/kalakaumudi/media/media_files/2025/12/09/maveli-2025-12-09-07-37-26.jpg)
മാവേലിക്കര: നഗരസഭ മുന്‍ കൗണ്‍സിലറായ കല്ലുമല ഇട്ടിയപ്പന്‍വിള മുറിമലകിഴക്കതില്‍ (വൃന്ദാവന്‍) കനകമ്മ സോമരാജന്‍ (68) മര്‍ദനമേറ്റു മരിച്ചു. സംഭവത്തില്‍ ഏകമകന്‍ കൃഷ്ണദാസിനെ (ഉണ്ണി-38) പൊലീസ് അറസ്റ്റ് ചെയ്തു.
അമ്മയും മകനും തമ്മിലുള്ള സ്വത്തു തര്‍ക്കത്തെ തുടര്‍ന്നു മകന്റെ മര്‍ദനമേറ്റാണ് കനകമ്മ കൊല്ലപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. നഗരസഭ 12-ാം വാര്‍ഡിലെ മുന്‍ കൗണ്‍സിലറായ കനകമ്മയെ ഇന്നലെ രാവിലെയാണു കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. കനകമ്മയുടെ പേരില്‍ മാവേലിക്കര കൊറ്റാര്‍കാവിലുള്ള സ്ഥലം വില്‍ക്കുന്നതു സംബന്ധിച്ചു അമ്മയും മകനും തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
കനകമ്മയുടെ വാരിയെല്ലിനും കഴുത്തിലെ അസ്ഥിക്കും ഉണ്ടായ പൊട്ടലും തലയ്ക്കുള്ളിലെ രക്തസ്രാവവും മരണത്തിനിടയാക്കി എന്നാണു പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 198795ല്‍ മാവേലിക്കര നഗരസഭയിലെ സിപിഐ അംഗമായിരുന്നു കനകമ്മ.
ഇന്നലെ രാവിലെ എട്ടരയോടെ സിപിഐ പ്രാദേശിക നേതാവ് ശ്യാംകുമാറിനെ ഫോണില്‍ വിളിച്ച കൃഷ്ണദാസ് അമ്മയെ കൊലപ്പെടുത്തിയതായി പറഞ്ഞു. ശ്യാംകുമാര്‍ പൊലീസില്‍ വിവരം അറിയിച്ചു. കനകമ്മയുടെ ഫോണ്‍ നമ്പറില്‍ പൊലീസ് വിളിച്ചപ്പോള്‍ കൃഷ്ണദാസാണ് എടുത്തത്. അമ്മയെ കൊലപ്പെടുത്തിയെന്നും കീഴടങ്ങാന്‍ എത്തുകയാണെന്നും പൊലീസിനോടു പറഞ്ഞു. സംഭവ സ്ഥലത്തേക്കു പൊലീസ് എത്തുമ്പോള്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ ചായക്കടയിലായിരുന്ന കൃഷ്ണദാസിനെ അവിടെനിന്നു കസ്റ്റഡിയിലെടുത്തു.
ബിഎസ്സി നഴ്‌സിങ് പൂര്‍ത്തിയാക്കിയ കൃഷ്ണദാസിന്റേത് പ്രണയ വിവാഹമായിരുന്നു. എന്നാല്‍ 8 വര്‍ഷത്തിനു മുന്‍പു വിവാഹമോചനം നേടി. അമ്മയുടെ പിടിവാശിയും വഴക്കും മൂലമാണു ഭാര്യ വിവാഹമോചനം നടത്തിയെന്ന് ആരോപിച്ചു വീട്ടില്‍ പലപ്പോഴും വഴക്ക് ഉണ്ടാക്കുമായിരുന്നു. മുന്‍ ഭാര്യയെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാന്‍ അമ്മ എതിരുനിന്നതും വസ്തു വിറ്റു പണം നല്‍കാത്തതും കൊലപാതകത്തിനു കാരണമായതായി പൊലീസ് സംശയിക്കുന്നു. ഇലക്ട്രിഷ്യനായി ജോലി ചെയ്തിരുന്ന കൃഷ്ണദാസ് സ്ഥിരമായി മദ്യപിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ബിനു കുമാര്‍, മാവേലിക്കര എസ്എച്ച്ഒ സി.ശ്രീജിത് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ധരും ശാസ്ത്രീയ പരിശോധനാ സംഘവും സ്ഥലത്തു പരിശോധന നടത്തി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
