/kalakaumudi/media/media_files/2026/01/16/malapuram-2-2026-01-16-14-48-28.jpg)
മലപ്പുറം: വാണിയമ്പലം തൊടികപുലത്ത് 16 കാരിയായ വിദ്യാര്‍ഥിനിയെ കുറ്റിക്കാട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കരുവാരകുണ്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ചത്. ഇതേ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് മാതാവ് കരുവാരകുണ്ട് പൊലീസ് സ്റ്റേഷനില്‍ ഇന്നലെ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ആണ്‍ സുഹൃത്തിനെ കസ്റ്റഡിയില്‍ എടുത്തത്. ആണ്‍സുഹൃത്ത് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇന്ന് 11 മണിയോടെയാണ് വാണിയമ്പലത്തിനും തൊടികപുലത്തിനും ഇടയില്‍ റെയില്‍വേ പുറമ്പോക്ക് സ്ഥലത്തെ കുറ്റിക്കാട്ടില്‍ നിന്നു കൊല്ലപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആണ്‍ സുഹൃത്ത് കുറ്റം സമ്മതിച്ചതായി സൂചനയുണ്ട്. ഇവര്‍ നേരത്തേ അടുപ്പത്തിലായിരുന്നതായാണ് ലഭിക്കുന്ന വിവരം.
പെണ്‍കുട്ടിയെ ശല്യപ്പെടുത്തുന്നു എന്ന് കാണിച്ച് മാതാവ് പരാതി നല്‍കിയിരുന്നതായും തുടര്‍ന്ന് ആണ്‍ സുഹൃത്തിനെ പൊലീസ് താക്കീത് ചെയ്തിരുന്നതായും പറയുന്നുണ്ട്. ഇന്നലെ വൈകിട്ട് ഇരുവരും വാണിയമ്പലത്ത് വാഹനത്തില്‍ എത്തിയതാണെന്നാണ് പൊലീസ് കരുതുന്നത്. ട്രെയിന്‍ മാര്‍ഗ്ഗം ഇറങ്ങി പുള്ളിപ്പാടത്ത് എത്തിയതാണോ എന്നും പരിശോധിക്കുന്നു. കസ്റ്റഡിയിലുള്ള ആണ്‍ സുഹൃത്തിന് പുറമേ മറ്റാര്‍ക്കെങ്കിലും സംഭവവുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
