അമ്മയുടെ മുന്നില്‍ 5 വയസ്സുകാരന്റെ തല അറുത്ത് മാറ്റി; പ്രതിയെ പ്രദേശവാസികള്‍ മര്‍ദിച്ച് കൊന്നു

ബൈക്കില്‍ എത്തിയ മഹേഷ് യാതൊരു മുന്‍പരിചയവുമില്ലാത്ത വീട്ടിനുള്ളിലേക്ക് കയറുകയായിരുന്നു. വീട്ടിലുള്ളവരാരും മഹേഷിനെ ഒരിക്കല്‍ പോലും കണ്ടിട്ടില്ല. വീട്ടില്‍ കിടന്നിരുന്ന മൂര്‍ച്ഛയുള്ള വസ്തു കൊണ്ട് മഹേഷ് കുട്ടിയെ ആക്രമിച്ചു.

author-image
Biju
New Update
madhya

ഭോപാല്‍: മധ്യപ്രദേശില്‍ മാനസിക വെല്ലുവിളി നേരിടുന്നയാള്‍ അഞ്ച് വയസ്സുകാരനെ അമ്മയുടെ മുന്നില്‍ വച്ച് തലയറുത്തു കൊലപ്പെടുത്തി. 25 വയസ്സുകാരനായ മഹേഷ് എന്ന യുവാവാണ് അഞ്ചു വയസ്സുകാരനായ വികാസിനെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവം അറിഞ്ഞെത്തിയ പ്രദേശവാസികളുടെ മര്‍ദനത്തില്‍ മഹേഷ് കൊല്ലപ്പെട്ടു. 

ബൈക്കില്‍ എത്തിയ മഹേഷ് യാതൊരു മുന്‍പരിചയവുമില്ലാത്ത വീട്ടിനുള്ളിലേക്ക് കയറുകയായിരുന്നു. വീട്ടിലുള്ളവരാരും മഹേഷിനെ ഒരിക്കല്‍ പോലും കണ്ടിട്ടില്ല. വീട്ടില്‍ കിടന്നിരുന്ന മൂര്‍ച്ഛയുള്ള വസ്തു കൊണ്ട് മഹേഷ് കുട്ടിയെ ആക്രമിച്ചു. കുട്ടിയുടെ കഴുത്ത് ഉടലില്‍ നിന്ന് മുറിച്ചുമാറ്റിയാണ് അരുംകൊല നടത്തിയത്. തുടര്‍ന്ന് മഹേഷ് വികാസിന്റെ തോളില്‍ ഉള്‍പ്പെടെ അടിച്ച് ശരീരം വികൃതമാക്കി.

വികാസിനെ രക്ഷിക്കാന്‍ ശ്രമിച്ച മാതാവിനും ആക്രമണത്തിനിടയില്‍ പരുക്കേറ്റു. മാതാവിന്റെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു. പൊലീസ് എത്തും മുന്നേ ഗ്രാമവാസികള്‍ വികാസിനെ മര്‍ദിച്ചു. ജനക്കൂട്ടത്തിന്റെ മര്‍ദനത്തെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള വഴിയില്‍ പ്രതി മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. 

കുറ്റകൃത്യം അങ്ങേയറ്റം ഹൃദയഭേദകം ആണെന്ന് ധാര്‍ പൊലീസ് സൂപ്രണ്ട് മായങ്ക് അവസ്തി പറഞ്ഞു. മഹേഷ് മാനസികമായി അസ്ഥിരനായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസ്സിലാക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാമെന്നും മായങ്ക് അവസ്തി പറഞ്ഞു. 

അലിരാജ്പുര്‍ ജില്ലയിലെ ജോബത് ബാഗ്ഡി സ്വദേശിയാണ് മഹേഷ് എന്ന് അന്വേഷണത്തില്‍ വ്യക്തമായി. കഴിഞ്ഞ മൂന്നുനാലു ദിവസങ്ങളായി അദ്ദേഹം മാനസികമായി അസ്വസ്ഥനാണെന്നും വീട്ടില്‍ നിന്ന് കാണാതായതായും കുടുംബം പൊലീസിനോട് പറഞ്ഞു. ദാരുണമായ കൊലപാതകത്തിന് ഒരു മണിക്കൂര്‍ മുന്‍പ്, അടുത്തുള്ള കടയില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കാന്‍ മഹേഷ് ശ്രമിച്ചിരുന്നു.