റാഞ്ചി: ജാർഖണ്ഡിലെ ഈസ്റ്റ് സിംഗ്ഭും ജില്ലയിൽ ആടിനെ മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് യുവാക്കള ജനക്കൂട്ടം തല്ലിക്കൊന്നു.
ചകുലിയ പൊലീസ് സ്റ്റേഷന് കീഴിലുള്ള സോണാഹതു പഞ്ചായത്തിലെ ജോഡിസ ഗ്രാമത്തിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം.
കിൻശുക് ബെഹ്‌റ (35), ബോലാനാഥ് മഹതോ (26) എന്നിവരാണ് കൊല്ലപ്പെട്ടത്. കിൻശുക് ബെഹ്‌റ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
ബോലാനാഥ് മഹതോ ജംഷഡ്‌പൂരിലെ മഹാത്മാ ഗാന്ധി മെഡിക്കൽ കോളേജിൽ ചികിത്സക്കിടെയാണ് മരിച്ചതെന്നും പൊലീസ് അറിയിച്ചു. ഇരുവരും ആടുമായി ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നത് നാട്ടുകാർ കണ്ടതോടെയാണ് പിടിക്കപ്പെട്ടത്. രണ്ട് യുവാക്കളെയും ഗ്രാമവാസികൾ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. ബെഹ്റയും മഹതോയും ചകുലിയ ബ്ലോക്കിലെ കുച്ചിയസോളി ഗ്രാമത്തിലാണ് താമസിച്ചിരുന്നത്.
കേസുമായി ബന്ധപ്പെട്ട് ഏതാനും ഗ്രാമീണരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഈസ്റ്റ് സിംഗ്ഭൂം പൊലീസ് സൂപ്രണ്ട് ഋഷഭ് ഗാർഗ് പറഞ്ഞു