/kalakaumudi/media/media_files/2025/10/24/si-2025-10-24-19-04-42.jpg)
മുംബൈ: മഹാരാഷ്ട്രയിലെ സതാറയില്‍ എസ്‌ഐക്കെതിരെ കൈവെള്ളയില്‍ ആത്മഹത്യക്കുറിപ്പെഴുതി വനിതാ ഡോക്ടര്‍ ജീവനൊടുക്കി. ജില്ല ആശുപത്രിയിലെ ഡോക്ടറാണ് വ്യാഴാഴ്ച രാത്രി ആത്മഹത്യ ചെയ്തത്. എസ്‌ഐ ഗോപാല്‍ ബദ്‌നെ തന്നെ നിരന്തരം ശാരീരികവും മാനസികവുമായ അതിക്രമത്തിന് വിധേയയാക്കുകയാണെന്നും അദ്ദേഹമാണ് തന്റെ മരണത്തിനു കാരണമെന്നും കുറിപ്പില്‍ പറയുന്നു.
''പൊലീസ് ഓഫിസര്‍ ഗോപാല്‍ ബദ്‌നെയാണ് എന്റെ മരണത്തിനു കാരണം. നാലു തവണ ഇയാള്‍ എന്നെ ബലാത്സംഗം ചെയ്തു. അഞ്ചു മാസത്തിലേറെയായി എസ്‌ഐ എന്നെ ശാരീരികവും മാനസികവുമായ അതിക്രമത്തിനിരയാക്കുന്നു'' ഇടതു കൈവെള്ളയില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
ഫല്‍താന്‍ ഉപജില്ല ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസറായി പ്രവര്‍ത്തിക്കുകയായിരുന്നു ഡോക്ടര്‍. ജൂണ്‍ 19ന് ഇതേ പൊലീസ് ഓഫിസര്‍ക്കെതിരെയുള്ള പരാതി ഡോക്ടര്‍ ഡിഎസ്പിക്ക് നല്‍കിയിരുന്നു. രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ ഉപദ്രവിക്കുന്നെന്നും ഇവര്‍ക്കെതിരെ നിയമനടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി.
ഡോക്ടറുടെ ആത്മഹത്യയ്ക്കു പിന്നാലെ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. സംഭവം രാഷ്ട്രീയ വിവാദമായതോടെ ഭരണപക്ഷത്തിനെതിരെ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. സംരക്ഷിക്കേണ്ട ആളുകള്‍ തന്നെ വേട്ടക്കാരാവുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഡോക്ടറുടെ മരണത്തില്‍ വിശദമായ അന്വേഷണം നടക്കുമെന്ന് ബിജെപി പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ - 1056, 0471- 2552056)
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
