പിറന്നാള്‍ ആഘോഷത്തിനിടെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്

അബ്ദുല്ലപൂര്‍മെട്ടിലുള്ള ശ്രീനുവിന്റെ അനന്തരവളായ രാജേശ്വരിയുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. രാജേശ്വരിയുടെ മകളുടെ പിറന്നാള്‍ ആഘോഷമായിരുന്നു വീട്ടില്‍ വച്ച് നടന്നത്

author-image
Biju
New Update
knife

ഹൈദരാബാദ്: പിറന്നാള്‍ ആഘോഷത്തിനിടെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്. അകന്ന് കഴിയുകയായിരുന്ന ഭാര്യ സമ്മക്ക (35), ഒരു ബന്ധുവിന്റെ പിറന്നാള്‍ ആഘോഷത്തിനെത്തിയപ്പോഴാണ് ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് ശ്രീനുവിനെ (50) പൊലീസ് പിടികൂടി. 

അബ്ദുല്ലപൂര്‍മെട്ടിലുള്ള ശ്രീനുവിന്റെ അനന്തരവളായ രാജേശ്വരിയുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. രാജേശ്വരിയുടെ മകളുടെ പിറന്നാള്‍ ആഘോഷമായിരുന്നു വീട്ടില്‍ വച്ച് നടന്നത്. ഇതിനിടെയായിരുന്നു കൊലപാതകം. വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ കാരണം ശ്രീനുവും സമ്മക്കയും അകന്നാണ് കഴിഞ്ഞിരുന്നത്. ദാമ്പത്യപ്രശ്‌നങ്ങളുണ്ടായതിനു പിന്നാലെ സമ്മക്ക അബ്ദുല്ലപൂര്‍മെട്ടില്‍നിന്ന് സൂര്യപട്ടിലേക്ക് താമസം മാറിയിരുന്നു. എന്നാല്‍ പിറന്നാള്‍ ആഘോഷത്തിന് സമ്മക്കയെയും ക്ഷണിച്ചിരുന്നു.

ഏതാണ്ട് 7.15ഓടെയാണ് ശ്രീനു പിറന്നാള്‍ ആഘോഷത്തിനെത്തിയത്.  കേക്ക് മുറിക്കുന്നതിനുള്ള തയാറെടുപ്പിലായിരുന്നു എല്ലാവരും. ചടങ്ങിന്റെ വിഡിയോ ചിത്രീകരിക്കുകയായിരുന്നു സമ്മക്ക. ഈ സമയത്ത് ശ്രീനു സമ്മക്കയുടെ കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. സമ്മക്കയുടെ കഴുത്തിന് മൂന്നുതവണ കുത്തേറ്റിട്ടുണ്ട്. വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകമെന്നാണ് സൂചന. 

സമ്മക്കയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം നേരത്തെ തന്നെ ശ്രീനുവിനുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ പല പ്രശ്‌നങ്ങളുമുണ്ടായിരുന്നു. ശ്രീനുവിന്റെ രണ്ടാമത്തെ ഭാര്യയാണ് സമ്മക്ക. സംഭവത്തില്‍ അബ്ദുല്ലപൂര്‍മെട്ട് പൊലീസ് കേസെടുത്തു. 

കൊലപാതകത്തിനു പിന്നാലെ കൂടിനിന്നവര്‍ക്കു നേരെ കത്തിവീശി ശ്രീനു സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. ഹയാത്ത്‌നഗറില്‍ വച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്.  കൊലപാതകത്തിന്റെ ദൃശ്യങ്ങളടങ്ങിയ സമ്മക്കയുടെ മൊബൈല്‍ പൊലീസ് കണ്ടെടുത്തു.

murder