ഒഡിഷയില്‍ പതിനഞ്ചുകാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി അക്രമിസംഘം

സംഭവം കണ്ട പ്രദേശവാസികള്‍ ഓടിയെത്തിയാണ് പെണ്‍കുട്ടിയുടെ ദേഹത്തു പടര്‍ന്ന തീ അണയ്ക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

author-image
Biju
New Update
PETROL

പുരി: ഒഡിഷയിലെ പുരി ജില്ലയില്‍ പതിനഞ്ചുകാരിയെ മൂന്ന് അക്രമികള്‍ ചേര്‍ന്ന് തീകൊളുത്തി. ബയാബര്‍ ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടി സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ അക്രമികള്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. പിന്നാലെ അക്രമിസംഘം ഓടി രക്ഷപ്പെട്ടു. പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. പെണ്‍കുട്ടിയെ ഭുവനേശ്വറിലെ എയിംസില്‍ പ്രവേശിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

സംഭവം കണ്ട പ്രദേശവാസികള്‍ ഓടിയെത്തിയാണ് പെണ്‍കുട്ടിയുടെ ദേഹത്തു പടര്‍ന്ന തീ അണയ്ക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ ചികിത്സച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ഒഡിഷ ഉപമുഖ്യമന്ത്രി പ്രവതി പരിദ അറിയിച്ചു. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യാനും കര്‍ശന നടപടിയെടുക്കാനും ഉപമുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കി.

അതേസമയം, സംഭവത്തില്‍ സര്‍ക്കാരിനെതിരെ ആരോപണവുമായി മുന്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് രംഗത്തെത്തി. ഒഡിഷയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്നും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് നവീന്‍ പട്‌നായിക് പറഞ്ഞു.

odisha