നടി സഞ്ജന ഗൽറാണിയെ ലഹരി ഇടപാട് കേസിൽ നിന്നും ഒഴിവാക്കി

സഞ്ജനയ്‌ക്കെതിരെ ആരോപിക്കുന്ന കുറ്റങ്ങൾക്കു പ്രത്യേക എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിട്ടില്ലെന്നു കണ്ടെത്തിയ കോടതി, 2024 ജൂണിൽ നിയമനടപടികൾ മരവിപ്പിച്ചിരുന്നു. ഈ ഉത്തരവിന്റെ തുടർച്ചയായാണു നടപടി.

author-image
Rajesh T L
New Update
asfa

ബെംഗളൂരു ∙ കന്നഡ സിനിമയിലെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസിൽനിന്നു തെന്നിന്ത്യൻ നടി സഞ്ജന ഗൽറാണിയെ കർണാടക ഹൈക്കോടതി ഒഴിവാക്കി. സഞ്ജനയ്‌ക്കെതിരെ ആരോപിക്കുന്ന കുറ്റങ്ങൾക്കു പ്രത്യേക എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിട്ടില്ലെന്നു കണ്ടെത്തിയ കോടതി, 2024 ജൂണിൽ നിയമനടപടികൾ മരവിപ്പിച്ചിരുന്നു. ഈ ഉത്തരവിന്റെ തുടർച്ചയായാണു നടപടി.

2020 ഏപ്രിലിനും സെപ്റ്റംബറിനും ഇടയ്ക്ക് സഞ്ജന ലഹരി ഇടപാടു നടത്തിയെന്ന് ആരോപിച്ച് കോട്ടൺപേട്ട് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ 2015, 2018, 2019 വർഷങ്ങളിൽ ഇവർ ചെയ്തെന്ന് ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ കൂടി ഉൾപ്പെടുത്തിയിരുന്നു. ഇവയ്ക്കായി പൊലീസ് പ്രത്യേക എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിട്ടില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണു നടപടി. 2020 സെപ്റ്റംബർ 8ന് ബെംഗളൂരു പൊലീസിനു കീഴിലുള്ള സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പൊലീസ് അറസ്റ്റ് ചെയ്ത സഞ്ജനയ്ക്കു മൂന്നു മാസത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്.

ഈ കേസിൽ സഞ്ജനയെ കൂടാതെ കന്നഡ നടി രാഗിണി ദ്വിവേദിയും മലയാളി നടൻ നിയാസ് മുഹമ്മദും നൈജീരിയൻ സ്വദേശികളും ഉൾപ്പെടെ 15 പേരാണ് അറസ്റ്റിലായത്. രാഗിണി ദ്വിവേദിയെയും കഴിഞ്ഞ മാസം ഹൈക്കോടതി കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു. ശ്രീലങ്കയിലെ ചൂതാട്ടകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ ബന്ധങ്ങളിലേക്കും ഗോവയിലെ ചൂതാട്ട കേന്ദ്രങ്ങളിലേക്കും കേസ് അന്വേഷണം നീണ്ടിരുന്നു.

actress BANGALURU Drug Case