അച്ചടക്ക ലംഘനത്തിന് നോട്ടിസ്; പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥികള്‍ കുത്തിക്കൊന്നു

15 വയസ്സുള്ള രണ്ടു വിദ്യാര്‍ഥികളാണ് ജഗ്ബീറിനെ ആക്രമിച്ചത്. അഞ്ചിടത്ത് കുത്തേറ്റ ജഗ്ബീറിനെ ഹിസാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്നും മടക്കാനാകുന്ന കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

author-image
Biju
New Update
school

ഹരിയാന: ഹരിയാനയിലെ ഹിസാറില്‍ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥികള്‍ കുത്തിക്കൊന്നു. ഹിസാര്‍ കര്‍താര്‍ മെമ്മോറിയല്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജഗ്ബീര്‍ സിങ് പന്നുവാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. സ്‌കൂളിന്റെ നിയമാവലികളും അച്ചടക്കവും പാലിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് ഹന്‍സി പൊലീസ് സൂപ്രണ്ട് അമിത് യഷ് വര്‍ധനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. 

'സ്‌കൂളില്‍ ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്യണമെന്നും മുടിവെട്ടണമെന്നും ആവശ്യപ്പെടുകയും അച്ചടക്കലംഘനത്തിന് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികള്‍ക്ക് നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു. വ്യക്തിപരമായ വൈരാഗ്യം ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്നോയെന്ന് അന്വേഷണത്തിലൂടെയേ വ്യക്തമാകൂ'യഷ്വര്‍ധന്‍ പറഞ്ഞു.

15 വയസ്സുള്ള രണ്ടു വിദ്യാര്‍ഥികളാണ് ജഗ്ബീറിനെ ആക്രമിച്ചത്. അഞ്ചിടത്ത് കുത്തേറ്റ ജഗ്ബീറിനെ ഹിസാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്നും മടക്കാനാകുന്ന കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളായ വിദ്യാര്‍ഥികള്‍ സമൂഹമാധ്യമത്തില്‍ ഭീഷണി സന്ദേശങ്ങളും പങ്കുവച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് വിദ്യാര്‍ഥികള്‍ ഏതെങ്കിലും ക്രിമിനല്‍ സംഘങ്ങളുടെ സ്വാധീനത്തെ തുടര്‍ന്നാകാം കൊലപാതകം നടത്തിയതെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.