണ്  അയല്‍വാസിയുടെ മകനെ ഇയാള്‍ തട്ടിക്കൊണ്ട് പോയത്. 5 ലക്ഷം രൂപയാണ് ഇയാള്‍ മോചന ദ്രവ്യമായി ലക്ഷ്യമിട്ടിരുന്നത്. ശുഭം രാജ്പാല്‍ എന്ന എട്ട് വയസുകാരനേയാണ് ഇയാള്‍ തട്ടിക്കൊണ്ടുപോയത്. കുട്ടി ബഹളം വച്ചപ്പോള്‍ നിശബ്ദനാക്കാനുള്ള ശ്രമത്തിനിടെ കുട്ടി ബോധം കെട്ട് വീഴുകയായിരുന്നു. ഇതോടെ കുട്ടിയെ വീട്ടിനുള്ളിലെ ട്രങ്ക് പെട്ടിക്കുള്ളില്‍ അടച്ചിടുകയായിരുന്നു. കുട്ടിയെ കാണാതായതിന് പിന്നാലെ കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. ഇതിനിടെ കുട്ടി മരിച്ചെന്ന് വ്യക്തമായ ശേഷം രാജ്പുത് കുട്ടിയുടെ വീട്ടില്‍ വിളിച്ച് മോചന ദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. പൊലീസ് അന്വേഷണം വഴി തെറ്റിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഫോണ്‍വിളി. പൊലീസ് കുട്ടിയ്ക്കായുള്ള തിരച്ചില്‍ ശക്തമാക്കുന്നതിനിടെ മൃതദേഹം മറവ് ചെയ്യാനുള്ള സാഹചര്യം കണ്ടെത്തുകയും കുട്ടിയുടെ മൃതദേഹം വീടിന് പിന്നിലെ പാടത്ത് ഉപേക്ഷിക്കാനുമായിരുന്നു പ്രതിയുടെ ശ്രമം. ഇതിനായി വീണ്ടും മോചനദ്രവ്യം ആവശ്യപ്പെട്ട് ഇയാള്‍  ഫോണ്‍ വിളിച്ചു. ട്രെയിനില്‍ കിടന്ന് കിട്ടിയ ഒരു ഫോണ്‍ ഉപയോഗിച്ചായിരുന്നു ഇയാള്‍ മോചന ദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ വീട്ടുകാരെ വിളിച്ചത്. എന്നാല്‍ ഇതേ ഫോണ്‍ ഉപയോഗിച്ച് ഇയാള്‍ ചില സ്ത്രീകളേയും ഫോണ്‍ വിളിച്ചിരുന്നു. ഈ സ്ത്രീകളെ പൊലീസ് കണ്ടെത്തിയതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. അപരിചിതനായ സൈനിക യൂണിഫോമിലുള്ള ആളാണ് വീഡിയോ കോള്‍ വിളിച്ചതെന്ന് ഇവര്‍ വിശദമാക്കിയതിനെ പിന്‍തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിആര്‍പിഎഫ് ഉദ്യോഗസ്ഥനായ ശൈലേന്ദ്ര രാജ്പുത് പിടിയിലായതും കുട്ടിയുടെ മൃതദേഹം ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയതും. വായില്‍ ടേപ്പ് ഒട്ടിച്ച് കൈകളും കാലുകളും കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

 

surat gujarat crpf