/kalakaumudi/media/media_files/2025/07/24/death-2025-07-24-14-17-16.jpg)
പാലക്കാട്: പാലക്കാട് ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. പാലക്കാട് വടക്കഞ്ചേരി കാരപ്പറ്റ കുന്നുംപള്ളി നേഖ സുബ്രഹ്‌മണ്യനെ(25)യാണ് ആലത്തൂര്‍ തോണിപ്പാടത്തെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരം അറിയിച്ചത്. പിന്നാലെയാണ് ഭര്‍ത്താവിനെതിരെ ആരോപണവുമായി ബന്ധുക്കളും രംഗത്തെത്തിയത്.
അതേസമയം നേഖയെ മുമ്പും ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നുവെന്ന് അമ്മ പറഞ്ഞു. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മകളെ കൊന്നതാണെന്നും നേഖയുടെ അമ്മ ജയന്തി പറഞ്ഞു. ഭര്‍ത്താവിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. ആറുവര്‍ഷം മുമ്പാണ് നേഖയുടെയും പ്രദീപിന്റെയും വിവാഹം കഴിഞ്ഞത്.
രണ്ടു വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇവര്‍ക്ക് മകളുണ്ടായത്. മക്കളില്ലാത്തതുമായി ബന്ധപ്പെട്ട് നേരത്തെയും പ്രദീപ് മര്‍ദിച്ചിരുന്നുമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ആലത്തൂര്‍ പൊലീസ് കേസെടുത്തു. ഭര്‍ത്താവ് ആലത്തൂര്‍ തോണിപ്പാടം കല്ലിങ്ങല്‍ വീട്ടില്‍ പ്രദീപനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.